|    Dec 11 Tue, 2018 3:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശബരിമലയിലേക്ക്‌

Published : 20th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ യുഡിഎഫ് ലംഘിക്കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ യുഡിഎഫ് നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരോധനാജ്ഞ ലംഘിച്ച് യുഡിഎഫ് പ്രതിനിധിസംഘം ഇന്നു ശബരിമല സന്ദര്‍ശിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, നേതാക്കളായ എം കെ മുനീര്‍, പി ജെ ജോസഫ്, ജോണി നെല്ലൂര്‍, എന്‍ കെ പ്രേമചന്ദ്രന്‍, സി പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് ശബരിമല സന്ദര്‍ശിക്കുന്ന സംഘത്തിലുള്ളവര്‍. ശബരിമലപോലെ പവിത്രമായ സ്ഥലത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ല. അടിയന്തരമായി നിരോധനാജ്ഞ പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഇന്ന് യുഡിഎഫ് നേതൃത്വം നേരിട്ടെത്തി നിരോധനാജ്ഞ ലംഘിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
ഭക്തരുടെ ആരാധനാസ്വാതന്ത്ര്യം ഹനിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറാവണം. സന്നിധാനത്തുപോലും പോലിസിന്റെ തേര്‍വാഴ്ചയാണ്. സമാധാനപരമായി ഭക്തര്‍ക്ക് ദര്‍ശനം നടത്താനുള്ള സാഹചര്യം നിലവില്‍ ശബരിമലയിലില്ല. ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത സംഭവവികാസങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യംവഹിക്കുന്നത്. ഭക്തര്‍ ഉറങ്ങുന്നിടത്തേക്ക് ഫയര്‍ എന്‍ജിന്‍ വെള്ളമൊഴിച്ചും അകാരണമായി അവരെ അറസ്റ്റ് ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ബ്ലൂസ്റ്റാര്‍ ഓപറേഷന്‍പോലെയാണു ശബരിമലയിലെത്തുന്ന ഭക്തരെ പോലിസ് കൈകാര്യം ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഇത്രയും പിടിപ്പുകെട്ട ആഭ്യന്തരമന്ത്രി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ബിജെപിക്കും ആര്‍എസ്എസിനും പരവതാനി വിരിക്കുകയാണു സിപിഎമ്മും ഇടതുസര്‍ക്കാരും. തൃപ്തി ദേശായിയെ 17 മണിക്കൂറാണു വിമാനത്താവളത്തില്‍ സ്വീകരിച്ചിരുത്തിയത്. ശബരിമല വിഷയത്തിലുണ്ടായ ഹൈക്കോടതിയുടെ പരാമര്‍ശം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ബന്ധു നിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെടി ജലീലിനെതിരേ യൂത്ത് ലീഗ് തുടങ്ങിവച്ച സമരം യുഡിഎഫ് ഏറ്റെടുക്കും.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിലെ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ 22ന് സെക്രട്ടേറിയറ്റിനു മുമ്പില്‍ കൂട്ടധര്‍ണ നടത്തും. കെ ടി ജലീലിന്റെ പരിപാടികള്‍ യുഡിഎഫ് ബഹിഷ്‌കരിക്കും. വിഷയം നിയമസഭയില്‍ ഉന്നയിക്കാനും യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, പി പി തങ്കച്ചന്‍, ജോണി നെല്ലൂര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍, പി ജെ ജോസഫ്, അനൂപ് ജേക്കബ്, എം കെ മുനീര്‍, വി കെ. ഇബ്രാഹീംകുഞ്ഞ്, ജി ദേവരാജന്‍, സി പി ജോണ്‍ എന്നിവരും യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss