|    Dec 16 Sat, 2017 4:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തുമെന്ന് ചെന്നിത്തല

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകം, സ്വാശ്രയം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ ഇന്നുമുതല്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ക്രമസമാധാന നില അനുദിനം വഷളാവുകയാണ്. 70ല്‍ അധികം കൊലപാതകങ്ങളാണ് ഇതിനോടകം നടന്നത്. കണ്ണൂരില്‍ മാത്രം ആറു രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. 312 അക്രമസംഭവങ്ങള്‍ കണ്ണൂരില്‍ ഉണ്ടായി. സിപിഎമ്മുകാരല്ലാത്തവര്‍ക്കു നീതി ലഭിക്കാത്തവിധം പോലിസിന്റെ നിയന്ത്രണം നഷ്ടമായി.
സിപിഎം ആക്രമണം തുടരുന്ന താനൂര്‍ ഉണ്യാലില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയിരുന്നു. 28 വീടുകളില്‍ കവര്‍ച്ച നടത്തിയിരിക്കുകയാണ്. പോലിസ് ഒരു നടപടിയുമെടുക്കാതെ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്. അങ്ങേയറ്റം ജനാധിപത്യവിരുദ്ധ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.
സ്വാശ്രയ ഫീസ് വര്‍ധിപ്പിച്ച് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ കൂട്ടുകച്ചവടം നടത്തുകയാണ്. രാജ്യത്തെങ്ങും ഇല്ലാത്തവിധം ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ല. സൗമ്യ കേസിന്റെ ഗതിതന്നെ ജിഷാ കേസിലുമുണ്ടാവുമെന്നാണ് ഇപ്പോഴത്തെ ആശങ്ക. ഭാഗാധാരത്തിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ധനകാര്യബില്ലില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക