|    Aug 18 Sat, 2018 10:04 pm
FLASH NEWS

നിരവധിപേര്‍ ദുരിതത്തില്‍: കണ്ണടച്ച് എംപിയും എംഎല്‍എയും

Published : 19th July 2018 | Posted By: kasim kzm

കെ എം അക്ബര്‍
ചാവക്കാട്: ശക്തമായ കടല്‍ക്ഷോഭത്തില്‍ വെള്ളം കയറി പഞ്ചായത്തിലെ 100ലേറെ കുടുംബങ്ങള്‍ ദുരിതത്തിലായിട്ടും സ്ഥലം എംഎല്‍എയും എംപിയും തിരിഞ്ഞു നോക്കിയില്ല. സി എന്‍ ജയദേവന്‍ എംപിക്കും കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എക്കുമെതിരേ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധം.
ഇക്കഴിഞ്ഞ ഞായറാഴ്ച മുതലാണ് കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം ശക്തമായത്. എന്നാല്‍ നാലു ദിവസം കഴിഞ്ഞിട്ടും കടപ്പുറം പഞ്ചായത്തുകാരന്‍ കൂടിയായ കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയും സി എന്‍ ജയദേവന്‍ എംപിയും കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കേള്‍ക്കാനോ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ ശ്രമം നടത്തിയിട്ടില്ല. ഇതോടേയാണ് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പ്രതിഷേധമുയര്‍ന്നത്.
ഇവരെ കണ്ടവരുണ്ടോ എന്ന തലക്കെട്ടോടെ എംഎല്‍എയുടേയും എംപിയുടേയും ഫോട്ടോ സഹിതമാണ് പലരുടേയും പോസ്റ്റ്. കടപ്പുറം പഞ്ചായത്തുകാരന്‍ കൂടിയായ എംഎല്‍എക്കെതിരേയാണ് കൂടുതല്‍ പ്രതിഷേധം. എംഎല്‍എ കാണാതായിട്ട് നാളുകളേറേയായെന്നും എംഎല്‍എയായി തിരഞ്ഞെടുത്തത് ജനങ്ങളെ വഞ്ചിക്കാനല്ലെന്നും പലരും പോസ്റ്റ് ചെയ്തു.
അതേസമയം ദുരിതം നേരിടുന്ന സ്ഥലങ്ങളിലെത്തി നാടകം കാണിച്ച് പോകാതെ പകരം അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് എംഎല്‍എ ചെയ്യുന്നതെന്നാണ് സൈബര്‍ സഖാക്കളുടെ മറുപടി.
എന്നാല്‍ ജനങ്ങളുടെ ദുരിതം നേരിട്ടുകാണാതെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ എംഎല്‍എക്ക് കഴിയുമോയെന്ന ചോദ്യത്തിന് മറുപടി പറയാതെ സൈബര്‍ സഖാക്കള്‍ മുങ്ങുന്നതും സോഷ്യല്‍ മീഡിയയില്‍ കാണാം. മുസ്്‌ലിം ലീഗിന്റെ കുത്തക മണ്ഡലമായിരുന്ന ഗുരുവായൂരില്‍ 12 വര്‍ഷമായി തുടര്‍ച്ചയായി എംഎല്‍എയായി തുടരുന്ന കെ വി അബ്ദുല്‍ ഖാദറിന്റെ ഈ നിലപാട് ചില സിപിഎം പ്രവര്‍ത്തകരിലും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
കടല്‍ക്ഷോഭം ശക്തമായ സമയത്ത് അധികൃതരുടെ അനാസ്ഥക്കെതിരേ കക്ഷി രാഷ്ട്രീയത്തിനധീതമായി ജനകീയ കൂട്ടായ്മ രൂപപ്പെടുകയും കൂട്ടായ്മയുടെ നേതൃത്വത്തി ല്‍ റോഡ് ഉപരോധ സമരം സംഘടിപ്പിക്കുകയും ചെയ്തതോടെ തഹസില്‍ദാര്‍ അടക്കമുള്ളവര്‍ മേഖലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും എംഎല്‍എയും എംപിയും മേഖലയില്‍ എത്തി നോക്കുകപോലും ചെയ്തിട്ടില്ല.
അതേസമയം കടപ്പുറം പഞ്ചായത്ത് ഭരണകൂടം കടല്‍ക്ഷോഭ ദുരിതബാധിത പ്രദേശങ്ങളില്‍ ക്രിയത്മാക പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ദിവസങ്ങളായി ഉപ്പു കലര്‍ന്ന ചെളിവെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ടീമിനെ കൊണ്ടു വന്ന് വെള്ളം പമ്പ് ചെയ്തും മണ്ണ് മൂടിയ കാനകളില്‍ നിന്നും എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്.
പ്രതിഷേധാര്‍ഹം: ഐഎന്‍എല്‍
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയും സി എന്‍ ജയദേവന്‍ എംപിയും സന്ദര്‍ശിക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഐഎന്‍എല്‍ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പി മൊയ്തു അധ്യക്ഷത വഹിച്ചു. പി എം നൗഷാദ്, ആര്‍ എച്ച് സൈഫുദ്ദീന്‍, കെ എം ഫൈസല്‍, പി വി നിഷാദ്, സുല്‍ഫിക്കര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss