|    Mar 21 Wed, 2018 12:51 pm

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ കുറിച്ച് ജില്ലയില്‍ ചര്‍ച്ച സജീവം

Published : 29th February 2016 | Posted By: SMR

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ കുറിച്ച് ചര്‍ച്ച സജീവമായി. മുസ്‌ലിം ലീഗ് വിജയിച്ച മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലാണ് കുടുതല്‍ ചര്‍ച്ച നടക്കുന്നത്. മഞ്ചേശ്വരത്ത് നിന്നുള്ള പി ബി അബുര്‍ റസാഖ് കാസര്‍കോട് മണ്ഡലത്തിലേക്ക് മാറാന്‍ ചരട് വലിക്കുന്നുണ്ട്. എന്‍ എ നെല്ലിക്കുന്നും പി ബി അബ്ദുര്‍ റസാഖും പരസ്പരം മണ്ഡലം മാറി മല്‍സരിക്കാനുള്ള നീക്കവും നടക്കുന്നു.
അതേസമയം മുന്‍ മന്ത്രിമാരായ സി ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല എന്നിവര്‍ക്ക് വീണ്ടും ഒരവസരം കൂടി നല്‍കണമെന്ന് പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല എന്നിവരും സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ട്. സി ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കിയാല്‍ മണ്ഡലങ്ങളില്‍ ലീഗിന്റെ മുന്‍കാല റിക്കാഡ് വിജയം ആവര്‍ത്തിക്കുമെന്ന് ഇവരെ അനുകൂലിക്കുന്നവര്‍ പറയുന്നു.
ബിജെപിയില്‍ കെ സുരേന്ദ്രന്‍, കെ പി ശ്രീസന്‍, അഡ്വ. കെ ശ്രീകാന്ത്, സുരേഷ് കുമാര്‍ ഷെട്ടി, സതീശ് ചന്ദ്ര ഭണ്ഡാരി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. എന്നാല്‍ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തുണ്ട്. മഞ്ചേശ്വരത്ത് സിപിഎം ശങ്കര്‍ റൈ മാസ്റ്ററെയും കാസര്‍കോട്ട് മുന്‍ എംഎല്‍എ അഡ്വ.സി എച്ച് കുഞ്ഞമ്പു, കാറഡുക്ക സിപിഎം ഏരിയ സെക്രട്ടറി സജി എന്നിവരേയും പരിഗണിക്കുന്നു.
ഉദുമയില്‍ സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ കെ കുഞ്ഞിരാമന്‍ തന്നെ രണ്ടാം അങ്കത്തിനിറങ്ങും. ഇദ്ദേഹത്തെ നേരിടാന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത് സതീശന്‍ പാച്ചേനി, കെ സുധാകരന്‍, കെ പി കുഞ്ഞിക്കണ്ണന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍, കെ നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവരെയാണ്. കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ രണ്ടാം അങ്കത്തിനിറങ്ങും. ഐഎന്‍എല്‍ നേതൃത്വം ഈ സീറ്റ് നല്‍കണമെന്ന് എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസില്‍ ഡിസിസി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, രാജു കട്ടക്കയം, ഹരീഷ് പി നായര്‍, സാജിദ് മൗവ്വല്‍, എം ഹസിനാര്‍ തുടങ്ങിയവരെ പരിഗണിക്കുന്നുണ്ട്. തൃക്കരിപ്പൂരില്‍ കെ കുഞ്ഞിരാമന്‍ രണ്ട് തവണ പൂര്‍ത്തിയാക്കിയതിനാല്‍ ഇനി അവസരം നല്‍കില്ല. സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം എം രാജഗോപാലന്‍, എം വി ബാലകൃഷണന്‍ മാസ്റ്റര്‍, വി പി പി മുസ്തഫ തുടങ്ങിയവരില്‍ ഒരാളെ പരിഗണിച്ചേക്കും. കെ പി സതീഷ് ചന്ദ്രനാണ് മുന്‍ഗണന. കോണ്‍ഗ്രസില്‍ കെ സുധാകരന്‍, പി കെ ഫൈസല്‍, സതീഷന്‍ പാച്ചേനി തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്.
അതേ സമയം ലീഗും ജനതാദളും ഈ മണ്ഡലത്തിനായി അവകാശം ഉന്നയിക്കുമെന്നാണ് അറിയുന്നത്. ലീഗിന്റെ തെക്കന്‍ ജില്ലകളിലെ ചില മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് വിട്ട് കൊടുക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ ഒരു സീറ്റ് കുടി വേണമെന്ന് ലീഗ് ആവശ്യപ്പെടുമെന്നാണ് സൂചന. മണ്ഡലം ലീഗിന് കിട്ടിയാല്‍ എം സി ഖമറുദ്ദീനെ മല്‍സരിപ്പിക്കാനാണ് നീക്കം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss