|    Apr 23 Mon, 2018 11:19 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമസഭയിലെ കൈയാങ്കളി; ആറ് എംഎല്‍എമാര്‍ കുറ്റക്കാരെന്ന് ക്രൈംബ്രാഞ്ച്

Published : 30th November 2015 | Posted By: SMR

തിരുവനന്തപുരം: ബജറ്റ് അവതരണം നടക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയില്‍ ആറു പ്രതിപക്ഷ എംഎല്‍എമാര്‍ കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച്.
തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരുമാസം മുമ്പ് സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ആറ് എംഎല്‍എമാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ക്രൈംബ്രാഞ്ച് അറിയിച്ചത്. സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശാനുസരണമാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഇ പി ജയരാജന്‍, വി ശിവന്‍കുട്ടി, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍, കെ അജിത്ത്, കെ ടി ജലീല്‍ എന്നിവരാണു പ്രതികള്‍. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ഇവര്‍ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 13നാണ് നിയമസഭയില്‍ കൈയാങ്കളി അരങ്ങേറിയത്.
സ്പീക്കറുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ അന്വേഷിച്ച കേസ് തൃപ്തികരമല്ലെന്ന അഭിപ്രായത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പോലിസ് പരിശോധിച്ചു. സ്പീക്കറുടെയും എംഎല്‍എമാരുടെയും മൊഴിയും രേഖപ്പെടുത്തി.
ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേസിലെ അന്തിമ റിപോര്‍ട്ട് ക്രൈംബ്രാഞ്ച് ഉടന്‍ സമര്‍പ്പിക്കും. നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ നല്‍കിയ വിവരം പുറത്തുവന്നത്. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജിയാവശ്യത്തില്‍ സമ്മേളനം പ്രക്ഷുബ്ധമാവുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍, സാഹചര്യം കൂടുതല്‍ വഷളാക്കും. മന്ത്രി ബാബുവിന്റെ രാജിക്കായി സമരം ശക്തമാക്കാന്‍ ഒരുങ്ങുന്ന പ്രതിപക്ഷത്തിനെതിരേ ഉപയോഗിക്കാനുള്ള ഭരണപക്ഷത്തിന്റെ ആയുധമാണ് എഫ്‌ഐആര്‍. പൊതുമുതല്‍ നശിപ്പിച്ച എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ പി ഡി ജോസഫ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നേരത്തേ റിപോര്‍ട്ട് തേടിയിരുന്നു. നിയമസഭയുടെ അകത്തും തുടര്‍ന്നു നടന്ന ഹര്‍ത്താലിന്റെ പേരിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കും ഉത്തരവാദികളായ എംഎല്‍എമാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് റിപോര്‍ട്ട് സമര്‍പ്പിച്ചത്.
എന്നാല്‍, ജമീല പ്രകാശം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍ കെ ശിവദാസന്‍നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എം എ വാഹിദ് എന്നിവര്‍ക്കെതിരേ നല്‍കിയ പരാതിയുടെ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കോടതി നേരിട്ടാണ് ഈ കേസ് അന്വേഷിക്കുന്നത്.
അതേസമയം, കേസെടുക്കുന്നുണ്ടെങ്കില്‍ ആദ്യം വനിതാ എംഎല്‍എമാരെ അപമാനിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. ഇതിന്റെ വീഡിയോദൃശ്യങ്ങളും ലഭ്യമാണ്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ കള്ളക്കേസാണ് എടുത്തിരിക്കുന്നത്. പ്രതിപക്ഷത്തിന് നീതി ലഭിക്കണം. വാര്‍ത്ത കണ്ടപ്പോഴാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്ന വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss