|    Oct 17 Tue, 2017 6:37 pm
FLASH NEWS

നിരീക്ഷണ കാമറകള്‍ നോക്കുകുത്തിയാവുന്നു

Published : 30th May 2017 | Posted By: fsq

 

മാള: സംസ്ഥാനത്തെ ആദ്യമായി  ഒരു ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ നോക്കുകുത്തിയാവുന്നു. മാള ടൗണിലെ വിവിധ ഭാഗങ്ങളിലാണ് കള്ളനെ പിടിക്കാനായാണ് പോലിസ് കാമറകള്‍ നാട്ടിയത്. മുന്‍ ആഭ്യന്തര മന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് കാമറ നിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്തത്. എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും പൊതുജന സഹകരണത്തോടെ ഇവ സ്ഥാപിക്കുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. പോലിസ് സ്‌റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് ടൗണും പരിസര പ്രദേശങ്ങളും വീക്ഷിക്കാനാവുന്ന വിധമാണ് കാമറാ സംവിധാനം. ലക്ഷങ്ങളാണ് ഇതിന് ജനപങ്കാളിത്തത്തോടെ കണ്ടെത്തിയത്. 12 കാമറകളില്‍ രണ്ടെണ്ണം മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. അതേസമയം കാമറകള്‍ നിരീക്ഷിച്ച് കുറ്റവാളികളെ പിടികൂടാന്‍ മാള പോലിസിനായിട്ടില്ല, കഴിഞ്ഞ ദിവസം മാള ടൗണിലെ ഫാല്‍ക്കണ്‍ ഇലട്രിക്‌സ് എന്ന വ്യാപാര സ്ഥാപനത്തില്‍ മോഷണം നടന്നു. ഉടമയുടെ കണ്ണ് വെട്ടിച്ചു നടത്തിയ മോഷ്ടാവിന്റെ ദൃശ്യം സമീപത്തെ കാമറയില്‍ പതിഞ്ഞിരുന്നില്ല. 1500 രൂപയും ഏതാനും വൈദ്യുതി ഉപകരണങ്ങളുമാണ് നഷ്ടപ്പെട്ടത്. ഉടമ പോലിസില്‍ പരാതി നല്‍കി. പോലിസ് സ്‌റ്റേഷന്‍, യഹൂദ ശ്മശാനം, സ്വകാര്യ ബസ്സ് സ്റ്റാന്‍ഡ്, കെ കെ റോഡ്, ഫെഡറല്‍ ബാങ്ക് ജംഗ്ഷന്‍, മാള ടൗണ്‍ നോര്‍ത്ത്, സൗത്ത്, ഈസ്റ്റ് എന്നിങ്ങനെ മൂന്നെണ്ണം വീതവും ബാങ്ക് ജംഗ്ഷ്ന്‍ എന്നിവിടങ്ങളിലുമാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇവയുടെ അറ്റകുറ്റപണികളും മറ്റും ചെയ്യാന്‍ തീരുമാനിച്ചത്. കേബിളിന്റെ പരിപാലനം മാള വിഷനെയും കാമറകളുടെ പരിപാലന ചുമതല എറണാകുളും ഇടപ്പള്ളിയിലെ ഒരു സ്ഥാപനത്തേയുമാണ് ഏല്‍പ്പിച്ചിരുന്നത്. ഇതില്‍ മാള വിഷന് മുന്‍പ് ചെയ്ത പണികളുടെ ഫണ്ടായ 80000 രൂപ നല്‍കാനുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ തുക നല്‍കാത്തതിനാലാണ് അവര്‍ തുടര്‍ന്ന് പണികള്‍ ഒന്നും ചെയ്യാത്തത്. സ്ഥിരമായി സഹായം നല്‍കാമെന്ന് വിവിധ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്‌തെങ്കിലും വാഗ്ദാനം പാഴ്‌വാക്കായതിനാലാണ് പ്രതിസന്ധിയിലായത്. നിസ്സാര പണികള്‍ ചെയ്താല്‍ ഭൂരിഭാഗം കാമറകളും പ്രവര്‍ത്തനക്ഷമമാകും. കാമറകള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ ഏറെ സന്തോഷത്തിലായവര്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക