|    Jun 18 Mon, 2018 7:43 am
FLASH NEWS
Home   >  Editpage  >  Editorial  >  

നിരത്തുകളില്‍ പൊലിയുന്ന മനുഷ്യജീവന്‍

Published : 11th August 2017 | Posted By: fsq

 

ബന്ധുക്കളായ എട്ടു പേരും ഡ്രൈവറുമടക്കം ഒമ്പതു പേര്‍ കോഴിക്കോട് കൈതപ്പൊയിലിലുണ്ടായ അപകടത്തില്‍ മരണമടഞ്ഞ വാര്‍ത്ത കരളലിയിക്കുന്നതാണ്. മരിച്ചവരില്‍ ആറുപേര്‍ കുട്ടികളാണെന്നതാണ് ഏറെ ഹൃദയഭേദകം. കേരളത്തിലെ നിരത്തുകളില്‍ പൊലിയുന്ന മനുഷ്യജീവന്റെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2017 ഏപ്രില്‍ വരെയുള്ള കണക്കുപ്രകാരം മാത്രം 12,938 റോഡപകടങ്ങളിലായി 1,330 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം അപകടമരണത്തിന് ഇരയായവര്‍ 4300ന് അടുത്തുവരും. അപകടങ്ങളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണ് അപകടമരണത്തില്‍ ഇന്ത്യ. 2015ല്‍ 1,46,133 പേര്‍ റോഡപകടം മൂലം മരണപ്പെട്ടു. അമേരിക്കയേക്കാള്‍ പകുതിയില്‍ താഴെ വാഹനങ്ങളുള്ള നമ്മുടെ രാജ്യത്ത് സംഭവിക്കുന്ന അപകടങ്ങള്‍ അവിടത്തേക്കാള്‍ ഒന്നര ഇരട്ടിയിലധികമാണ്. മെച്ചപ്പെട്ട റോഡുകളും കര്‍ശനമായ ട്രാഫിക് നിയമങ്ങളുമാവാം മറ്റു രാജ്യങ്ങളില്‍ റോഡപകടങ്ങള്‍ കുറയുന്നതിനു കാരണം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ 2014ല്‍ സുപ്രിംകോടതി ഒരു പ്രത്യേക നിരീക്ഷണ സമിതി രൂപീകരിച്ചിരുന്നു. ഇന്ത്യയിലെ റോഡുകളെ ഭീമന്‍ കൊലയാളികള്‍ എന്നാണ് സുപ്രിംകോടതി വിശേഷിപ്പിച്ചത്. ദേശീയപാതകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച് അന്നു മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പടിപടിയായി സംസ്ഥാന പാതകളിലും നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ജലരേഖയായതുകൊണ്ടോ നിയമങ്ങള്‍ കര്‍ക്കശമാവാത്തതുകൊണ്ടോ മാത്രമല്ല അപകടങ്ങള്‍ വര്‍ധിക്കുന്നത്. നിയമങ്ങള്‍ നടപ്പാക്കേണ്ടവര്‍ക്കും പാലിക്കേണ്ടവര്‍ക്കും തുല്യമായ ഉത്തരവാദിത്തം ഇക്കാര്യത്തിലുണ്ട്. പൊട്ടിപ്പൊളിഞ്ഞതും വീതി കുറഞ്ഞതുമായ റോഡുകള്‍, വാഹനപ്പെരുപ്പം, അമിതവേഗം, ഗതാഗതക്ഷമമല്ലാത്ത വാഹനങ്ങള്‍, മോട്ടോര്‍വാഹന വകുപ്പിന്റെ അനാസ്ഥയും അഴിമതിയും, മദ്യപിച്ചും മൊബൈല്‍ഫോണില്‍ സംസാരിച്ചും വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍, ട്രാഫിക് നിയമങ്ങളുടെ നഗ്നമായ ലംഘനം, ശിക്ഷാനടപടികളിലെ ലഘുത്വം എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട് അപകടങ്ങളുടെ വര്‍ധനയ്ക്കു പിന്നില്‍. വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴും തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവരോട് മൃദുസമീപനം സ്വീകരിക്കുമ്പോഴും അപകടമരണങ്ങള്‍ക്കുള്ള അനുമതിയായി ഇവ മാറുകയാണെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കേണ്ടതുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും ബോധവല്‍ക്കരണ ശ്രമങ്ങള്‍ വ്യാപകമാക്കിയും റോഡപകടങ്ങളുടെ തോത് കുറയ്ക്കാന്‍ കഴിഞ്ഞേക്കും. നല്ല റോഡുകളും സുരക്ഷിതമായ വാഹനങ്ങളും കര്‍ശനമായ നിയമങ്ങളും ഉണ്ടായതു കൊണ്ടു മാത്രവും പ്രശ്‌നം പരിഹൃതമാവില്ല. അശ്രദ്ധയും അമിതവേഗവും സാഹസികതയും മല്‍സര ഓട്ടവും തങ്ങളുടെയും മറ്റുള്ളവരുടെയും ജീവന്‍ ഏതു നിമിഷവും കവര്‍ന്നെടുത്തേക്കുമെന്ന കരുതല്‍ വാഹനമോടിക്കുന്നവര്‍ക്കും ഉണ്ടാവേണ്ടതുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss