|    Nov 19 Mon, 2018 8:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിരപരാധിയെ തടവിലടച്ച എസ്‌ഐക്ക് സ്ഥലംമാറ്റം

Published : 3rd November 2018 | Posted By: kasim kzm

കണ്ണൂര്‍: മാല പിടിച്ചുപറിക്കേസില്‍ നിരപരാധിയായ പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവത്തില്‍ ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലായിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടി. നിവിന്‍പോളി നായകനായ ആക്ഷന്‍ ഹീറോ എസ്‌ഐ ബിജു എന്ന സിനിമയുടെ മാതൃകയില്‍ ജനകീയ പിന്തുണയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി ശ്രദ്ധേയനായ ചക്കരക്കല്‍ എസ്‌ഐ പി ബിജുവിനെ കണ്ണൂര്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റിലേക്ക് സ്ഥലംമാറ്റി. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ആയും മയ്യില്‍ സ്റ്റേഷന്‍ എസ്‌ഐ ആയും ജോലിചെയ്തിരുന്ന പി ബാബുമോനെ ചക്കരക്കല്ലിലേക്ക് പകരക്കാരനായി നിയമിച്ചു.
പെരളശ്ശേരിയില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയയാള്‍ വീട്ടമ്മയുടെ മാല മോഷ്ടിച്ച് കടന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കതിരൂര്‍ സ്വദേശിയായ പ്രവാസി താജുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. മകളുടെ നിക്കാഹിനായി 10 ദിവസത്തേക്ക് നാട്ടിലെത്തിയ താജുദ്ദീനെ ആഗസ്ത് 11ന് പാതിരാത്രി ചക്കരക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. 52 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ താജുദ്ദീന് ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങിയ താജുദ്ദീന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ താജുദ്ദീന്‍ നിരപരാധിയാണെന്നു കണ്ടെത്തി. എന്നാല്‍, എസ്‌ഐ ബിജു തന്റെ വാദത്തില്‍ ഉറച്ചുനിന്നു. നിയമപോരാട്ടം തുടരുമെന്ന് താജുദ്ദീന്‍ മാധ്യമങ്ങളിലൂടെ അറിയിക്കുകയും മനുഷ്യാവകാശ, ബാലാവകാശ കമ്മീഷനുകളില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് നടപടിക്ക് പോലിസ് നിര്‍ബന്ധിതമായത്.
അതേസമയം, താല്‍ക്കാലികമായി കണ്ണില്‍പ്പൊടിയിടുന്നതിനായാണ് എസ്‌ഐയെ സ്ഥലം മാറ്റിയതെന്ന് താജുദ്ദീന്‍ പ്രതികരിച്ചു. എസ്‌ഐ ബിജുവിനെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും താജുദ്ദീന്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss