|    Apr 20 Fri, 2018 3:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിയമസഭ: നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് നാളെ തുടക്കം

Published : 27th June 2016 | Posted By: SMR

തിരുവനന്തപുരം: അന്തരിച്ച മു ന്‍ നിയമസഭാ സ്പീക്കര്‍ ടി എസ് ജോണിന് ചരമോപചാരം അ ര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്കു പിരിയും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നാളെ ആരംഭിക്കും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് നന്ദിപ്രമേയ ചര്‍ച്ച നടക്കുക. റമദാന്‍ പ്രമാണിച്ച് ജൂലൈ ഒന്നുമുതല്‍ ഏഴുവരെ സമ്മേളനത്തിന് ഇടവേള അനുവദിച്ചു. എട്ടിന് 2016-17 സാമ്പത്തികവര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിക്കും.
സംസ്ഥാനം ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ റവന്യൂ വരുമാനം വര്‍ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ യോഗത്തിലുണ്ടാവും. അതേസമയം, പുതിയ സര്‍ക്കാരിന്റെ ആദ്യബജറ്റായതിനാ ല്‍ പുതിയ നികുതി നിര്‍ദേശങ്ങ ള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയില്ല. വ്യാപാരികളില്‍നിന്ന് നികുതി ചോര്‍ച്ച തടയുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. സാധനം വാങ്ങിയാല്‍ ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുന്ന സംവിധാനം കര്‍ക്കശമാക്കാനാണ് നീക്കം. 11 മുതല്‍ 13—വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. സപ്തംബറില്‍ ചേരുന്ന സമ്മേളനത്തിലാവും ധനാഭ്യര്‍ഥന ചര്‍ച്ചകളും ബജറ്റ് പാസാക്കലും നടക്കുക. സപ്തംബര്‍ വരെയുള്ള ചെലവുകള്‍ക്ക് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. 14ന് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 15ന് സ്വകാര്യ ബില്ലുകളുടെ അവതരണവും മറ്റ് ഗവണ്‍മെന്റ് കാര്യവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
18ന് ധനവിനിയോഗ ബില്ല് പരിഗണനയ്‌ക്കെടുക്കും. ജൂലൈ 19ന് 14ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം അവസാനിക്കും. ഈ സമ്മേളന കാലയളവില്‍തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പുണ്ടായേക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമുണ്ടായ വിവാദവിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സഭയില്‍ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. തലശ്ശേരിയില്‍ ദലിത് സ്ത്രീകളെ ജയിലില്‍ അടച്ച സംഭവം, യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം പൊളിച്ചെഴുതാനുള്ള തീരുമാനം, സ്‌പോര്‍ട്‌സ് കൗണ്‍സിലി ല്‍നിന്ന് രാജ്യാന്തര കായികതാരം അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ പുകച്ചു പുറത്തുചാടിച്ചത്, ആതിരപ്പിള്ളി പദ്ധതി, ദേവസ്വം- വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍, സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ തുടങ്ങിയവ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കും. രണ്ടിലധികം പ്രതിപക്ഷത്തെ സര്‍ക്കാരിന് സഭയില്‍ നേരിടേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
യുഡിഎഫിനു പുറമെ ബിജെപി അംഗവും സഭയിലുണ്ട്. കൂടാതെ സ്വതന്ത്രനായി വിജയിച്ചെത്തിയ പി സി ജോര്‍ജും പ്രതിപക്ഷ റോളിലെത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss