|    Jul 22 Sat, 2017 12:42 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

നിര്‍ദേശം മുമ്പേ വേണം: ബാലാവകാശ കമ്മീഷന്‍

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാരോ വിദ്യാഭ്യാസവകുപ്പ് അധികൃതരോ നല്‍കുന്ന ഉത്തരവുകളും നിര്‍ദേശങ്ങളും അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു 15 ദിവസം മുമ്പെങ്കിലും പുറപ്പെടുവിക്കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. അധ്യയനവര്‍ഷത്തിനുശേഷം ഉത്തരവുകളും നിര്‍ദേശങ്ങളും പുറപ്പെടുവിക്കുന്ന സാഹചര്യത്തില്‍ അവ കുട്ടികളുടെ അവകാശത്തെയോ സ്വാഭാവിക നീതിയെയോ ബാധിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ അംഗം കെ നസീര്‍ ഉത്തരവില്‍ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടു പ്ലസ്ടു വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. സ്‌കൂളിലെ ഗൈഡ്‌സില്‍ പ്രവര്‍ത്തിച്ച പരാതിക്കാര്‍ക്ക് മറ്റു കുട്ടികള്‍ക്കു ലഭിച്ചതുപോലെ ഗ്രേസ് മാര്‍ക്ക് ലഭിച്ചില്ലെന്നായിരുന്നു പരാതി.
യൂനിറ്റ് പ്രവര്‍ത്തനങ്ങളില്‍ ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും 80 ശതമാനം ഹാജരോടെ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുമാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റിപോര്‍ട്ട് ചെയ്തത്.
എന്നാല്‍ പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഈ ഉത്തരവ് പുറപ്പെടുവിച്ചത് അക്കാദമിക് വര്‍ഷം അവസാനിക്കാറായ 2016 ജനുവരിയിലാണെന്ന് കമ്മീഷന്‍ കണ്ടെത്തി. കുട്ടികള്‍ക്കായി നിബന്ധനകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ അവ നിശ്ചയിച്ചെങ്കില്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്കു മനസ്സിലാക്കാന്‍ കഴിയൂവെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. വൈകി പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധന ഹര്‍ജിക്കാര്‍ക്ക് ബാധകമാക്കുന്നത് ബാലാവകാശലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.
പരാതിക്കാര്‍ക്ക് അര്‍ഹമായ ഗ്രേസ് മാര്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി രണ്ടുമാസത്തിനകം അറിയിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക