|    Oct 21 Sat, 2017 5:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിരോധിത ഐഎസ്എസ് യോഗം ചേര്‍ന്നെന്ന കേസില്‍ വിചാരണ തുടങ്ങി

Published : 29th July 2016 | Posted By: SMR

കൊച്ചി: കൊല്ലം അന്‍വാര്‍ശേരിയില്‍ നിരോധിത സംഘടനയായ ഐഎസ്എസിന്റെ യോഗം ചേര്‍ന്നെന്ന കേസില്‍ വിചാരണ ആരംഭിച്ചു. എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ എം ബാലചന്ദ്രന്‍ മുമ്പാകെയാണ് വിചാരണ തുടങ്ങിയത്. 12 സാക്ഷികളുള്ള കേസില്‍ നാല് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. അവശേഷിക്കുന്ന സാക്ഷികളുടെ വിസ്താരം വരുംദിവസങ്ങളില്‍ നടക്കും.
ഐഎസ്എസിനെ നിരോധിച്ചശേഷം 1992 ഡിസംബര്‍ 13ന് അന്‍വാര്‍ശേരിയില്‍ മഅ്ദനിയും മറ്റ് 17 പേരും സംഘടനയുടെ പേരില്‍ യോഗം ചേര്‍ന്നെന്ന് ആരോപിച്ചാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 24 വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വിചാരണയിലേക്ക് കടക്കുന്നത്. കേസിലെ രണ്ടാംപ്രതി തിരുവനന്തപുരം പാങ്ങോട് പണിയില്‍ നൗഷാദ് മൂന്നാം പ്രതി പാങ്ങോട് കല്ലറ അബ്ദുല്ല, അഞ്ചാം പ്രതി നെല്ലിക്കുഴി കപ്പിച്ചിറ ചാമക്കാലയില്‍ പി എം ഹസൈനാര്‍, ഏഴാം പ്രതി മലപ്പുറം കുഴിപ്പുറം മൂസ, എട്ടാംപ്രതി അയൂബ്, 15ാം പ്രതി തൃശൂര്‍ കാട്ടൂര്‍ മംഗലത്തറ സലീം, 17ാം പ്രതി പെരുമ്പാവൂര്‍ മുടിക്കല്‍ ഏറേത്ത് അബ്ദുറഹ്മാന്‍, 18ാം പ്രതി മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് എന്നിവരാണ് വിചാരണ നേരിടുന്നത്.
കേസിലെ മുഖ്യപ്രതിയായ അബ്ദുന്നാസിര്‍ മഅ്ദനിയുടെ വിചാരണ പിന്നീട് നടക്കും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മഅ്ദനി ബംഗളൂരുവിലായതിനാലാണ് അദ്ദേഹത്തിനെതിരേയുള്ള വിചാരണ വേര്‍തിരിച്ചു നടത്തുന്നത്. ആയുധനിയമം, സ്‌ഫോടകവസ്തു നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരേ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍. മറ്റ് സാക്ഷികളുടെ വിസ്താരം വരുംദിവസങ്ങളില്‍ തുടരും. അന്ന് മൈനാഗപ്പള്ളിയിലെ പരിശോധനയില്‍ പോലിസ് നാടന്‍ തോക്ക്, തിരകള്‍, വെടിമരുന്ന്, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവ പിടിച്ചെടുത്തതായി ആരോപിച്ചിരുന്നു. എന്നാല്‍, വിചാരണ നടക്കുന്ന കോടതിയില്‍ ഇവയൊന്നും ഹാജരാക്കിയിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക