|    Mar 23 Thu, 2017 2:00 pm
FLASH NEWS

നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം; സഭ പ്രക്ഷുബ്ധമാവും

Published : 26th September 2016 | Posted By: SMR

നിഷാദ് എം  ബഷീര്‍

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം വിവാദവിഷയങ്ങളാല്‍ കലുഷിതമായിരിക്കെ 14ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്നു തുടക്കം. സമ്പൂര്‍ണ ബജറ്റ് പാസാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. നവംബര്‍ 10 വരെ നീളുന്ന സമ്മേളനം ആകെ 29 ദിവസമാവും ചേരുക. ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി അഞ്ചു ദിവസവും മാറ്റിവച്ചിട്ടുണ്ട്.
സ്വാശ്രയ പ്രവേശനത്തിലെ ഫീസ് വര്‍ധനയും സൗമ്യ വധക്കേസില്‍ സുപ്രിംകോടതിയില്‍ നിന്നു നേരിടേണ്ടിവന്ന തിരിച്ചടിയുമാണ് സര്‍ക്കാരിനെതിരേ പ്രതിപക്ഷം പ്രധാനമായും ആയുധമാക്കുക. സമ്മേളന കാലയളവില്‍ വിവാദവിഷയങ്ങളില്‍ സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബാര്‍ കോഴ ആരോപണം ഉയര്‍ത്തി ആരോപണത്തെ പ്രതിരോധിക്കാനാവും സര്‍ക്കാര്‍ ശ്രമിക്കുക. കെ ബാബുവിനെതിരായ കേസാവും പ്രത്യാക്രമണത്തിനുള്ള പ്രധാന ആയുധം. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായി ഒത്തുകളിെച്ചന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കും.
ഒക്ടോബര്‍ 27നു ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയും 31ന് ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും നടക്കും. സമ്മേളനത്തിന്റെ ആദ്യദിനം തന്നെ 2016ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ഭേദഗതി) ബില്ല്, 2016ലെ കേരള അടിസ്ഥാനസൗകര്യ നിക്ഷേപനിധി (ഭേദഗതി) ബില്ല് എന്നിവയുടെ അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയത്തിന്റെ പരിഗണനയും നടക്കും. 2016ലെ കേരള ധനകാര്യ ബില്ല് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ സമ്മേളനത്തില്‍ തന്നെ പാസാക്കും.
കെ എം മാണി യുഡിഎഫ് വിട്ട ശേഷം ആദ്യമായാണ് സഭ ചേരുന്നത്. കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷനിരയില്‍ മൂന്നാമതായിരുന്ന മാണിയും കേരളാ കോണ്‍ഗ്രസ്-എമ്മും ഇത്തവണ പ്രത്യേക ബ്ലോക്കായി ഇരിക്കും. ഭരണ-പ്രതിപക്ഷ ആരോപണ പ്രത്യാരോപണ വിഷയങ്ങളില്‍ മാണിയുടെ നിലപാട് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക