|    Jul 22 Sat, 2017 6:29 am
FLASH NEWS

നിരണത്തെ ഗുണ്ടാ ആക്രമണം; നാലു പ്രതികള്‍ കൂടി അറസ്റ്റില്‍

Published : 13th July 2016 | Posted By: SMR

തിരുവല്ല: നിരണം പഞ്ചായത്ത് മുക്കിന് സമീപം കഴിഞ്ഞ ജൂണ്‍ 28ന് നടന്ന ഗുണ്ടാ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ നാല് പ്രതികളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. കാര്‍ത്തികപ്പള്ളി ചിങ്ങോലി സ്മിതാഭവനില്‍ ശ്യാംരാജ് (18), ചിങ്ങോലി സൃബീഷ് ഭവനില്‍ സുധീഷ് (22), സഹോദരന്‍ സുബീഷ് (20), ചിങ്ങേലി സ്വദേശിയായ വിദ്യാര്‍ഥി എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഹരിപ്പാട് വല്യത്ത് കിഴക്കേതില്‍ പുത്തന്‍ കണ്ടത്തില്‍ വിനോദ് എം ബേബി(35)യെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ ഈ കേസിലെ അഞ്ച് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇനിയും മൂന്ന് പ്രതികളെ കൂടി കിട്ടാനുണ്ട്. ഇവര്‍ക്കു വേണ്ടി പോലിസ് തിരച്ചില്‍ തുടരുകയാണ്. ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികളെ പോലിസ് കോടതിയില്‍ ഹാജരാക്കി. വിദ്യാര്‍ഥിയായ പ്രതിയെ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പത്തനംതിട്ട ജുവനൈല്‍ കോടതി മുമ്പാകെയാണ് ഹാജരാക്കിയത്. കഴിഞ്ഞ ജൂണ്‍ 27ന് ഒന്നാം പ്രതി വിനോദ് രാത്രി എട്ടരയോടെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ നിരണം പഞ്ചായത്ത് മുക്കില്‍ എത്തി.അടുത്തുള്ള കടയില്‍ നിന്നു സിഗററ്റ് വാങ്ങാന്‍ തുനിഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന സുജിത്ത് എന്ന യുവാവ് രാത്രിയില്‍നിങ്ങള്‍ എവിടെപോവുയാണെന്നും നാടെവിടെയാണെന്നും മറ്റും ചോദിച്ചത് വിനോദിന് പിടിച്ചില്ല. തര്‍ക്കുത്തരം പറഞ്ഞ വിനോദിനെ സുജിത്ത് മര്‍ദ്ദിച്ചുവത്രെ. പാലായില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ െ്രെഡവറായി ജോലി ചെയ്യുന്ന വിനോദ് താമസിക്കുന്നത് കിടങ്ങൂരാണ്. അവിടെ നിന്നു നിരണത്തുള്ള ഭാര്യവീട്ടില്‍ പോവാനാണ് വിനോദ് വന്നതെങ്കിലും, സുജിത്തുമായുള്ള അടിപിടിയെ തുടര്‍ന്ന് ഭാര്യ വീട്ടിലേക്ക് പോകാതെ കിടങ്ങൂരേക്ക് മടങ്ങി പോയി. അവിടെ ചെന്ന് സുജിത്തിനോട് പക വീട്ടണമെന്ന് തീരുമാനിച്ചു.
ഒരു വാഹനം ക്രമീകരിച്ചാല്‍ ഞങ്ങള്‍ ആള്‍ക്കാരെ സംഘടിപ്പിച്ച് സുജിത്തിനോട് പകരം ചോദിച്ചു കൊള്ളാമെന്നും, തിരിച്ചടിക്കാമെന്നും സുഹൃത്തുക്കള്‍ ഉറപ്പ് നല്‍കിയതോടെ വിനോദ് പിന്നീട് ആ വഴിക്ക് നീങ്ങുകയായിരുന്നു. മറ്റൊരു സുഹൃത്തിന്റെ ആഡംബര കാര്‍ സംഘടിപ്പിച്ച് 28ന് വൈകുന്നേരം വിനോദ് സുഹൃത്തുക്കള്‍ക്കൊപ്പം നങ്ങ്യാര്‍കുളങ്ങരയിലെത്തി ആളെ സംഘടിപ്പിച്ച് ബാറില്‍ കയറി മദ്യപിച്ച ശേഷം നിരണത്തേക്ക് നീങ്ങുകയായിരുന്നു.
ഇതിനിടയില്‍ ഇവര്‍ കഞ്ചാവും ഉപയോഗിച്ചിരുന്നു. നിരണത്ത് എത്തിയ സംഘം ആദ്യം നാട്ടുകാരിലൊരാളായ വൈശാഖിനെയാണ് സുജിത്ത് എന്ന് തെറ്റിദ്ധരിച്ച് മര്‍ദ്ദിച്ചത്. ഇതോടെ സുജിത്തിനെ വിനോദ് സംഘത്തിന് ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്നായിരുന്നു സുജിത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.ഇത് കണ്ട് സമീപത്തുള്ള നാട്ടുകാര്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ചതിനിടെ നാട്ടുകാരില്‍ ചിലര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
ആള്‍ക്കാര്‍ കൂടിയതോടെ അക്രമിസംഘം കാറില്‍ കയറി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതികളില്‍ നിന്നും പോലിസിന് ലഭിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്. അറസ്റ്റിലായ ശ്യാംരാജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവും മറ്റ് ലഹരി പദാര്‍ഥങ്ങളും വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പോലിസ് പറഞ്ഞു. തിരുവല്ല സിഐ മനോജ് ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക