|    Dec 14 Fri, 2018 8:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിരോധനാജ്ഞ ലംഘിച്ചു; ബിജെപി നേതാക്കള്‍ അറസ്റ്റില്‍

Published : 3rd December 2018 | Posted By: kasim kzm

നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്കു പോവാനെത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിലയ്ക്കലില്‍ പോലിസ് അറസ്റ്റ് ചെയ്തു. രണ്ടു വാഹനങ്ങളിലായെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ ഒമ്പത് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
നിലയ്ക്കലിന് മൂന്ന് കിലോമീറ്റര്‍ അകലെ ഇലവുങ്കലില്‍ വച്ച് പോലിസ് ഇവരെ പരിശോധിച്ച് പേരുവിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ മാസം നാലു വരെയാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ആറു മണിക്കൂറിനകം ദര്‍ശനം നടത്തി തിരികെ ഇറങ്ങണമെന്ന നിര്‍ദേശം അടങ്ങിയ നോട്ടീസ് കൈപ്പറ്റിയാല്‍ ശബരിമല ദര്‍ശനത്തിനു പോവാന്‍ അനുമതി നല്‍കാമെന്ന് പോലിസ് അറിയിച്ചു. എന്നാല്‍, നോട്ടീസ് കൈപ്പറ്റില്ലെന്നും നിരോധനാജ്ഞ ലംഘിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. തുടര്‍ന്നു ശരണംവിളികളുമായി പമ്പ-നിലയ്ക്കല്‍ റോഡില്‍ കുത്തിയിരുന്ന സംഘം നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചതോടെ ഇവരെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രവര്‍ത്തകരെ പെരുനാട് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി വൈകീട്ടോടെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഒരു സുരേന്ദ്രന്‍ മാത്രമല്ല അറസ്റ്റ് വരിക്കുകയെന്നും ബിജെപിയില്‍ ആയിരക്കണക്കിനു സുരേന്ദ്രന്‍മാര്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിലും ശബരിമലയില്‍ പ്രതിഷേധവുമായെത്തിയ ബിജെപി നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമല കേന്ദ്രീകരിച്ച് വീണ്ടും സമരം ശക്തമാക്കാന്‍ ബിജെപി തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണു നിരോധനാജ്ഞ ലംഘിക്കാന്‍ ഇവര്‍ നിലയ്ക്കലിലെത്തിയത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തില്‍ നിന്നു ബിജെപി പിന്‍മാറിയെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനം വന്ന സാഹചര്യത്തിലാണു വീണ്ടും സമരം ശക്തമാക്കുന്നത്. നിലയ്ക്കലും പമ്പയും നിരന്തര സമരകേന്ദ്രങ്ങളാക്കാനാണു പാര്‍ട്ടിയുടെ ആലോചന.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss