|    Jan 21 Sat, 2017 3:42 am
FLASH NEWS

നിരാഹാരം നിര്‍ത്തി; സമരം ശക്തമാക്കും

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിവന്ന നിരാഹാരസമരം നിര്‍ത്തി. സഭയ്ക്കു പുറത്ത് പ്രക്ഷോഭം ശക്തമാക്കാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടാന്‍ യുഡിഎഫിന്റെ സമരത്തിലൂടെ കഴിഞ്ഞതായി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
11 ദിവസം അവധിയായതിനാലാണ് സഭയിലെ സമരം പിന്‍വലിക്കുന്നത്. 17നു രാവിലെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നിയമസഭയിലെ തുടര്‍സമരം ചര്‍ച്ച ചെയ്യും. എംഎല്‍എമാരുടെ നിരാഹാരം തുടരണോ വേണ്ടയോ എന്ന് ഈ യോഗം തീരുമാനിക്കും. സമരം നിര്‍ത്തുമ്പോള്‍ നിരാശയല്ല, തികഞ്ഞ സംതൃപ്തിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയപ്രശ്‌നത്തില്‍ സമരം നടത്തിയവര്‍ അധികാരത്തില്‍ വന്നപ്പോള്‍ രക്ഷാകര്‍ത്താക്കളെയും വിദ്യാര്‍ഥികളെയും വഞ്ചിച്ചു. ഇക്കാര്യങ്ങള്‍ തുറന്നുകാട്ടാന്‍ ഇന്ന് എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും യുഡിഎഫ് മാര്‍ച്ച് നടത്തും. 15, 16 തിയ്യതികളിലായി വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും സര്‍ക്കാരിന്റെ സ്വാശ്രയവഞ്ചന തുറന്നുകാട്ടി ജനകീയ സദസ്സ് സംഘടിപ്പിക്കും. 17നു വൈകീട്ട് എല്ലാ നേതാക്കളെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ജനകീയ സദസ്സ് ചേരും.
സ്വാശ്രയപ്രശ്‌നത്തില്‍ എല്‍ഡിഎഫിന്റെ ജനവഞ്ചന തുറന്നുകാട്ടി വരുംദിവസങ്ങളില്‍ തുടര്‍പരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി യുഡിഎഫ് യോഗം 17നു വൈകീട്ട് 4ന് കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. സ്വാശ്രയ പ്രവേശനം 7നു പൂര്‍ത്തിയാവുന്നതിനാല്‍ തുടര്‍സമരത്തിനു പ്രസക്തിയുണ്ടോയെന്ന ചോദ്യത്തിന്, അന്നു പ്രവേശനം പൂര്‍ത്തിയാവുമോ എന്നതില്‍ സംശയമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുകയാണ്. നിരവധി പരാതികളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത്രയും പാപ്പരത്തം നിറഞ്ഞ സര്‍ക്കാരാണെന്നു തെളിയിക്കാന്‍ നാലു മാസത്തിനിടെ പ്രതിപക്ഷത്തിനു കഴിഞ്ഞു. വന്‍ ജനപിന്തുണയാണ് സമരത്തിനു ലഭിച്ചത്. വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് സ്വാശ്രയപ്രശ്‌നം ഇത്രയും സങ്കീര്‍ണമാക്കിയത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരിപൂര്‍ണ പിന്തുണ പ്രതിപക്ഷത്തിനുണ്ട്. തന്റെ യഥാര്‍ഥ മുഖം പുറത്തുവന്നതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ മൂടുപടം പൂര്‍ണമായും അഴിഞ്ഞുവീണു. സ്വാശ്രയവിഷയത്തില്‍ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കു പോലും വ്യത്യസ്ത അഭിപ്രായമുണ്ട്. കരാറില്‍ ഒപ്പിടുന്നതിനു മുമ്പ് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ചോദിച്ചു.
നാലു മാസം പൂര്‍ത്തിയായപ്പോഴേക്കും സര്‍ക്കാര്‍ ഈ ഗതികേടിലേക്ക് എത്തിയതില്‍ സഹതപിക്കുന്നു. മര്‍ക്കടമുഷ്ടിയും ധാര്‍ഷ്ട്യവുമുള്ള മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂലമായ നിലപാടുകളൊന്നും പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രിയില്‍ യുഡിഎഫിനു വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക