|    Jan 16 Tue, 2018 9:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിരീക്ഷണം ശക്തമാക്കാന്‍ യൂനിഫോമില്‍ ഘടിപ്പിക്കുന്ന കാമറകളുമായി കേരള പോലിസ്

Published : 6th January 2018 | Posted By: kasim kzm

തിരുവനന്തപുരം: ക്രമസമാധാനപാലനത്തിലും പട്രോളിങ് വേളയിലും നിരീക്ഷണവും അനുബന്ധപ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ യൂനിഫോമില്‍ ഘടിപ്പിക്കുന്ന അത്യാധുനിക കാമറകളുമായി കേരള പോലിസ്. പൈലറ്റ് അടിസ്ഥാനത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതിക്ക് പോലിസ് ആസ്ഥാനത്ത് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കാമറകള്‍ കൈമാറി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ക്രമസമാധാനപാലനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും ആധുനികമായ കാമറകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഈ വര്‍ഷം തന്നെ കേരളമാകെ പദ്ധതി നടപ്പാക്കുമെന്ന് ഉദ്ഘാടനവേളയില്‍ സംസ്ഥാന പോലിസ് മേധാവി പറഞ്ഞു. ബ്രോഡ്കാസ്റ്റിങ് സംവിധാനമുള്ള കാമറകളാണ് പുതിയ പദ്ധതിക്കായി കേരള പോലിസ് ഉപയോഗിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് എന്ന മിനിരത്‌ന കമ്പനിയാണ് ഈ കാമറകള്‍ നിര്‍മിച്ച് നല്‍കിയത്. ലൈവ് സ്ട്രീമിങ്ങാണ് ഇതിന്റെ ഒരു സവിശേഷത. 4ജി സിം ഉപയോഗിച്ച് ക്യാമറ ദൃശ്യങ്ങളും ശബ്ദവും ജിഎസ്എം സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയയ്ക്കാം. ക്രമസമാധാനപാലന വേളയില്‍ ജില്ലാ പോലിസ് മേധാവി, റേഞ്ച് ഐജി, എഡിജിപി, സംസ്ഥാന പോലിസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ഈ ദൃശ്യങ്ങള്‍ കാണാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും. കാമറയിലെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതിനാല്‍ യഥാര്‍ഥ കുറ്റവാളികളെ പിടികൂടാന്‍ കാമറ സഹായിക്കും. പുഷ് ടു ടോക് സംവിധാനം വഴി സീനിയര്‍ ഓഫിസര്‍ക്ക് കാമറ ഘടിപ്പിച്ച പോലിസ് ഓഫിസറോടും തിരിച്ചും സംസാരിക്കാനാവും. കാമറ സംവിധാനം ചേര്‍ന്ന ഒരു ഗ്രൂപ്പിനുള്ളില്‍ അംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനും കഴിയും. ഇവയ്ക്കു പുറമേ, 64 ജിബി മെമ്മറിയുള്ള കാമറകളില്‍ ഓഡിയോ വീഡിയോ റെക്കോഡിങ് സൗകര്യമുള്‍പ്പെടെ മറ്റു സാധാരണ കാമറകളിലുള്ള സംവിധാനങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോഡിങ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയും. പോലിസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും. എഡിജിപി ആനന്ദകൃഷ്ണന്‍, ഐജിമാരായ മനോജ് എബ്രഹാം, ദിനേന്ദ്ര കശ്യപ്, സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ്, എഐജി വി ഗോപാലകൃഷ്ണന്‍, എഎഐജി ഹരിശങ്കര്‍, കണ്‍ട്രോള്‍ റൂം എസി ബി സുരേഷ്‌കുമാര്‍ മറ്റ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day