|    Jan 22 Sun, 2017 7:25 am
FLASH NEWS

നിയമസഭയില്‍ നടക്കുന്ന പ്രധാനചര്‍ച്ചകള്‍ ലോക്‌സഭാ ടിവിയില്‍ സംപ്രേഷണം ചെയ്യും

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭയില്‍ നടക്കുന്ന പ്രധാന ചര്‍ച്ചകള്‍ ലോക്‌സഭാ ടിവിയില്‍ സംപ്രേഷണം ചെയ്യും. ഇന്നലെ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. നിയമസഭ ആവശ്യപ്പെടുന്ന ഭാഗങ്ങളായിരിക്കും സംപ്രേഷണം ചെയ്യുക. നിയമസഭാ നടപടികളെക്കുറിച്ച് പ്രാദേശികമായി ചാനലുകള്‍ ആരംഭിക്കാന്‍ നേരത്തേ നിര്‍ദേശമുണ്ടായിരുന്നു.
കേരളത്തിലെ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും നിയമനിര്‍മാണ പ്രക്രിയകളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി നിയമസഭയില്‍ ആരംഭിച്ച സിപിഎസ്ടിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുവാനും ശക്തിപ്പെടുത്തുവാനും ലോക്‌സഭാ സ്പീക്കറുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ നിയമസഭാ സെക്രട്ടേറിയറ്റില്‍ സെന്റര്‍ ഫോര്‍ പാര്‍ലമെന്റ്‌റി സ്റ്റഡീസ് ആന്‍ഡ് ട്രെയ്‌നിങ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ബിപിഎസ്ടിയുടെ സഹായം ഉറപ്പ് വരുത്തും. നിയമസഭാ സെക്രട്ടേറിയറ്റിനേയും നിയമനിര്‍മാണ പ്രക്രിയയെയും ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യും. അവയ്‌ക്കെല്ലാമുള്ള ബിപിഎസ്ടിയുടെ പിന്തുണയും ലോക്‌സഭാ സ്പീക്കര്‍ വാഗ്ദാനം ചെയ്തു.  സംയുക്തമായി ജനാധിപത്യ സംവിധാനങ്ങളെ കുറിച്ചുള്ള സംവാദങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിനായി സഹകരിക്കാമെന്നും സ്പീക്കറുമായുള്ള ചര്‍ച്ചയില്‍ ധാരണയായി.  പ്രധാന വിഷയങ്ങളില്‍ കേരള നിയമസഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ലോക്‌സഭാ ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഇക്കാര്യം പരിഗണിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
കേരള നിയമസഭയില്‍ നടക്കുന്ന വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളിലെ പ്രധാന വസ്തുതകള്‍ ലോക്‌സഭാ അംഗങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കുമെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.   ലോക്‌സഭാ ചാനലിന്റെ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ കേരള നിയമസഭാ സംപ്രേഷണത്തിന് നിലവില്‍ ഉപയോഗപ്പെടുത്താമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക