|    Dec 14 Thu, 2017 3:54 am
FLASH NEWS

നിയമസഭാ സമിതി കലക്ടറേറ്റില്‍ സിറ്റിങ് നടത്തി : മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും

Published : 14th July 2017 | Posted By: fsq

 

മലപ്പുറം: മുതിര്‍ന്ന പൗരന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള നിയമസഭാസമിതി പറഞ്ഞു. കലക്ടറേറ്റില്‍ നടന്ന സിറ്റിങില്‍ സംസാരിക്കുകയായിരുന്നു സമിതി അംഗങ്ങള്‍. കാരണമില്ലാതെ സര്‍വീസല്‍നിന്ന് മാറ്റിനിര്‍ത്തുകയും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്‌തെന്ന മഞ്ചേരി കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് മുന്‍ജീവനക്കാരന്റെ പരാതിയില്‍ ജോയിന്റ് രജിസ്ട്രാറുടെ റിപോര്‍ട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കും. ലോക്കല്‍ ലൈബ്രറി അതോറിറ്റി മുന്‍ജീവനക്കാരന്റെ പരാതിയില്‍ അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ സമിതി നിര്‍ദേശം നല്‍കി. വായ്പാ കുടിശ്ശിക ഈടാക്കുന്നതിന് ഭൂമിലേലം ചെയ്‌തെന്നും കുടിശ്ശിക തീര്‍ത്ത് ഒരു മാസത്തിനകം ഭൂമി തിരിച്ചുപിടിക്കാമെന്ന വ്യവസ്ഥ നിലനില്‍ക്കെ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച് പണം സ്വീകരിക്കാതെ ഭൂമി രജിസ്റ്റര്‍ ചെയ്‌തെന്ന പരാതിയില്‍ വസ്തുതകള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഈ കേസില്‍ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായതായി സര്‍ക്കാര്‍തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് വണ്ടൂര്‍ സ്വദേശിയായ പരാതിക്കാരന്‍ സമിതി മുമ്പാകെ ബോധിപ്പിച്ചു. ബസ്സുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യുന്നില്ലെന്നും സംവരണം ചെയ്ത സീറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കാന്‍ ജീവനക്കാര്‍ ശ്രമിക്കാറില്ലെന്നുമുള്ള പരാതിയില്‍ നിയമ ലംഘനം നടത്തുന്ന ബസ്സുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി. പ്രായമായ മാതാപിതാക്കള്‍ക്ക് മക്കളില്‍നിന്ന് ചിലവും സംരക്ഷണവും ലഭിക്കണമെന്നാവശ്യപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ 90 ദിവസത്തിനകം തീരുമാനമെടുക്കാനും സമിതി നിര്‍ദേശം നല്‍കി. വയോമിത്രം പദ്ധതി കാര്യക്ഷമമാക്കുക, പ്രായമായവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ ലഭ്യമാക്കുക, പകല്‍ വീട് നടത്തിപ്പിന് സന്നദ്ധ സംഘടനകളുടെ സഹായം ഉപയോഗപ്പെടുത്തുക, വയോജനങ്ങളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സമയ ബന്ധിതമായി ഫണ്ട് ലഭ്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു. സമിതി ചെയര്‍മാന്‍ സി കെ നാണു എംഎല്‍എ നേതൃത്വം നല്‍കി. എംഎല്‍എമാരായ പി അബ്ദുല്‍ ഹമീദ്, കെ യു അരുണന്‍, എന്‍ ജയരാജ്, കെ കുഞ്ഞിരാമന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക