|    Feb 19 Mon, 2018 9:36 pm
FLASH NEWS
Home   >  Sports  >  Cricket  >  

നിര്‍ണായക മല്‍സരത്തില്‍ ധവാന്‍ മിന്നി; മുംബൈയ്‌ക്കെതിരേ ഹൈദരാബാദിന് തകര്‍പ്പന്‍ ജയം

Published : 8th May 2017 | Posted By: ev sports


ഹൈദരാബാദ്: പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കാന്‍ ജയം നിര്‍ണായകമായ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണറും സംഘവും വിജയം പിടിച്ചടക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 140 റണ്‍സ് നേടി ഹൈദരാബാദ് വിജയം സ്വന്തമാക്കുകയിരുന്നു. അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന ശിഖാര്‍ ധവാന്റെ(62) ബാറ്റിങ് പ്രകടനമാണ് ഹൈദരാബാദിന് അനിവാര്യ ജയം സമ്മാനിച്ചത്.
ബാറ്റിങ് കരുത്തിനെ വിശ്വസിച്ച് ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തെ തെറ്റിക്കുന്ന ബൗളിങ് പ്രകടനമാണ് ഹൈദരാബാദ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ഭുവനേശ്വര്‍ കുമാറിന്റെയും കൗലിന്റേയും പന്തുകളില്‍ തീപാറിയപ്പോള്‍ രണ്ടാം ഓവറില്‍ തന്നെ ലിന്‍ഡന്‍ സിമ്മണ്‍സ്(1) മടങ്ങി.  നിധീഷ് റാണയും(9) പാര്‍ഥിവ് പട്ടേലും(23) നേരിയ ചെറുത്ത്‌നില്‍പ്പിന് ശ്രമിച്ചെങ്കിലും സിദ്ധാര്‍ത്ഥ് കൗല്‍ റാണയെ മടക്കി കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ തന്നെ പട്ടേലും മടങ്ങിയതോടെ മുംബൈ ഇന്നിങ്‌സ് സമ്മര്‍ദത്തിലായി. ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ ഒരറ്റത്ത് തല്ലി തകര്‍ത്തു. ഹര്‍ദിക്(15), കീറോണ്‍ പൊള്ളാര്‍ഡ്(5), കരണ്‍ ശര്‍മ(5) എന്നിവരും തിളങ്ങാതെ പോയെങ്കിലും 45 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും സഹിതം 67 റണ്‍സെടുത്ത രോഹിത് മുംബൈയെ 138 എന്ന സ്‌കോറിലേക്കെത്തിക്കുകയായിരുന്നു.
മറുപടി ബാറ്റിങില്‍ ഹൈദരാബാദിന് തുടക്കത്തിലേ തന്നെ ഡേവിഡ് വാര്‍ണറെ(6) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന ധവാനും മോയിസസ് ഹെന്റിക്വസും(44) ചേര്‍ന്ന് ടീമിനെ മികച്ച നിലയിലേക്കെത്തിച്ചു. ഇരുവരും 91 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഒമ്പത് റണ്‍സുമായി യുവരാജ് സിങ് പുറത്തായെങ്കിലും വിജയ് ശങ്കറെ(15) കൂട്ടുപിടിച്ച് കൂടുതല്‍ അപകടം വരാതെ ധവാന്‍ ഹൈദരാബാദിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ജയത്തോടെ 13 മല്‍സരങ്ങളില്‍ നിന്ന് 15 പോയിന്റുകളുമായി ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss