|    May 25 Thu, 2017 1:13 am
FLASH NEWS

നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം കാംപയിന്‍; സമാപനം ഡല്‍ഹിയില്‍ നാളെ ജനകീയ സമ്മേളനം

Published : 2nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് ശത്രൂത പരത്താനുള്ള ശ്രമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഒരു മാസമായി സംഘടിപ്പിച്ചു വരുന്ന നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം കാംപയിന്‍ സമാപനം നാളെ ഡല്‍ഹിയില്‍ നടക്കും. ഇതിന്റെ ഭാഗമായി തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ ദേശീയ ജനകീയ സമ്മേളനം സംഘടിപ്പിക്കുമെന്ന് പോപുലര്‍ഫ്രണ്ട് നാഷനല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് സേട്ട്, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ കെ എം ശരീഫ് അധ്യക്ഷനായിരിക്കും. മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, മുംബൈ ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍, ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ പ്രസിഡന്റ് മൗലാനാ തൗഖീര്‍ റാസാഖാന്‍, ബിഎഎംഎസ്ഇഎഫ് ദേശീയ പ്രസിഡന്റ് വമന്‍ മിശ്രം, അജ്മീര്‍ ദര്‍ഗ ഗാദി നഷീന്‍ സയ്യിദ് സര്‍വര്‍ ചിഷ്തി, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ കമാല്‍ ഫാറൂഖി, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മൗലാനാ അബ്ദുല്‍ വഹാബ് ഖില്‍ജി, ഫതഹ്പുരി മസ്ജിദ് ഇമാം മുഫ്തി മുഖര്‍റം അഹമ്മദ്, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുഷാവറ പ്രസിഡന്റ് നവൈദ് ഹാമിദ്, ലോക് രാജ് സംഘടന്‍ പ്രസിഡന്റ് രാഘവന്‍ ശ്രീനിവാസന്‍, എസ്എഎച്ച്ആര്‍ഡിസി ഡയറക്ടര്‍ രവി നായര്‍, മില്ലി ഗസറ്റ് എഡിറ്റര്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍, ചൗത്തി ദുനിയ എഡിറ്റര്‍ സന്തോഷ് ഭാരതീയ, അമാനുല്ലാ ഖാന്‍ എംഎല്‍എ, പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ജിന്ന, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രസിഡന്റ് പി അബ്ദുല്‍നാസര്‍ തുടങ്ങിയവര്‍ സംസാരിക്കും. സപ്തംബര്‍ 1 മുതല്‍ 30 വരെ സംഘടിപ്പിച്ച കാംപയിന്റെ ഭാഗമായി രാജ്യമെമ്പാടും 5000ത്തില്‍ അധികം പൊതുപരിപാടികള്‍ നടന്നതായി പോപുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന ഹിന്ദുത്വ ശക്തികള്‍ക്കെതിരേ ജനാധിപത്യവും മതേതരത്വവും മുന്‍നിര്‍ത്തി ജനങ്ങളെ സംഘടിപ്പിക്കേണ്ട സമയമാണിതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ സഹിഷ്ണുത, സഹവര്‍ത്തിത്വം തുടങ്ങിയവ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.  ഈ സാഹചര്യത്തിലാണ് ഐക്യം, സമാധാനപരമായ സഹവര്‍ത്തിത്വം തുടങ്ങിയവ മുന്‍നിര്‍ത്തി പോപുലര്‍ഫ്രണ്ട് കാംപയിന്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഭാരവാഹികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day