|    Mar 25 Sat, 2017 3:33 am
FLASH NEWS

നിയമസഭാ തിരഞ്ഞെടുപ്പ്: പീരുമേട് പ്രചാരണച്ചൂടിലേക്ക്; പോരാട്ടം ഏലപ്പാറക്കാര്‍ തമ്മില്‍

Published : 21st April 2016 | Posted By: SMR

എ അബ്ദുല്‍ സമദ്

കുമളി: ഒരേ നാട്ടുകാര്‍ തമ്മില്‍ തോട്ടം മേഖലയായ പീരുമേട്ടില്‍ നടക്കുന്ന പോരാട്ടം ശ്രദ്ധേയമാകുന്നു. നിലവിലെ എം.എല്‍.എ ഇ എസ് ബിജിമോളും മുന്‍ എം.എല്‍.എ കെ കെ തോമസിന്റെ മകനുമായ അഡ്വ. സിറിയക് തോമസും തമ്മിലാണ് മത്സരം. രണ്ടു പേരും ഏലപ്പാറ പഞ്ചായത്തിലെ ഒരേ വാര്‍ഡിലെ വോട്ടര്‍മാരാണ്.ഇരു മുന്നണിയേയും മാറി മാറി വരിച്ചിട്ടുള്ള മണ്ഡലമാണ് പീരുമേട്.
കഴിഞ്ഞ രണ്ടു തവണയും സിപിഐയിലെ ഇ എസ് ബിജിമോളാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.രണ്ടു തവണയും കോണ്‍ഗ്രസിലെ ഇ എം ആഗസ്തിയാണ് പരാജയപ്പെടുത്തിയത്.തോട്ടം തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങള്‍, കര്‍ഷകരുടെ പട്ടയം, മുല്ലപ്പെരിയാര്‍ തുടങ്ങിയ കാര്യങ്ങള്‍ പീരുമേട്ടില്‍ ചര്‍ച്ചാ വിഷയമാക്കി വിജയം കൊയ്യാനാണ് ഇരുമുന്നണികളുടെയും നീക്കം.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജോയ്‌സ് ജോര്‍ജ്ജിന് ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഈ മണ്ഡലത്തില്‍ ലഭിച്ചിരുന്നു.
200 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തി ല്‍ നടപ്പാക്കിയെന്നു എം.എല്‍.എ അവകാശപ്പെടുന്നു.മുല്ലപ്പെരിയാര്‍, തേയില തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, തെക്കേമല ടീ ആര്‍ ആന്റ് ടീ റോഡ് തുടങ്ങിയ സമരങ്ങളിലെല്ലാം ജനങ്ങളിലൊരാളായി സമരം ചെയതതും ഗുണകരമാകുമെന്നാണ് ബിജിമോളുടെ കണക്കു കൂട്ടല്‍.എന്നാലിതെല്ലാം വിവാദമുണ്ടാക്കി പബ്ലിസിറ്റി നേടാനുള്ള തന്ത്രം മാത്രമായിരുന്നെന്നാണ് യുഡിഎഫ് ആരോപണം.
മണ്ഡലത്തിലെ രണ്ടു തേയിലത്തോട്ടങ്ങള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. അടുത്ത കാലത്ത് തുറന്ന പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികളുടെ ജീവിതവും ദുരിത പൂര്‍ണ്ണമാണ്. പീരുമേട് തിരിച്ചു പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
ഇതിനായാണ് ഡി സി സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിട്ടും മണ്ഡലത്തില്‍ തന്നെയുള്ള തോട്ടം തൊഴിലാളി നേതാവിനെ രംഗത്തിറക്കിയത്. ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമാണ് സിറിയക് തോമസ്. ഉപ്പുതറ ഡിവിഷനില്‍ നിന്നുമാണ് വിജയിച്ചത്.
അനുകൂലമായ സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്നാണ് ഇരു മുന്നണികളും ബിജെപിയും ഒപ്പം അണ്ണാ ഡി.എം.കെയും അവകാശപ്പെടുന്നത്. വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗം കെ കുമാറാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.ശാന്തന്‍പാറയിലെ തോട്ടം ഉടമയും ജയലളിതയുടെ അടുത്തയാളുമായ സി അബ്ദുല്‍ ഖാദറാണ് അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി.
എന്നാല്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന വിഷയങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. ഇതേ സമയം എസ്.ഡി.പി.ഐ എസ്.പി മുന്നണിയും മല്‍സര രംഗത്തുണ്ട്. എസ്.ഡി.പി.ഐക്കാണ് പീരുമേട് സീറ്റ് നല്‍കിയിട്ടുള്ളത്.
വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ഒരു പ്രതിനിധി എസ്.ഡി പി.ഐക്കുണ്ട്. ഈ കരുത്തിലാണ് മുന്നണി കച്ച മുറുക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക