|    Nov 21 Wed, 2018 1:02 am
FLASH NEWS

നിരവധിപേരുടെ പെന്‍ഷനുകള്‍ തടഞ്ഞു

Published : 27th August 2018 | Posted By: kasim kzm

താമരശ്ശേരി: സാര്‍, ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ടെന്നു തെളിയിക്കാനാണ് ഇപ്പോള്‍ താങ്കളുടെ മുന്നില്‍ വന്നത്. കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിലെ കത്തറമ്മല്‍ കരിങ്കൊറ്റി ചന്ദ്രനാണ് താന്‍ ജീവിച്ചിരിക്കുന്നത് തെളിയിക്കാന്‍ പഞ്ചായത്ത് അധികാരികളുടെ മുന്നിലെത്തിയത്. ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലും യാതൊരു മാനദണ്ഡവുമില്ലാതെ വിവിധ ക്ഷേമ പെന്‍ഷനുകളാണ് വ്യാപകമായി തടഞ്ഞത്. ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കാണിച്ചും ചെറ്റക്കുടിലില്‍ താമസിക്കുന്നവര്‍ക്കു പോലും ആഡംബര കാര്‍ ഉണ്ടെന്ന കാരണം പറഞ്ഞുമാണ് കിട്ടിക്കൊണ്ടിരുന്ന പെന്‍ഷനുകള്‍ തടഞ്ഞത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് അധികൃതര്‍ക്കു നേരിടേണ്ടിവരുന്നത്. കിഴക്കോത്ത് പഞ്ചായത്തില്‍ മാത്രം 400ലധികം പേരുടെ ക്ഷേമ പെന്‍ഷനുകളാണ് ഇത്തരത്തില്‍ തടയപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് പഞ്ചായത്തുകളിലേക്ക് പെന്‍ഷന്‍ തടഞ്ഞവരുടെ പേരും കാരണവും അടങ്ങിയ ഇ-മെയില്‍ സന്ദേശം ലഭിച്ചത്. ഇതു പരിശോധിച്ചതോടെയാണ് പലരുടെയും പെന്‍ഷന്‍ നിലച്ചത് മരിച്ചതായി രേഖപ്പെടുത്തപ്പെട്ടതോടെയാണ്. മരിച്ചവരായി രേഖപ്പെടുത്തിയവര്‍ മുഴുവന്‍പേരും തന്നെ ഇപ്പോവും ജീവിച്ചിരിക്കുന്നു. ജീവിതത്തില്‍ ഒരു വാഹനം പോലും സ്വന്തമാക്കാന്‍ സാധിക്കാത്തവരെ നാലുചക്ര വാഹനയുടമകളുമാക്കി. അവരുടെ വാഹനത്തിന്റെ പേരും രജിസ്‌ട്രേഷന്‍ നമ്പറും സഹിതമാണ് ലിസ്റ്റ് വന്നത്. നിരവധി പഞ്ചായത്തുകളില്‍ സമാനമായ ലിസ്റ്റ് ലഭിച്ചതായി അറിയുന്നു. തങ്ങളെ ഏതു കാരണത്താലാണ് ഒഴിവാക്കിയതെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ലാത്തത് വാക്തര്‍ക്കത്തിനു കാരണമാവുന്നു. പെന്‍ഷന്‍ ലഭിക്കുന്നവരില്‍ അനര്‍ഹര്‍ കടന്നുകൂടിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരക്കാരെ ഒഴിവാക്കുന്നതിനുവേണ്ടി നിര്‍ദേശം വന്നത്. എന്നാല്‍ തഴയപ്പെട്ടവരില്‍ മഹാ ഭൂരിപക്ഷവും അര്‍ഹരായവരും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരുമാണ്. പെന്‍ഷനുകള്‍ തടയപ്പെട്ടവരോട് വീണ്ടും അപേക്ഷ നല്‍കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇത് പ്രായമായവരെയും അംഗ പരിമിതരേയും ഏറെ കഷ്ടപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇപ്പോള്‍ തന്നെ പലരും പഞ്ചായത്ത്, മുനിസിപ്പല്‍ ഓഫിസുകളില്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ് സംജാതമായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനടയ്ക്ക് അപേക്ഷ നല്‍കിയ ആര്‍ക്കും പെന്‍ഷന്‍ നല്‍കിയിട്ടില്ലെന്നും ഇതിനുള്ള സൈറ്റ് ലോക്കാണെന്നും ഗ്രാമപ്പഞ്ചായത്തധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss