|    Apr 27 Fri, 2018 2:13 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിക്കും; പോരിന് പുതിയ ആയുധവുമായി പ്രതിപക്ഷം

Published : 17th October 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: പൂജ അവധിയും പ്രതിപക്ഷ ബഹളവും കാരണം നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിക്കും. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധനയും തലവരിപ്പണം വാങ്ങലും ഉയര്‍ത്തിക്കാട്ടി സഭയില്‍ പ്രക്ഷോഭം നടത്തിയ പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി വീണുകിട്ടിയ തുറുപ്പുചീട്ടാണ് ബന്ധുനിയമന വിവാദം. ആരോപണവിധേയനായ ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും നിയമനവിവാദത്തില്‍ സഭയില്‍ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
12 ദിവസത്തെ ഇടവേളയ്ക്കു ശേഷം ചേരുന്ന നിയമസഭാ സമ്മേളനവും സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രക്ഷോഭത്തില്‍ കലങ്ങിമറിയും. മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ വലംകൈയാണ് ജയരാജന്‍. അതുകൊണ്ടുതന്നെ പിണറായി അറിയാതെ ജയരാജന്‍ യാതൊന്നും ചെയ്യില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
ബന്ധുനിയമന വിവാദം ജയരാജനിലേക്കു മാത്രം ഒതുക്കുന്നതിനെതിരേയും പ്രതിപക്ഷം രംഗത്തുവരും. മുഖ്യമന്ത്രി, മന്ത്രിമാരായ കെ കെ ശൈലജ, ജെ മേഴ്‌സിക്കുട്ടിയമ്മ, പി കെ ശ്രീമതി എംപി, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയ വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.
സപ്തംബര്‍ 26 മുതല്‍ ആരംഭിച്ച നിയമസഭ സ്വാശ്രയപ്രശ്‌നത്തിലെ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് തുടര്‍ച്ചയായി സ്തംഭിച്ചിരുന്നു. പല ദിവസങ്ങളിലും ചോദ്യോത്തരവേള പോലും ഉപേക്ഷിക്കേണ്ടിവന്നു. സഭാ സമ്മേളനം നിര്‍ത്തിവച്ച സാഹചര്യത്തിലാണ് നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിവന്ന നിരാഹാരവും താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ഇന്നു രാവിലെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നായിരിക്കും ഭാവി സമരമുറകളെക്കുറിച്ച് തീരുമാനമെടുക്കുക. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ ഇന്നു നിയമസഭയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനു സഭയില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിവരും. പിണറായിയുടെ തൊട്ടടുത്തുള്ള കസേരയില്‍ നിന്ന് ഇ പി ജയരാജന്‍ തൊട്ടുപിന്നിലെ നിരയിലെ മന്ത്രിമാര്‍ക്കും ശേഷമുള്ള ഇരിപ്പിടത്തിലേക്കു മാറും. ഇന്നു മുതല്‍ 25 വരെ വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ പരിഗണിക്കും. പിന്നെ ധനകാര്യ ബില്ല് അവതരണം. നവംബര്‍ 10 വരെയാണ് സമ്മേളനം. നിയമന വിവാദം കത്തിപ്പടര്‍ന്നാല്‍ സഭാ സമ്മേളനം വെട്ടിച്ചുരുക്കിയേക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss