|    Sep 19 Wed, 2018 5:28 am
FLASH NEWS
Home   >  Kerala   >  

നിര്‍ത്തലാക്കിയ എട്ട് ട്രെയിനുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം

Published : 21st December 2017 | Posted By: mi.ptk

കൊല്ലം: തിരുവനന്തപുരം -എറണാകുളം സെക്ടറില്‍ എട്ട് പാസഞ്ചര്‍, മെമു ട്രെയിനുകള്‍ നിര്‍ത്തലാക്കുവാനുള്ള ദക്ഷിണ റെയില്‍വേയുടെ തീരുമാനം പിന്‍വലിച്ചു കൊണ്ട് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉത്തരവ് നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.തിരുവനന്തപുരം  എറണാകുളം സെക്ടറിലെ പാസഞ്ചര്‍, മെമു ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമാണ് ദക്ഷിണ റെയില്‍വേ എടുത്തിരുന്നത്. രണ്ട് മാസത്തേക്ക് താല്‍ക്കാലികമായിട്ടാണ് ഈ ട്രെയിനുകളുടെ ഓട്ടം നിര്‍ത്തിവച്ചത്. നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

ട്രെയിന്‍ നമ്പര്‍ 63300 കൊല്ലം എറണാകുളം മെമു, 66301 എറണാകുളം കൊല്ലം മെമു, ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം കായംകുളം പാസ്സഞ്ചര്‍, 56388 കായംകുളം  എറണാകുളം പാസ്സഞ്ചര്‍, 66307 എറണാകുളം  കൊല്ലം മെമു, 66308 കൊല്ലം  എറണാകുളം മെമു, 56381 എറണാകുളം ആലപ്പുഴ വഴി കായംകുളം പാസ്സഞ്ചര്‍, 56382 കായംകുളം അലപ്പുഴ വഴി എറണാകുളം പാസ്സഞ്ചര്‍ എന്നീ ട്രെയിനുകളാണ് നാളെ മുതല്‍ പുനരാരംഭിക്കുവാന്‍ റെയില്‍വേ മന്ത്രി സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.


എട്ട് ട്രെയിനുകള്‍ യാതൊരു കാരണവുമില്ലാതെ യാത്രക്കാരെ പെരുവഴിയിലാക്കുന്ന തരത്തില്‍ അന്യായമായി നിര്‍ത്തലാത്തിയ സതേണ്‍ റെയില്‍വേയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. ഇതിനെ തുടര്‍ന്നാണ് റെയില്‍വേ മന്ത്രി പിയൂഷ്‌ഗോയല്‍ കൊടിക്കുന്നില്‍ സുരേഷുമായി ചര്‍ച്ച നടത്തിയത്.

റെയില്‍വേ ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ അഡൈ്വസര്‍ ഗുഹ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (കോച്ച്‌സ്) രാജീവ് സഗ്‌സേന എന്നിവരെ വിളിച്ചു വരുത്തി മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥര്‍ റെയില്‍വേയിലെ ചീഫ് ഓപ്പറേറ്റീവ് മാനേജര്‍ അനന്തരാമനുമായി ഫോണില്‍ ബന്ധപ്പെട്ടു. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍ത്തലാക്കിയ എട്ട് ട്രെയിനുകളും നാളെ മുതല്‍ തന്നെ പുനരാരംഭിക്കണമെന്ന മന്ത്രയുടെ തീരുമാനം ഫോണിലൂടെ അറിയിച്ചു.

ക്രിസ്മസ്, ന്യൂഇയര്‍ അവധിക്കാലമായതോടെ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ബംഗലുരുവില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കുവാന്‍ മന്ത്രി സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss