|    Aug 19 Sat, 2017 12:43 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഈ മാസം ഏഴിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൂര്‍ണമായി നിയമനിര്‍മാണം മാത്രം ഉദ്ദേശിച്ചാണ് സമ്മേളനം ചേരുന്നത്. 13 ദിവസമാണ് സഭ ചേരുക. പത്തു ദിവസം നിയമനിര്‍മാണ കാര്യങ്ങള്‍ക്കായും രണ്ടു ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ഒരു ദിവസം ഉപധനാഭ്യര്‍ഥനയ്ക്കായും മാറ്റിവച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തിനുശേഷം പുറപ്പെടുവിച്ച ഒമ്പത് ഓര്‍ഡിനന്‍സുകളും സുപ്രധാനമായ മറ്റു ബില്ലുകളും സമ്മേളനത്തില്‍ പാസാക്കാനുണ്ട്. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിക്കാന്‍ നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ശ്രദ്ധയില്‍പ്പെടാത്ത കാര്യങ്ങള്‍ ഇതിലൂടെ കണ്ടെത്താനാവും. അഭിപ്രായശേഖരണം ഏതു മാര്‍ഗത്തിലൂടെ വേണമെന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  സമ്മേളനത്തിന്റെ ആദ്യദിവസം സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ബില്ലാണ് പരിഗണനയ്ക്കു വരുക. ഇതോടൊപ്പം കേരള സഹകരണ സംഘങ്ങള്‍ (ഭേദഗതി) ബില്ലിന്റെ അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയം പരിഗണിക്കലും നടക്കും. രണ്ടാം ദിവസം 2017ലെ ചരക്കുസേവന നികുതി ബില്ലിന്റെയും 2017ലെ കേരള മോട്ടോര്‍ വാഹന നികുതി ചുമത്തല്‍ (ഭേദഗതി) ബില്ലിന്റെയും അവതരണം നടക്കും. മറ്റു ബില്ലുകളുടെ സമയക്രമവും ധനകാര്യ ബിസിനസിന്റെ സമയക്രമവും ആദ്യദിവസം ചേരുന്ന കാര്യോപദേശക സമിതി യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കും. കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഭേദഗതി, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍), കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബി, കേരള മുനിസിപ്പാലിറ്റി (ഭേദഗതി), കേരള മാരിടൈം ബോര്‍ഡ്, കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും നിയന്ത്രണവും), കേരള ഹൈക്കോടതി (ഭേദഗതി) തുടങ്ങിയ ബില്ലുകളാണ് ഈ സമ്മേളനത്തില്‍ സഭ പരിഗണിക്കുക. ചരക്കുസേവന നികുതി നിലവില്‍വന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള പ്രത്യേക സാഹചര്യങ്ങള്‍ സംബന്ധിച്ച സെമിനാര്‍ നിയമസഭാ കോംപ്ലക്സില്‍ സംഘടിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക