|    Nov 13 Tue, 2018 10:06 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നിര്‍ണായകമായ ദുബയ് കൂടിക്കാഴ്ച

Published : 8th September 2018 | Posted By: kasim kzm

കശ്മീര്‍: നിഗൂഢതയുടെ വലക്കണ്ണികള്‍- 4

കെ എ സലിം

ആഗ്ര ഉച്ചകോടിക്കാലത്ത്, 2001 ജൂലൈയില്‍ ഹുര്‍രിയത്ത് നേതാക്കള്‍ മുശര്‍റഫുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലോണ്‍ പറഞ്ഞു: കശ്മീരികള്‍ തളര്‍ന്നിരിക്കുന്നു. ഇനിയും കൊലകള്‍ താങ്ങാനുള്ള ശേഷിയില്ല. മരണമല്ലാതെ നിങ്ങള്‍ ഇതുവരെ ഒന്നും കൊണ്ടുതന്നില്ല. കശ്മീരിനു മേലുള്ള അവകാശവാദം പാകിസ്താന്‍ അവസാനിപ്പിക്കണമെന്നായിരുന്നു ലോണിന്റെ നിലപാട്.

2001ലെ ആഗ്ര ഉച്ചകോടിയില്‍ മുശര്‍റഫും വാജ്‌പേയിയും

എന്നാല്‍, കശ്മീരികള്‍ തളര്‍ന്നിട്ടില്ലെന്നായിരുന്നു ഗിലാനിയുടെ മറുപടി. തലമുറകളോളം ഈ പോരാട്ടം കൊണ്ടുപോവാനുള്ള ശേഷി കശ്മീരികള്‍ക്കുണ്ടെന്നു ഗിലാനി പറഞ്ഞു. ലോണിനെ ഇനി വിശ്വാസത്തിലെടുക്കേണ്ടതില്ലെന്ന് അന്നുമുതല്‍ ഐഎസ്‌ഐ കരുതിയിരിക്കാം. അത് പാകിസ്താനിലായിരിക്കെ പാക്കധീന കശ്മീരിലെ ജമാഅത്തെ ഇസ്‌ലാമി നടത്തിയ ഒരു അത്താഴവിരുന്നില്‍ പങ്കെടുത്ത ലോണ്‍ നിങ്ങള്‍ക്ക് കശ്മീര്‍ വിഷയത്തില്‍ എന്തെങ്കിലും ഹിഡണ്‍ അജണ്ടയുണ്ടെങ്കില്‍ അക്കാര്യം തുറന്നുപറയാന്‍ ആവശ്യപ്പെട്ടുവത്രെ! പിന്നീടൊരിക്കല്‍ ഐഎസ്‌ഐ തലവന്‍ ജനറല്‍ മഹ്മൂദ് ലോണിനെ അത്താഴവിരുന്നിനു ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.

തുടര്‍ന്നങ്ങോട്ട് ലോണ്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗവുമായി തുടര്‍ച്ചയായി സംസാരിച്ചിരുന്നെന്നും ഹുര്‍രിയത്തിന്റെ നിലപാടിനു വിരുദ്ധമായി തിരഞ്ഞെടുപ്പിനെ പിന്തുണച്ച് സംസാരിച്ചിരുന്നുവെന്നതും വസ്തുതയാണ്. ലോണ്‍ തന്നെ നേരിട്ട് മല്‍സരിക്കണമെന്നായിരുന്നു ഇന്ത്യന്‍ അധികൃതരുടെ താല്‍പര്യം. എന്നാല്‍, ലോണ്‍ അതിനു തയ്യാറായിരുന്നില്ല. പകരം ദുബയില്‍ ജോലി ചെയ്യുന്ന മകന്‍ സജ്ജാദിനെ രാഷ്ട്രീയത്തിലിറക്കാനായിരുന്നു ലോണ്‍ തീരുമാനിച്ചത്.

തിരഞ്ഞെടുപ്പു സംബന്ധിച്ച കാര്യങ്ങളില്‍ രഹസ്യമായ സഹായം നല്‍കാമെന്നു പ്രധാനമന്ത്രിയുടെ ഓഫിസിനെ ലോണ്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുന്‍കോപിയായ സജ്ജാദിന്റെ കാര്യത്തില്‍ ന്യൂഡല്‍ഹിക്ക് വലിയ താല്‍പര്യമില്ലായിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു സംബന്ധിച്ച് ഹുര്‍രിയത്തിനെ വിശ്വാസത്തിലെടുക്കാന്‍ ലോണിന് സാധിച്ചില്ല. തിരഞ്ഞെടുപ്പിന്റെ ഭാഗമാവുന്നത് ഇന്ത്യന്‍ സംവിധാനത്തിന്റെ ഭാഗമാവുന്നതിനു തുല്യമാണെന്നായിരുന്നു ഹുര്‍രിയത്തിലെ ഭൂരിപക്ഷാഭിപ്രായം.

ഇക്കാര്യം ദുലത്ത് തന്റെ പുസ്തകത്തില്‍ സമ്മതിക്കുന്നുണ്ട്. ദുലത്തിന്റെ ഈ വാദത്തെ പൂര്‍ണമായും അവിശ്വസിക്കേണ്ടതില്ലെന്നാണ് മാധ്യമപ്രവര്‍ത്തകനായ നുഅ്മാന്‍ പറയുന്നത്. കശ്മീര്‍ ലൈഫ് എഡിറ്റര്‍ മസൂദ് ഹുസയ്‌നും ദുലത്തിനെ പൂര്‍ണമായും അവിശ്വസിക്കേണ്ടതില്ലെന്നു പറയുന്നു. അക്കാലത്ത് ദുലത്ത് കശ്മീരില്‍ എല്ലായിടത്തുമുണ്ടായിരുന്നു. അയാള്‍ക്ക് എല്ലാമറിയാം.

എന്നാല്‍, ഇന്ത്യന്‍ ഇന്റലിജന്‍സ് ലോണിനെ പൂര്‍ണമായും വിശ്വാസത്തിലെടുത്തിരുന്നില്ലെന്നും ലോണ്‍ നടത്തിയ ചില കൂടിക്കാഴ്ചകളെ അവര്‍ സംശയത്തോടെ കണ്ടിരുന്നെന്നും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് ദുബയില്‍ വച്ച് ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു ഇതിലൊന്ന്. അതോടൊപ്പം ഫാറൂഖ് അബ്ദുല്ലയെയും സംശയത്തോടെ ചൂണ്ടിക്കാട്ടുന്നവരുണ്ട്.

ഇന്ത്യയുമായി ലോണിന്റെ ബന്ധം ഫാറൂഖ് അബ്ദുല്ലയെ അസ്വസ്ഥനാക്കിയിരുന്നു. തന്റെ രാഷ്ട്രീയഭാവി അവതാളത്തിലാവുമെന്നു ഫാറൂഖ് കരുതി. ഹുര്‍രിയത്ത് തിരഞ്ഞെടുപ്പില്‍ പങ്കാളിയാവുന്നതിനെ ഫാറൂഖ് പേടിയോടെയാണ് കണ്ടിരുന്നത്. ലോണിനു മല്‍സരിക്കണമെങ്കില്‍ അതു നാഷനല്‍ കോണ്‍ഫറന്‍സിന്റെ ടിക്കറ്റിലായിക്കൂടെയെന്നായിരുന്നു ഫാറൂഖിന്റെ ചോദ്യം. ലോണിനെ തങ്ങള്‍ ഒരു മടിയും കൂടാതെ സ്വീകരിക്കുമെന്നും ഫാറൂഖ് പറഞ്ഞു. പക്ഷേ, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ ലോണ്‍ മുഖ്യമന്ത്രിയാവുമെന്നു ഫാറൂഖ് ഭയന്നിരുന്നു.

ഫാറൂഖ് അബ്ദുല്ലയല്ലാതെ ആര് വന്നാലും പിന്തുണയ്ക്കാമെന്ന നിലപാടിലായിരുന്നു മുഫ്തി മുഹമ്മദ് സഈദ്. ലോണ്‍ മുഫ്തിയുടെ സുഹൃത്തുമായിരുന്നു. എന്നാല്‍, വീണ്ടും നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമാവാന്‍ ലോണിന് താല്‍പര്യമുണ്ടായിരുന്നില്ല. മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ ഹുര്‍രിയത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങണമെന്നായിരുന്നു ലോണിന്റെ താല്‍പര്യം. അതിനാല്‍, ലോണ്‍ ഇല്ലാതാവണമെന്ന് ആഗ്രഹിച്ചിരുന്നയൊരാള്‍ ഫാറൂഖ് അബ്ദുല്ലയുമാവാം.

കശ്മീരില്‍ ഇത്തരത്തിലുള്ള പിടികിട്ടാത്ത നിലപാടു മാറ്റങ്ങളുമായി പ്രത്യക്ഷപ്പെട്ട ഒരേ ഒരാളല്ല ലോണെന്നു മാധ്യമ പ്രവര്‍ത്തകനായ പര്‍വേസ് പറയുന്നു. ഹുര്‍രിയത്തിലുമുണ്ടായിരുന്നു പ്രശ്‌നങ്ങള്‍. അവര്‍ പരസ്പരം വിശ്വസിച്ചിരുന്നില്ല. ഒറ്റിക്കൊടുക്കുമെന്നു കരുതപ്പെടുന്നവരോ അത്തരം ആരോപണം നേരിടുന്നവരോ ആയിരുന്നു പല ഹുര്‍രിയത്ത് നേതാക്കളും.

പര്‍വേസ് പറയുന്നു: കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പ് 2002 ഏപ്രിലിലാണ് ലോണ്‍ അവസാനമായി ഐഎസ്‌ഐയുമായി ദുബയില്‍ കൂടിക്കാഴ്ച നടത്തുന്നത്. ജെകെഎല്‍എഫ് നേതാവ് അമാനുല്ലാ ഖാന്റെ മകളും മരുമകളുമായ അസ്മയുമുണ്ടായിരുന്നു കൂടെ. സുഹൂര്‍ വതാലി, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരുമുണ്ടായിരുന്നു ദുബയില്‍ ആ സമയത്ത്.

മുന്‍ ഐഎസ്‌ഐ തലവന്‍ ജനറല്‍ ഇഹ്്‌സാനുല്‍ ഹഖ്‌

ലോണ്‍ അന്ന് കൂടിക്കാഴ്ച നടത്തിയവര്‍ ഇവരാണ്: പാക്കധീന കശ്മീരിലെ പ്രമുഖ നേതാവ് സര്‍ദാര്‍ അബ്ദുല്‍ ഖയ്യൂം ഖാന്‍, ഐഎസ്‌ഐ വാഷിങ്ടണിലെ ഉദ്യോഗസ്ഥ അലിഗഡില്‍ പഠിച്ച ഗുലാം നബി ഫെയ്, ബ്രിട്ടനിലെ കശ്മീര്‍ എന്‍ജിഒ ആയ ജമ്മുകശ്മീര്‍ കൗണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ സയ്യിദ് നസീര്‍ ഗിലാനി. പക്ഷേ, ഐഎസ്‌ഐ തലവന്‍ ജനറല്‍ ഇഹ്‌സാനുല്‍ ഹഖായിരുന്നു ലോണ്‍ സംസാരിച്ചവരില്‍ പ്രധാനി. ലോണിന്റെ തുടര്‍ന്നങ്ങോട്ടുള്ള ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായത് ഈ കൂടിക്കാഴ്ചയാണ്. എന്താണ് ലോണ്‍ അവിടെ സംസാരിച്ചതെന്ന് ആര്‍ക്കുമറിയില്ല. പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തതയില്ല.

ലോണിന്റെ മരണത്തിനു ശേഷം ഒരു കശ്മീരി ദിനപത്രത്തില്‍ മകന്‍ സജ്ജാദ് ലോണ്‍ അനുസ്മരണക്കുറിപ്പില്‍ എഴുതി, കശ്മീരില്‍ മരണം വരുന്നത് നമ്മള്‍ ഒരിക്കലും കാണാത്ത വഴിയിലൂടെയാണ്. അത് സൗഹൃദത്തിന്റെ രൂപത്തിലും വരും. സജ്ജാദ് പറഞ്ഞത് ശരിയായിരുന്നു. ചുരുങ്ങിയത് അബ്ദുല്‍ ഗനി ലോണിന്റെ കാര്യത്തിലെങ്കിലും.

നാളെ: മജീദ്ദര്‍: ഇരട്ട ഏജന്റുമാരുടെ ലോകം

മൂന്നാം ഭാഗം ഇവിടെ വായിക്കാം: റാവല്‍പിണ്ടിയിലേക്കുള്ള കുതിരസവാരിക്കാര്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss