|    Oct 21 Sun, 2018 2:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നിയമസഭാ സമിതിക്ക് ഹരജികള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം

Published : 7th September 2017 | Posted By: fsq

 

പി എം അഹ്മദ്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ യഥാസമയം മറുപടി നല്‍കാത്തതിനാല്‍ നിയമസഭാ സമിതിക്ക് ലഭിക്കുന്ന ഹരജികള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതായി റിപോര്‍ട്ട്. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് റവന്യൂ വകുപ്പില്‍ നിന്നാണ് അന്തിമ മറുപടി ലഭിക്കാന്‍ ഏറ്റവുമധികം ഹരജികള്‍ നിലനില്‍ക്കുന്നത്. 198 ഹരജികളാണ് ഇതുമൂലം തീര്‍പ്പാക്കാനാവാത്തത്. ആഭ്യ—ന്തര വകുപ്പില്‍ നിന്ന് 136 ഹരജികളിലാണ് മറുപടി ലഭിക്കാനുള്ളത്. തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്ന് 81, പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് 38, ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ നിന്ന് 28 എന്നീ കണക്കിലാണ് അന്തിമ മറുപടി ലഭിക്കാനുള്ളത്. പൊതുജനങ്ങള്‍ക്ക് പ്രശ്‌നപരിഹാരത്തിന് പ്രാപ്യമായ സാമ്പത്തിക ചെലവില്ലാത്തതും ഏറ്റവും ഉന്നതവുമായ സര്‍ക്കാര്‍ സംവിധാനമാണ് നിയമസഭയുടെ ഹരജികള്‍ സംബന്ധിച്ച സമിതി. സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥ മൂലം പൊതുജനങ്ങള്‍ക്കു ലഭിക്കേണ്ട അവകാശം അന്യമാവുകയാണ്. സര്‍ക്കാര്‍ ഓഫിസുകളില്‍ പരാതി പരിഹാരത്തിന് അപേക്ഷ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തവ, സര്‍ക്കാര്‍ വകുപ്പുകളിലെ അനാസ്ഥയും കാര്യക്ഷമതയില്ലായ്മയും മൂലമുള്ള നീതിനിഷേധം, അശരണരും വൃദ്ധരുമായവരോടുള്ള അനീതി, വിവിധ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ഉണ്ടാവുന്ന കാലതാമസം തുടങ്ങി പൊതുജനങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളാണ് സമിതി മുമ്പാകെ വരുന്നത്. ഹരജികളിന്മേല്‍ സര്‍ക്കാരില്‍ നിന്നു റിപോര്‍ട്ട് ലഭ്യമാക്കി അവ പരിശോധിച്ച് പ്രശ്‌നപരിഹാരത്തിനായി നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു നല്‍കുക എന്നതാണ് സമിതിയുടെ ചുമതല. സര്‍ക്കാര്‍ റിപോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുകയോ ചീഫ് സെക്രട്ടറി അടക്കമുള്ള ഗവ. സെ—ക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, ഹരജിക്കാര്‍ എന്നിവരില്‍ നിന്നു തെളിവെടുക്കുകയോ ചെയ്താണ് സമിതി ഹരജികള്‍ തീര്‍പ്പാക്കുന്നത്. സമിതി ആവശ്യപ്പെടുന്ന റിപോര്‍ട്ടുകളും അധികവിവരങ്ങളും വകുപ്പുകള്‍ സമയബന്ധിതമായും കാലവിളംബം കൂടാതെയും ലഭ്യമാക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഉറപ്പുവരുത്തണമെന്ന് രാജു അബ്രഹാം എംഎല്‍എ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു.  സമിതി നിര്‍ദേശപ്രകാരം നടപടി സ്വീകരിച്ചാലും ആയത് യഥാസമയം സമിതിയെ അറിയിക്കുന്നതില്‍ പല വകുപ്പുകളും വീഴ്ചവരുത്തുന്നതായും സമിതി കുറ്റപ്പെടുത്തുന്നു. ഇത്തരം നിരുത്തരവാദപരമായ സമീപനം സമിതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതായും ഫയല്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസത്തിന് ഇടയാക്കുന്നതായും ഇതു സമിതിയോടുള്ള അനാദരവായി കണക്കാക്കി നിശിതമായ വിമര്‍ശിക്കുന്നതായും സമിതി റിപോര്‍ട്ടില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss