|    Apr 25 Wed, 2018 8:25 am
FLASH NEWS

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തിലും കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 24th April 2016 | Posted By: SMR

ആലപ്പുഴ: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെയ് 19ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് അഞ്ച് മണി വരെയായിരുന്നു. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലുമായി ആകെ 1469 ബൂത്തുകളാണുള്ളത്. ഇതില്‍ 126 എണ്ണത്തിലൊഴികെ എല്ലായിടത്തും സ്ഥിരം റാമ്പുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ശേഷിക്കുന്നവയില്‍ ഉടനെ തന്നെ താല്‍കാലിക റാമ്പുകള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കും. എല്ലാ ബൂത്തിലും കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തും. ബൂത്തുകളിലെ തുറസ്സായ സ്ഥലങ്ങളില്‍ വോട്ടര്‍മാര്‍ക്ക് വിശ്രമിക്കാനായി പന്തല്‍ സൗകര്യം ഏര്‍പ്പെടുത്തും.
പോളിങ് ഡ്യൂട്ടിയിലുള്ള സെക്ടറല്‍ ഓഫിസര്‍മാര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിനായി ഓരോ മണ്ഡലത്തിലും കഫേ കുടുംബശ്രീയുടെ കാന്റീന്‍ പ്രവര്‍ത്തിക്കും. ടോയ്‌ലറ്റ് സൗകര്യമില്ലാത്ത 32 ബൂത്തുകളില്‍ എന്‍ടിപിസിയുടെ സഹകരണത്തോടെ മൊബൈല്‍ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തും. ഒരു മണ്ഡലത്തില്‍ 15 വീല്‍ ചെയര്‍ എന്ന ക്രമത്തില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലെയും ബൂത്തുകളിലേക്കായി 137 വീല്‍ചെയറുകള്‍ സജ്ജീകരിക്കും. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹകരണം തേടിയിട്ടുണ്ട്. ഒമ്പത് മണ്ഡലങ്ങളിലും ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ 1350 വോട്ടര്‍മാരില്‍ കുറവുള്ള 90 ഓളം ബൂത്തുകളില്‍ വോട്ട് പ്രിന്റ് ചെയ്യുന്ന മെഷീനുകള്‍ ഏര്‍പ്പെടുത്തും.
പ്രവാസി മലയാളികള്‍ ഏറെയുള്ള ചെങ്ങന്നൂര്‍, കുട്ടനാട് മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിനായി ജില്ലാ കലക്ടര്‍ നേരിട്ട് വോട്ടര്‍മാര്‍ക്ക് ഇ മെയില്‍ അയക്കും. ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വീതം മാതൃകാ പോളിങ് ബൂത്തുകള്‍ ഒരുക്കും. മാതൃകാ ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക പന്തലും ഇരിപ്പിടങ്ങളും സജ്ജീകരിക്കും. ഇവിടങ്ങളില്‍ കുടിവെള്ളത്തിന് പുറമെ ചായ വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. വനിതാ തിരഞ്ഞെടുപ്പ് ജീവനക്കാരും പോലിസും കൂടുതലായി ഡ്യൂട്ടിയിലുള്ള 20 ബൂത്തുകളെ വനിതാ സൗഹൃദ ബൂത്തുകളാക്കി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ബൂത്തുകള്‍ സംബന്ധിച്ച് മെയ് 14ന് അര്‍ധരാത്രിയോടെ തീരുമാനമാവും. 7600 ഓളം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലിക്കായി പരിഗണിച്ചിട്ടുള്ളത്. ഇവരില്‍ ദമ്പതിമാരില്‍ ഒരാളെ മാത്രമേ ഡ്യൂട്ടിക്കായി നിയോഗിക്കൂ.
വിവിധ രോഗങ്ങള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കാന്‍ അപേക്ഷ നല്‍കിയവരെ ആരോഗ്യവകുപ്പിന്റെ പ്രത്യേക ടീം ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും.അര്‍ഹരായവരെ ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കും. പോളിങ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് യാത്രാ സൗകര്യമൊരുക്കാന്‍ ഓരോ മണ്ഡലത്തിലും 20 വാഹനങ്ങള്‍ വീതം സജ്ജമാക്കുന്നതിന് ആര്‍ടിഒക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു.ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നവരുടെ സൗകര്യത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക വാഹനമേര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് വിഭാഗം നിരീക്ഷക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പണമൊഴുക്ക് തടയാനായി പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നതായും കലക്ടര്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss