|    Apr 21 Sat, 2018 10:02 am
FLASH NEWS
Home   >  Editpage  >  Article  >  

നിരീക്ഷിക്കപ്പെടാതിരിക്കാനുള്ള യോഗ്യതകള്‍

Published : 9th October 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

ഇത്തവണ രണ്ടു സംഭവങ്ങളാണ്. രണ്ടും പരസ്പരം ബന്ധപ്പെട്ടതോ സമകാലികമോ അല്ല. നടന്നത് കേരളത്തിലാണ് എന്നതാണ് ഒറ്റനോട്ടത്തില്‍ കാണാവുന്ന സാദൃശ്യം. മറിച്ച് അവ തമ്മിലുള്ള ‘സാദൃശ്യ’മില്ലായ്മയാണ് ഈ കോളത്തിനു വിഷയമായതും.
ആദ്യത്തേത് ശ്രീബാല കെ മേനോന്റെ അനുഭവമാണ്. ലൗ 24 ത 7 എന്ന സിനിമയുടെ സംവിധായികയാണ് അവര്‍. തിരുവനന്തപുരം ഡിപിഐ ജങ്ഷനിലെ ഒരു ഫഌറ്റിലെ വാടകക്കാരിയായിരുന്നു അവര്‍. ഫഌറ്റിന്റെ ഉടമ എഴുത്തുകാരി ജെ ദേവിക. ശ്രീബാലയും ദേവികയും ഫഌറ്റിലെ റസിഡന്റ് അസോസിയേഷനെതിരേ 2004 ഏപ്രിലില്‍ വനിതാ കമ്മീഷനെ സമീപിച്ചു. തങ്ങളുടെ സ്വകാര്യതയിലേക്ക് അസോസിയേഷന്‍ കടന്നുകയറുന്നുവെന്നായിരുന്നു പരാതി. ശ്രീബാല തന്റെ ഫഌറ്റില്‍ തനിച്ച് ജീവിക്കുകയാണ്. അറിയപ്പെടുന്ന എഴുത്തുകാരികൂടിയായ അവരെ പലരും പല ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കുമായിരുന്നു. ഫഌറ്റിലെ സദാചാരനിഷ്ഠ ‘ഉറപ്പു’വരുത്തുന്ന റസിഡന്റ് അസോസിയേഷന്‍ നേതാക്കള്‍ക്ക് അത് ഇഷ്ടമായില്ല. ശ്രീബാലയെ കാണാനെത്തുന്നവര്‍ തങ്ങളുടെ പേരും വിവരങ്ങളും എഴുതിനല്‍കണമെന്ന് അവര്‍ നിര്‍ദേശിച്ചു. തനിച്ചു ജീവിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ കുടുംബക്കാരല്ലാതെ മറ്റാരും സന്ദര്‍ശിക്കരുതെന്നതും അല്ലാത്തവര്‍ പേരും വിവരങ്ങളും നല്‍കണമെന്നുമുള്ള നിര്‍ദേശം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ശ്രീബാലയും ദേവികയും വാദിച്ചത്. പരാതി പരിഗണിച്ച കമ്മീഷന്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദം അംഗീകരിച്ചു.
അടുത്തത് മൂന്നാഴ്ച മുമ്പു സംഭവിച്ചതാണ്. ഇടുക്കി പോലിസ് മേധാവി എ വി ജോര്‍ജാണ് നായകന്‍. ജോര്‍ജ് കഴിഞ്ഞ മാസം 19ന് ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന കരാറുകാരുടെ യോഗം വിളിച്ചുചേര്‍ത്തു. അവരുടെ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ്, വിരലടയാളം, ഫോണ്‍ നമ്പര്‍ എന്നിവ ശേഖരിക്കാന്‍ തൊഴിലുടമകളോട് ജോര്‍ജ് നിര്‍ദേശിച്ചു. ഓരോ തൊഴിലാളിയും നാട്ടിലെ പോലിസ് സ്‌റ്റേഷനില്‍നിന്ന് കേസുകളില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തൊഴിലാളികള്‍ താമസിക്കുന്ന വീടുകളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സിസിടിവി കാമറകള്‍ സ്ഥാപിക്കണം. സംശയാസ്പദമായി തോന്നുന്ന തൊഴിലാളികളെക്കുറിച്ച് സമയാസമയം അറിയിക്കണം. ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാവുന്ന കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണത്രെ ഈ നടപടി.
സ്റ്റേറ്റിന്റെ സുരക്ഷാനാട്യങ്ങള്‍ പൗരനുമേലുള്ള നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നത് ഇതാദ്യമല്ല. അഴിമതി തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കെജ്‌രിവാള്‍ സര്‍ക്കാര്‍ എടുത്ത ആദ്യ തീരുമാനം ഒന്നരലക്ഷം സിസിടിവി കാമറകള്‍ ഡല്‍ഹിയിലാകമാനം സ്ഥാപിക്കാനായിരുന്നു. തമിഴ്‌നാട്ടിലാവട്ടെ പോലിസ് തന്നെയാണ് സബ്‌സിഡി നിരക്കില്‍ സിസിടിവി കാമറകള്‍ നല്‍കുന്നത്. മുറുക്കാന്‍ കടകള്‍ വരെ നിരീക്ഷണ കാമറകളുടെ പരിധിയിലാണ്.
കേരളത്തിലുമുണ്ടായി ഇത്തരമൊന്ന്. സാഹിത്യ അക്കാദമിയുടെ മുറ്റത്ത് അവിടെ വന്നുപോവുന്നവരെ നിരീക്ഷിക്കാന്‍ ഏതാനും നിരീക്ഷണകാമറകള്‍ വയ്ക്കാന്‍ അക്കാദമി ഭരണസമിതി തീരുമാനിച്ചു. ഇതിനെതിരേയുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് എഴുത്തുകാരി സാറാ ജോസഫ് നിരീക്ഷണ കാമറയ്‌ക്കെതിരേ ആഞ്ഞടിച്ചു. ഡല്‍ഹിയില്‍ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച ആം ആദ്മി പാര്‍ട്ടിയുടെ കേരള നേതാവായിരുന്നു അവര്‍ എന്നത് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് അവര്‍ക്ക് തടസ്സമായില്ല. ഒരുപക്ഷേ, മുഖമില്ലാത്ത മനുഷ്യരെ വിട്ട് സംസ്‌കാരസമ്പന്നമായ മനുഷ്യരെ നിരീക്ഷിക്കുന്നതിനോടായിരിക്കണം എതിര്‍പ്പ്.
നാട്ടിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ ന്യായം പറഞ്ഞ് പൗരന്റെ കിടപ്പുമുറിയില്‍ കാമറ വയ്ക്കാനുള്ള നിര്‍ദേശം സ്റ്റേറ്റ് ഭീകരതയാണ്. സുരക്ഷയും ഭീകരതയും ഇന്ത്യന്‍ സമൂഹത്തിന്റെ കേന്ദ്രപ്രമേയമായി മാറിയതിനാലാവാം ഇതൊന്നും വിഷയമാവാത്തത്. ഒരു സ്ത്രീയുടെ നേര്‍ക്ക് സര്‍വയലന്‍സ് തിരിച്ചുവിടുന്നതിലെ പുരുഷമേധാവിത്വപ്രവണതകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞ സ്റ്റേറ്റ് പക്ഷേ, ഇവിടെ നിശ്ശബ്ദമായി. മുഖമുള്ളവരും ഇല്ലാത്തവരുമെന്ന വ്യത്യാസം നമ്മുടെ ചിന്തയുടെ അവിഭാജ്യ ഭാഗമായിരിക്കുന്നു. ഏതുവിഭാഗത്തെ നിരീക്ഷിക്കുന്നതും തെറ്റായി കരുതുന്നവര്‍ തന്നെ മുഖമില്ലാത്ത മനുഷ്യരുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്കു തയ്യാറാണ്. ശ്രീബാലയുടെ പരാതി ഉയര്‍ന്നുവന്ന സമയത്ത് ദേവിക അസോസിയേഷന് അയച്ച കത്തില്‍, ശ്രീബാല ഒരു അപരിചിതയായ വാടകക്കാരിയല്ലെന്നും സുഹൃത്താണെന്നും വളര്‍ന്നുവരുന്ന എഴുത്തുകാരിയാണെന്നും ജോലിയും കൂലിയുമുള്ളവരാണെന്നുമാണ് എഴുതിയത്. നിരീക്ഷിക്കപ്പെടാതിരിക്കാനുള്ള യോഗ്യതയെക്കുറിച്ചാണെന്നു തോന്നുന്നു നമ്മുടെ ചര്‍ച്ച.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss