|    Oct 17 Wed, 2018 8:55 am
FLASH NEWS

നിര്‍ദേശങ്ങള്‍ അട്ടിമറിക്കപ്പെട്ടു ; പ്രവര്‍ത്തനം നിലച്ച ക്വാറികള്‍ ഭീഷണിയായി

Published : 13th September 2017 | Posted By: fsq

 

കല്‍പ്പറ്റ: പ്രവര്‍ത്തനം നിലച്ച ക്വാറികള്‍ അപകടഭീഷണിയുയര്‍ത്തുന്ന തരത്തില്‍ അലസമായി ഉപേക്ഷിക്കുന്നതു തുടരുന്നു. ഇത്തരം നടപടികള്‍ക്കെതിരേ നേരത്തെ ജില്ലാ ഭരണകൂടം രംഗത്തുവന്നിരുന്നുവെങ്കിലും നിയമങ്ങളും നിര്‍ദേശങ്ങളും കടലാസിലൊതുങ്ങിയതോടെ ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്ന തരത്തില്‍ ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ നിരവധിയാണ്. കോടതിയുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ഇടപെടലിനെ തുടര്‍ന്ന് ജില്ലയിലെ ബഹുഭൂരിഭാഗം ക്വാറികളും നിലവില്‍ അടഞ്ഞുകിടക്കുകയാണ്. പ്രവര്‍ത്തനം നിലച്ചതോടെ ക്വാറികളിലേക്ക് ഉടമകളോ തൊഴിലാളികളോ തിരിഞ്ഞുനോക്കുന്നില്ല. നൂറും നൂറ്റമ്പതും അടി താഴ്ചയിലുള്ള ക്വാറികള്‍ ജനജീവിതത്തിന് കടുത്ത ഭീഷണിയാണെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. മുമ്പ് ക്വാറികളിലെ വെള്ളക്കെട്ടില്‍പെട്ട് കുട്ടികളടക്കം മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. മഴക്കാലത്ത് വെള്ളം നിറഞ്ഞാല്‍ ഇത്തരം വെള്ളക്കെട്ടുകളില്‍ ആരെങ്കിലും അകപ്പെട്ടാല്‍ പുറംലോകത്ത് അറിയാന്‍ പോലും പറ്റില്ല. ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ പലതിലും പുറത്തുനിന്നടക്കം മാലിന്യങ്ങള്‍ തള്ളുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അപകടഭീഷണിയുള്ള ക്വാറികള്‍ക്ക് യാതൊരു സുരക്ഷയും ഉടമകള്‍ ഒരുക്കിയിട്ടില്ല. ഇത് തങ്ങളുടെ ആവശ്യമല്ലെന്ന നിലപാടാണ് ക്വാറി ഉടമകള്‍ സ്വീകരിക്കുന്നത്. ജില്ലയില്‍ 150 ലധികം കരിങ്കല്‍ക്വാറികള്‍ മുമ്പ് ഉണ്ടായിരുന്നു. കുറച്ച് കാലങ്ങള്‍വരെ 70 ഓളം വന്‍കിട ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ക്വാറി പ്രവര്‍ത്തനം വ്യാപകമായതോടെയാണ് ഇതില്‍ ബഹുഭൂരിഭാഗത്തിനും പൂട്ടുവീണത്. അതേസമയം, നിയമങ്ങളിലൂടെയും നിയന്ത്രണത്തിലൂടെയും പ്രവര്‍ത്തിച്ച ചെറുകിട ക്വാറികള്‍ പോലും കോടതി ഇടപെടലോടെ അടയ്‌ക്കേണ്ടിവന്നതായി ചെറുകിട ക്വാറി ഉടമകളും തൊഴിലാളികളും ആരോപിക്കുന്നു. നിലവില്‍ അഞ്ചു ക്വാറികള്‍ മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് അടച്ചുപൂട്ടിയ ക്വാറികളുടെ കാര്യത്തിലെ അനിശ്ചിതത്വം പ്രതിസന്ധിയുണ്ടാക്കുന്നത്. ചെറുകിട ക്വാറികളെ പാരിസ്ഥിക നിയമത്തില്‍നിന്നും ഒഴിവാക്കി ക്വാറികള്‍ തുറന്ന് കൊടുക്കാന്‍ നടപടി ഉണ്ടാവണമെന്ന ആവശ്യവുമായി ക്വാറി ഉടമകള്‍ പ്രക്ഷോഭപാതയിലാണ്. ക്വാറി അടച്ചുപൂട്ടിയതോടെ നിര്‍മാണ മേഖല സ്തംഭിച്ചതിനാല്‍ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഐഎവൈ ആദിവാസി ഭവന നിര്‍മാണത്തിനടക്കം ക്വാറി അടച്ചത് പ്രതിസന്ധി ഉണ്ടാക്കി. ക്വാറികള്‍ പൂട്ടിയതോടെ മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനത്തുനിന്നും വന്‍ വിലകൊടുത്ത് കല്ലും മറ്റ് സാധനങ്ങളും വാങ്ങേണ്ടിവരികയാണ്. ക്വാറികള്‍ തുറക്കുന്നതിന് ജില്ലാ ക്വാറി അസോസിയേഷനും നിയമ പോരാട്ടത്തിലാണ്. ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ പരിശോധന നടത്തി അപകട ഭീഷണി ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന ആവശ്യവും ശക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss