|    Apr 26 Thu, 2018 1:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമസഭാ സമ്മേളനം 26 മുതല്‍

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഈ മാസം 26ന് ആരംഭിക്കും. 2016-2017 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പൂര്‍ണമായി പാസാക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 10 വരെ നീളുന്ന സമ്മേളനം ആകെ 29 ദിവസമായിരിക്കും ചേരുക. കഴിഞ്ഞ സമ്മേളനത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റും 2017-18 വര്‍ഷത്തെ ലോങ്‌ടേം ഫിസ്‌കല്‍ പോളിസിയുമാണ് അവതരിപ്പിച്ചത്. കൂടാതെ, 2016 ആഗസ്ത് മുതല്‍ മൂന്നു മാസത്തേക്കുള്ള ചെലവുകള്‍ക്കായുള്ള വോട്ട് ഓണ്‍ അക്കൗണ്ടും ധനവിനിയോഗ ബില്ലും പാസാക്കിയിരുന്നു. 26ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി അഞ്ചു ദിവസവും (മൂന്നു ദിവസം ബില്ലും രണ്ടു ദിവസം പ്രമേയവും) മാറ്റിവച്ചിട്ടുണ്ട്.
മഹാനവമി, വിജയദശമി, മുഹര്‍റം എന്നിവ പ്രമാണിച്ച് ഒക്ടോബര്‍ 10 മുതല്‍ 14 വരെ സഭ ചേരില്ല.
ഒക്ടോബര്‍ 27ന് ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയും 31ന് ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും നടക്കും. സമ്മേളനത്തിന്റെ ആദ്യദിനം തന്നെ 2016ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ഭേദഗതി) ബില്ല്, 2016ലെ കേരള അടിസ്ഥാനസൗകര്യ നിക്ഷേപനിധി (ഭേദഗതി) ബില്ല് എന്നിവയുടെ അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയത്തിന്റെ പരിഗണനയും നടക്കും. 2016ലെ കേരള ധനകാര്യ ബില്ല് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ സമ്മേളനത്തില്‍ തന്നെ പാസാക്കും. കൂടാതെ, പ്രാധാന്യമുള്ള ഏതാനും ബില്ലുകളും പാസാക്കാന്‍ സമയം ക്രമീകരിച്ചിട്ടുണ്ട്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബില്ല് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പാസാക്കേണ്ട ബില്ലുകള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടിക ലഭ്യമാവുന്ന മുറയ്ക്ക് കാര്യോപദേശക സമിതി ചേര്‍ന്ന് അക്കാര്യം തീരുമാനിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. നിയമനിര്‍മാണപ്രക്രിയ കൂടുതല്‍ ഗൗരവത്തോടും അംഗങ്ങളുടെ പൂര്‍ണമായ പങ്കാളിത്തത്തോടും കൂടിയാവേണ്ടതുണ്ട്. നിയമനിര്‍മാണം വെറുമൊരു ചടങ്ങു മാത്രമാക്കാതെ ജനങ്ങള്‍ക്കും സമൂഹത്തിനും ഉതകുന്ന രീതിയില്‍ ബില്ലുകളുടെ വ്യവസ്ഥകള്‍ സംബന്ധിച്ച് വേണ്ടത്ര പഠിച്ച് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കണം.
നിര്‍ദിഷ്ട ചരക്കുസേവന നികുതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ കേരള നിയമസഭ ഇതു പാസാക്കേണ്ട കാര്യമില്ല. എങ്കിലും വ്യവസ്ഥകളെയും നിയമം നടപ്പാക്കുന്നതുമൂലം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ നികുതിഘടനയില്‍ സംഭവിക്കാവുന്ന മാറ്റങ്ങളെയും സംബന്ധിച്ച് ഈ മാസം 29നു പ്രത്യേക സെമിനാര്‍ നടത്തുമെന്നും സ്പീക്കര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss