|    Oct 17 Tue, 2017 6:56 pm
FLASH NEWS

നിരോധനം ലംഘിച്ച് ചെറുമീനുകളെ പിടികൂടുന്നത് വ്യാപകമാവുന്നു

Published : 22nd November 2016 | Posted By: SMR

അമ്പലപ്പുഴ: നിരോധനം ലംഘിച്ച് ചെറുമീനുകളെ പിടികൂടുന്നത് വ്യാപകമാവുന്നു. ഇതിനെതിരേ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ആരോപണം. 17 സെന്റീമീറ്ററില്‍ കുറവുള്ള മീനുകളെ പിടികൂടുന്നത് മല്‍സസമ്പത്തിനെ സാരമായി ബാധിക്കുമെന്ന് കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ചെറുമീനുകള്‍ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. ചെറുമീനുകളെ പിടികൂടുന്നത് കടലില്‍ വച്ചു തന്നെ തടയാനാണ് ഫിഷറീസ് മന്ത്രി ഉദേ്യാഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനു കഴിഞ്ഞില്ലെങ്കില്‍ അതാതു തുറമുഖങ്ങളില്‍ വച്ചു തന്നെ തടയണമെന്നും ഒരു കാരണവശാലും ഇത് വിറ്റഴിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനു നടപടി സ്വീകരിക്കേണ്ട ഫിഷറീസ് വകുപ്പ് ഉദേ്യാഗസ്ഥര്‍ നടപടിയെടുക്കാതെ വന്നതോടെയാണ് ചെറുമീനുകളെ വ്യാപകമായി വേട്ടയാടുന്നത് തുടരുന്നത്. ഇപ്പോള്‍ വളരെ വ്യാപകമായി ചെറു മത്തി പിടികൂടുന്നുണ്ട്. വലിയ മത്തിക്ക് ഒരു കുട്ടയ്ക്ക് 2000 രൂപ വരെ വില ലഭിക്കുമ്പോള്‍ ചെറിയ മത്തിക്ക് 400 ഉം 500 രൂപ മാത്രമാണു ലഭിക്കുന്നത്. ആളുകള്‍ ഇതു വാങ്ങിയില്ലെങ്കില്‍ ഈ ചെറുമീനുകളെ കാലിത്തീറ്റക്കും കോഴിത്തിറ്റക്കുമായി ഉപയോഗിക്കും. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ചില ഏജന്റുമാരാണ് ഇതിനു പിന്നില്‍. ചെറുമീനുകള്‍ ഭക്ഷ്യയോഗ്യമാക്കി വില്‍പ്പന നടത്തുന്നതിനേക്കാള്‍ ഏജന്റുമാര്‍ക്കു ലാഭം ഇത് കാലിത്തീറ്റക്കായി ഉപയോഗിക്കുന്നതാണ്. ചെറുമീനുകളെ പിടികൂടുന്ന തരത്തിലുള്ള വലകള്‍ മല്‍സ്യഫെഡ് വഴി വിതരണം ചെയ്യരുതെന്നും വകുപ്പു മന്ത്രി ഉേദ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും ഉേദ്യാഗസ്ഥര്‍ പാലിച്ചിട്ടില്ല. ഇതുമൂലം ചെറുമീനുകളെ പിടികൂടുന്നത് ഇപ്പോഴും വ്യാപകമായിരിക്കുകയാണ്. ഇതിനെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക