|    Apr 22 Sun, 2018 8:09 am
FLASH NEWS
Home   >  Editpage  >  Editorial  >  

നിയമവ്യവസ്ഥയെക്കാള്‍ വലുതോ ജനപ്രതിനിധി?

Published : 16th March 2016 | Posted By: SMR

EDIT

ക്രിമിനല്‍ക്കേസിലെ പ്രതിയായ പീരുമേട്ടില്‍നിന്നുള്ള സിപിഐ എംഎല്‍എ ഇ എസ് ബിജിമോളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന കേരള ഹൈക്കോടതിയുടെ ചോദ്യം ജനപ്രതിനിധികള്‍ക്കു ലഭിക്കുന്ന പ്രത്യേകാവകാശങ്ങളുടെ ദുരുപയോഗത്തിലേക്ക് നമ്മുടെ ശ്രദ്ധതിരിക്കാന്‍ പര്യാപ്തമായ ഒന്നാണ്. തന്റെ നിയോജകമണ്ഡലത്തില്‍പ്പെട്ട ഒരു സ്വകാര്യ എസ്റ്റേറ്റില്‍ ഹൈക്കോടതി ഉത്തരവനുസരിച്ച് ഒരു ഗേറ്റ് സ്ഥാപിക്കാന്‍ പോയ ഇടുക്കി എഡിഎമ്മിനെ കൈയേറ്റം ചെയ്തു എന്നതാണ് എംഎല്‍എയുടെ പേരിലുള്ള പരാതി. ഇന്ത്യന്‍ ശിക്ഷാനിയമം 333ാം വകുപ്പനുസരിച്ച് ഒരു സര്‍ക്കാരുദ്യോഗസ്ഥനെ തന്റെ കര്‍ത്തവ്യനിര്‍വഹണത്തില്‍നിന്നു തടയുന്നത് കുറ്റകൃത്യമാണ്. ഈ കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെട്ട എംഎല്‍എയെ മൊഴിയെടുത്ത് വിട്ടയച്ചത് ന്യായീകരിക്കാവുന്നതല്ലെന്ന് കോടതി പറയുന്നു.
ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ മര്‍മപ്രധാനമായ നിരവധി കാര്യങ്ങള്‍ അന്തര്‍ലീനമാണ്. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെങ്കിലും ജനപ്രതിനിധികളാണ് എന്ന ആനുകൂല്യത്തിന്റെ മറവില്‍ പലരും അവിഹിതമായ പലതും നേടുന്നുണ്ട്. കോടിക്കണക്കിനു രൂപയുടെ കടം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യ തന്റെ രാജ്യസഭാംഗത്വം ഉപയോഗിച്ചാണ് അതു സാധിച്ചെടുത്തത്. ജനപ്രതിനിധികള്‍ക്കു മാത്രമല്ല, രാഷ്ട്രീയനേതാക്കള്‍ക്കുപോലും നിയമത്തിന്റെ കൈകളില്‍നിന്ന് ഒഴിഞ്ഞുമാറിനില്‍ക്കാന്‍ ഒരുപാട് അവസരങ്ങള്‍ ലഭ്യമായ നാടാണ് നമ്മുടേത്. അത്യധികം ഗൗരവമുള്ള കേസുകളില്‍ അകപ്പെട്ട്, ജയിലിലായാല്‍പ്പോലും രാഷ്ട്രീയനേതാക്കള്‍ ആശുപത്രികളില്‍ സുഖവാസം അനുഭവിക്കുന്നതിന്റെ ചരിത്രമേയുള്ളൂ നമ്മുടെ മുമ്പില്‍. കൊലപാതകക്കേസില്‍ പ്രതിയാക്കപ്പെട്ട സിപിഎം നേതാവ് പി ജയരാജന്‍ എത്രകാലമാണ് വിദഗ്ധ പരിശോധന എന്നൊക്കെ പറഞ്ഞ് മാറിമാറി ആശുപത്രികളില്‍ കിടന്നത്! എല്ലാവരും സമന്മാരാണെന്നും എന്നാല്‍ ചിലര്‍ കൂടുതല്‍ സമന്മാരാണെന്നുമുള്ള ചിന്തയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ആക്രമണക്കേസില്‍ പ്രതിയായ ഒരാള്‍ രാഷ്ട്രീയമായ ശക്തിയുടെ പിന്‍ബലത്തില്‍ നിയമത്തെ വെല്ലുവിളിക്കുന്നത് ശരിയായ വഴക്കമല്ല. ബിജിമോളെ പോലിസ് അറസ്റ്റ് ചെയ്യട്ടെ, അപ്പോള്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവും എന്നാണ് സിപിഐ ഭീഷണി മുഴക്കിയത്. ഇത്തരം ഭീഷണികള്‍ക്കു മുമ്പാകെ പോലിസ് പഞ്ചപുച്ഛമടക്കിനില്‍ക്കുന്നത് അപമാനകരമാണ്.
ഇംഗ്ലണ്ടില്‍ പണ്ടൊരിക്കല്‍ നടന്നതായി പറയപ്പെടുന്ന ഒരു സംഭവകഥയുണ്ട്: നിത്യോപയോഗസാധനങ്ങള്‍ക്കു വേണ്ടി ക്യൂ നില്‍ക്കുകയായിരുന്നുവത്രെ ജനങ്ങള്‍. ഒരാള്‍ തിക്കിത്തിരക്കിവന്ന് മുന്നില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെ തടഞ്ഞ ആളുകളോട് അയാള്‍ പറഞ്ഞു- ”ഞാന്‍ ജനപ്രതിനിധിയാണ്.” വരിയുടെ മുമ്പില്‍ നില്‍ക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന അയാളുടെ ന്യായത്തെ ക്യൂവിലുണ്ടായിരുന്നവര്‍ എതിര്‍ത്തത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: ”ഞങ്ങള്‍ ജനങ്ങളാണ്. ജനങ്ങള്‍ കഴിഞ്ഞിട്ടുമതി ജനപ്രതിനിധി.” ബിജിമോളുടെ കാര്യത്തില്‍ പോലിസ് തിരിച്ചറിയേണ്ട പാഠവും ഇതുതന്നെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss