|    Jan 22 Mon, 2018 11:40 pm
FLASH NEWS

നിരോധിച്ച എഴുത്ത് ലോട്ടറി വ്യാപകമാവുന്നു; പിന്നില്‍ വന്‍ ലോട്ടറി മാഫിയ

Published : 8th January 2018 | Posted By: kasim kzm

കുഞ്ഞിമുഹമ്മദ് കാളികാവ്കാളികാവ്:  നമ്പര്‍ എഴുതി വാങ്ങി സമ്മാനം നല്‍കുന്ന വ്യാജ ലോട്ടറി സംസ്ഥാനത്ത് സജ്ജീവം. കേരളാ ഭാഗ്യക്കുറിയുടെ സമാന്തരമായിട്ടാണ് വ്യാജ ലോട്ടറി പ്രവര്‍ത്തിക്കുന്നത്. സമ്മാനാര്‍ഹമായ കേരളാ ലോട്ടറികളുടെ അവസാനത്തെ മൂന്ന് അക്ക നമ്പറുകള്‍ അടിസ്ഥാനമാക്കിയാണ് വ്യാജ ലോട്ടറി പ്രവര്‍ത്തിക്കുന്നത്. എഴുത്ത് ലോട്ടറി ഉപഭോക്താക്കള്‍ക്ക് നാല് സമ്മാനങ്ങളാണ് വ്യാജ ലോട്ടറിക്കാര്‍ നല്‍കുന്നത്. 25000 രൂപയാണ് ഒന്നാം സമ്മാനം നല്‍കുന്നത്. 2500 രൂപ രണ്ടാം സമ്മാനവും 500 രൂപ മൂന്നാം സമ്മാനവും ഗാരണ്ടി െ്രെപസായി 100 രൂപയുമാണ് നല്‍കുന്നത്. കേരളാ ലോട്ടറികളുടെ നറുക്കെടുപ്പിന് മുമ്പാണ് നമ്പര്‍ എഴുതി വാങ്ങുന്നത്. എല്ലാ ദിവസവും ഉച്ചക്ക് 2.30 ന് നറുക്കെടുക്കുന്ന ലോട്ടറികളെ അടിസ്ഥാനമാക്കി 1 മണിവരേ നമ്പറുകള്‍ എഴുതിവാങ്ങും. ഫോണ്‍നമ്പറുകളും പേരും രേഖപ്പെടുത്തി സൂക്ഷിക്കുകയും കേന്ദ്രത്തിലേക്ക് കോപ്പി ഇ മെയിലായി അയക്കുകയും ചെയ്യുന്നു. ചെറുകിട ഏജന്റുമാര്‍ ഇടനിലക്കാര്‍ക്ക് ഫോണ്‍ മുഖേന വിളിച്ച് പറഞ്ഞാണ് രേഖകള്‍ എത്തിക്കുന്നത്. കേരളാ ലോട്ടറിയുടെ നറുക്കെടുപ്പിന്റെ റിസള്‍ട്ട് നോക്കി അവസാനത്തെ മൂന്നക്കങ്ങള്‍ ഒത്ത് വന്നാല്‍ സമ്മാനങ്ങള്‍ നല്‍കും. ലക്ഷങ്ങളാണ് ഓരോ സമാന്തര ലോട്ടറിക്കടകളിലും ഓരോ ദിവസവും ഇടപാട് നടക്കുന്നത്. നിരവധി സെറ്റ് ടിക്കറ്റുകളാണ് ചില ഭാഗ്യപരീക്ഷണക്കാര്‍ എഴുതിപ്പിക്കുന്നത്. സമ്മാനാര്‍ഹമായ തുക ഉടന്‍തന്നെ നല്‍കുകയും ചെയ്യുന്നു. കംപ്യൂട്ടറുകളും പ്രിന്ററും ഫോട്ടോസ്റ്റാറ്റ് മെഷീനുകളും ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങളാണ് വ്യാജ ലോട്ടറി കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത്. ഒറ്റപ്പാലം ആസ്ഥാനമായിട്ടാണ് വ്യാജ ലോട്ടറി സംസ്ഥാനത്ത് വ്യാപിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാനത്ത് നിന്നുള്ള പ്രമുഖരായ കുബേരന്‍മാരാണ് വ്യാജ ലോട്ടറിക്ക് വേണ്ടി പണം ഇറക്കുന്നതെന്നാണ് പറയപ്പെടുന്നത്. സംസ്ഥാനത്തിനകത്തെ ചില പ്രമുഖരായ ആളുകളും ഇവര്‍ക്ക് സര്‍വ്വ വിധ സംവിധാനങ്ങളും ചെയ്ത് കൊടുക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം പടര്‍ന്ന് പന്തലിച്ച വലിയൊരു മാഫിയതന്നെ സമാന്തര ലോട്ടറിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റലിജന്‍സ് സംവിധാനം കാര്യക്ഷമാമായി പ്രവര്‍ത്തിച്ചിട്ടും ഇത്തരം മാഫിയകളെ പിടികൂടാന്‍ പോലീസ് ശ്രമിക്കാറില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പത്ര വാര്‍ത്ത വരുന്നതോടെ ഏതാനും ദിവസം പ്രഹസനമായ പരിശോധന നടത്തുന്ന രീതിതന്നെയാണ് സമാന്തര ലോട്ടറിയുടെ കാര്യത്തിലും അധികൃതര്‍ ചെയ്യുന്നത്. കേരളാ ലോട്ടറിയുടെ അംഗീകൃത ഏജന്‍സികള്‍ തന്നെയാണ് സമാന്തരലോട്ടറിയും നടത്തുന്നത്. ഒറ്റക്ക ലോട്ടറികളും അന്യസംസ്ഥാന ലോട്ടറികളും സൂപ്പര്‍ലോട്ടോ പോലുള്ള ചൂതാട്ട ലോട്ടറികളും നിരോധിച്ചതോടെയാണ് കേരളാ ഭാഗ്യക്കുറിക്ക് സമാന്തരമായി എഴുത്ത് ലോട്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. കാളികാവില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വലിയൊരു ശൃങ്കല തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രണ്ട് പേരെ മാത്രമാണ് പിടികൂടാനായത്. കാളികാവില്‍ പോലിസ് നടത്തിയ റെയ്ഡില്‍ കാളികാവിലെ റോയല്‍ ലോട്ടറി ജീവനക്കാരന്‍ കുന്നുമ്മല്‍ നൂറു സമാന്‍ (32) കടാക്ഷം ലോട്ടറി ഉടമ കാവനൂര്‍ സ്വദേശി പടിഞ്ഞാറേകളത്തില്‍ ഉണ്ണികൃഷ്ണന്‍ (38) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. പണവും മൊബൈല്‍ ഫോണുകളം നമ്പര്‍ എഴുതിയിരുന്ന തുണ്ട് കടലാസുകളും പോലിസ് പിടിച്ചെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day