|    Feb 27 Mon, 2017 5:42 am
FLASH NEWS

നിരോധിത കീടനാശിനി ഉപയോഗം: മിന്നല്‍ പരിശോധനയ്ക്കു നിര്‍ദേശം

Published : 27th October 2016 | Posted By: SMR

കണ്ണൂര്‍: കൃഷിവകുപ്പിന്റെ കര്‍ശന നിലപാടുകള്‍ നിലനില്‍ക്കുമ്പോഴും നിരോധിത കീടനാശിനി സുലഭം. ഇതരസംസ്ഥാനങ്ങളില്‍ നിരോധനത്തിലില്ലാത്തതും കേരളത്തില്‍ നിരോധിച്ചതുമായ മാരക കീടനാശിനികളുടെ ഉപയോഗം കൃഷിയിടങ്ങളില്‍ വ്യാപകമാണെന്നു കൃഷിവകുപ്പ് തന്നെ സമ്മതിക്കുന്നു. ഇതേത്തുടര്‍ന്ന് മുന്‍ നിലപാടുകള്‍ കര്‍ശനമാക്കി വീണ്ടും കൃഷിവകുപ്പ് ശക്തമായ നടപടികള്‍ കൈക്കൊള്ളാനൊരുങ്ങുന്നു. നിരോധിത കീടനാശിനികളുടെ വരവ് തടയാന്‍ സംസ്ഥാന തലത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിനു അപ്രതീക്ഷിത സന്ദര്‍ശനവും പരിശോധനയും നടത്താന്‍ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. നിരോധിത കീടനാശിനികളോ, വില്‍പനയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്തതോ ആയ കീടനാശിനികളോ ശ്രദ്ധയില്‍പെട്ടാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സെക്ടിസൈഡ് ആക്റ്റ് പ്രകാരം നടപടിയെടുക്കുമെന്നാണു മുന്നറിയിപ്പ്. ഏതെങ്കിലും കര്‍ഷകര്‍, സംസ്ഥാനത്ത് നിരോധിച്ച കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അത്തരക്കാരെ കൃഷിവകുപ്പിന്റെ എല്ലാ തുടര്‍ പദ്ധതികളില്‍ നിന്നു പൂര്‍ണമായി ഒഴിവാക്കും. ഇത്തരക്കാര്‍ക്ക് കൃഷിവകുപ്പ് രണ്ടുതവണ നോട്ടീസ് നല്‍കും. ആവര്‍ത്തിക്കുകയാണെങ്കില്‍ സൗജന്യ വൈദ്യുതി ഉള്‍പ്പെടെ കൃഷി വകുപ്പില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കാനും തീരുമാനമുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിരോധിച്ച കീടനാശിനികള്‍ കവര്‍ മാറ്റിയും ചെറിയ തോതില്‍ ചേരുവ മാറ്റിയുമാണ് വിറ്റഴിക്കുന്നത്. കര്‍ഷകരാവട്ടെ എളുപ്പത്തിലും കൂടുതലും വിള ലഭിക്കാനായി ഇത്തരം കീടനാശിനകള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ നിരോധിച്ച ഫൊറേറ്റ്(റെഡ്), മോണോ ക്രോട്ടോഫോസ്(റെഡ്), ട്രയാസോഫോസ്(യെല്ലോ), കാര്‍ബോഫുറാന്‍(റെഡ്), മീഥൈല്‍ പാരാത്തിയോണ്‍(റെഡ്), മിഥൈല്‍ ഡിമാറ്റണ്‍(റെഡ്), പ്രോഫെനോഫോസ്(യെല്ലോ), മെതോക്‌സി ഈഥൈല്‍ മെര്‍ക്കുറിക് ക്ലോറൈഡ്, എഡിഫാന്‍ഫോസ്(യെല്ലോ), ട്രൈസെക്ലാ സോള്‍(യെല്ലോ), ഓക്‌സി തിയോജിനോസ്(ബ്ലൂ), പാറാക്വാറ്റ്(യെല്ലോ), അട്രോസിന്‍(ബ്ലൂ), അമിലോഫോസ്(യെല്ലോ), തിയോബെന്‍കാര്‍ബ്(ബ്ലൂ), ഫ്യൂരഡാന്‍, ഫോറേറ്റ്, റൗണ്ടപ്പ്, തൈമറ്റ് തുടങ്ങിയവയാണ് നിരോധിച്ചിരുന്നത്. ഇതില്‍ ചിലത് മണ്ണ് നശിപ്പിക്കുകയും, അര്‍ബുദം, കിഡ്‌നി, ആന്തരിക രോഗങ്ങള്‍ക്ക് കാരണമാവുന്നതായും കണ്ടെത്തിയിരുന്നു. എന്നാല്‍ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇവയെത്തുന്നത്. മലയോര മേഖലകളിലേക്ക് ഇത്തരം കീടനാശിനികള്‍ എത്തുന്നത് തടയാനാണു കൃഷിവകുപ്പ് വിവിധ നടപടികള്‍ സ്വീകരിക്കുന്നത്. പ്രത്യേകിച്ച് വാഴ, കാപ്പി, കുരുമുളക്, പച്ചക്കറി കര്‍ഷകരാണ് കൂടുതലായും കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ജനിതക വൈകല്യങ്ങള്‍ക്കു വരെ കാരണമാവുന്ന നിരോധിത കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day