|    Oct 22 Mon, 2018 12:59 am
FLASH NEWS

നിര്‍ദേശം നല്‍കാന്‍ കലക്ടര്‍ക്ക് എന്തവകാശം: ജി സുധാകരന്‍

Published : 23rd September 2017 | Posted By: fsq

 

പള്ളുരുത്തി:  പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വെട്ടി പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് എന്ത് അവകാശമാണുള്ളതെന്ന് പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍. മന്ത്രിയായ താന്‍ അറിയാതെ തന്റെ വകുപ്പില്‍ നിര്‍ദ്ദേശം നല്‍കാന്‍ കളക്ടര്‍ ആരാണ് . ഇടക്കൊച്ചി ഐലന്റ് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തോപ്പുംപടിയില്‍ കുടിവെള്ള പൈപ്പ് ഇടുന്നതിന്റെ പേരില്‍ കലക്ടര്‍ പൊതുമരാമത്ത് റോഡ് പൊളിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചട്ടമനുസരിച്ച് റോഡ് പൊളിക്കുമ്പോള്‍ അത് പുനര്‍ നിര്‍മിക്കുവാനുള്ള തുക പൊതുമരാമത്തിന് നല്‍കണം. 93 ലക്ഷം രൂപ ഇനത്തില്‍ നല്‍കാനുണ്ടെങ്കിലും മുപ്പത് ലക്ഷം രൂപ മാത്രമാണ് വാട്ടര്‍ അതോറിറ്റി നല്‍കിയത്. വെട്ടിപൊളിക്കാന്‍ നിര്‍ദേശം നല്‍കിയ കലക്ടറൂം പണം വാങ്ങി കൊടുക്കുന്ന കാര്യത്തില്‍ തലയൂരിയിരിക്കയാണെന്നും മന്ത്രി പറഞ്ഞു. ഈ മാസം 30 നകം തോപ്പുംപടി റോഡ് പുനര്‍നിര്‍മ്മിക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. .സെപ്റ്റംബര്‍ 31നു ശേഷം നഗരത്തില്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഒന്നും ഉണ്ടാവില്ലെന്നും ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി ആറുകോടി രൂപ നല്‍കിയിട്ടുണ്ട്. ഇനിയും ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കാന്‍ തയ്യാറാണ്. ജില്ലയിലെ അറ്റകുറ്റപ്പണികള്‍ക്കായി 16 മാസത്തിനുള്ളില്‍ 52 കോടി രൂപ നല്‍കിയിട്ടുണ്ട്. നഗരത്തില്‍ ഫിഫ അണ്ടര്‍17 ലോകകപ്പുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റപ്പണി ഉടനെ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ റോഡുകള്‍ക്ക് വിഐപി പരിഗണന നല്‍കി  അറ്റകുറ്റപ്പണി ഉടന്‍ തീര്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനാല്‍  20 ദിവസത്തെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്കു പകരം മൂന്ന് ദിവസത്തെ ക്വട്ടേഷന്‍ മതിയാകും. അറ്റകുറ്റപ്പണികള്‍ക്ക് പണം ഒരു പ്രശ്‌നമാവില്ലെന്നും മന്ത്രി പറഞ്ഞു ഫിഫ അണ്ടര്‍17 ലോകകപ്പിനോടനുബന്ധിച്ച് മഹാരാജാസില്‍ ഗ്യാലറിയുടെ നിര്‍മാണം പൊതുമരാമത്ത് വകുപ്പ് ഏകദേശം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ വകുപ്പിന്റെ കെട്ടിടനിര്‍മാണ വിഭാഗം കാണിച്ച ശുഷ്‌കാന്തി അഭിനന്ദനമര്‍ഹിക്കുന്നു. ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.എം സ്വരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പാലത്തിനോട് അനുബന്ധിച്ച് അപ്രോച്ച് റോഡിന്റെ വികസനം കഴിയുന്നതും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കലുങ്ക് പുനര്‍നിര്‍മ്മിക്കുന്നതിന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും തുക നീക്കിവെച്ചിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞു. മേയര്‍ സൗമിനി ജയിന്‍, പ്രഫ കെ വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ ജെ മാക്‌സി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.തൃപ്പൂണിത്തുറ, എറണാകുളം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കുമ്പളം കായലിനു കുറുകെ കൊച്ചി കോര്‍പ്പറേഷനില്‍ ആണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളിലെ ജനങ്ങള്‍ക്ക് പള്ളുരുത്തി, തോപ്പുംപടി ഭാഗങ്ങളിലേക്ക് കടക്കാതെ എട്ട് കിലോമീറ്റര്‍ ലാഭിച്ച് നഗരത്തിലെത്താന്‍ പാലം വഴിയൊരുക്കും. ഇടക്കൊച്ചി  ഐലന്റ് കരകളെ ബന്ധിപ്പിച്ചു കൊണ്ട് 659 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം ഉദ്ഘാടനം ചെയ്‌തെങ്കിലും  ഇരുഭാഗത്തേയും അപ്രോച്ച് റോഡുകള്‍ ടാര്‍ ചെയ്തിട്ടില്ല. പാലത്തിനു സമീപത്തെ ഇടക്കൊച്ചി ഭാഗത്തെ കലുങ്ക് ജീര്‍ണ്ണത പേറി നില്‍ക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ കയറ്റാനുമാകില്ല. ഇവ രണ്ടു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss