|    Oct 22 Mon, 2018 1:52 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നിയമവ്യവസ്ഥയും ജനാധിപത്യവും

Published : 23rd September 2017 | Posted By: fsq

 

അഡ്വ. പാവുമ്പ  സഹദേവന്‍

ഒരു ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുന്നത് അവിടത്തെ നിയമവ്യവസ്ഥയാണ്. നിയമവ്യവസ്ഥയില്ലാതെ ജനാധിപത്യത്തിനോ ജനാധിപത്യമില്ലാതെ ആധുനിക നിയമവ്യവസ്ഥയ്‌ക്കോ നിലനില്‍ക്കാനാവില്ല. വ്യക്തി-സമൂഹ വൈരുധ്യം സന്തുലിതമായി കൈകാര്യം ചെയ്യുന്ന ശരിയായ നിയമവ്യവസ്ഥയും നിയമവാഴ്ചയുമില്ലാത്ത ഒരു സമൂഹത്തില്‍ ജനാധിപത്യം നിലനില്‍ക്കുകയില്ല. അവിടെ അരാജകത്വം കൊടികുത്തിവാഴും. നിയമവാഴ്ച ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുടെ ചാലകശക്തിയാണ്. നിയമവാഴ്ചയും ക്രമസമാധാനപാലനവും ജനാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഭരണകൂടത്തിന്റെ സ്വാധീനത്തില്‍ നിന്നും മറ്റു ജാതി-മത സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയശക്തികളുടെ സ്വാധീനത്തില്‍ നിന്നും സ്വതന്ത്രമായ നിയമവ്യവസ്ഥ എന്നതാണ് നീതിന്യായ കോടതികളെക്കുറിച്ചുള്ള നമ്മുടെ ജനാധിപത്യ സങ്കല്‍പം. നിയമനിര്‍മാണവും നീതിന്യായ കോടതികളും ബാഹ്യശക്തികളുടെ സ്വാധീനങ്ങള്‍ക്കു വശംവദമായാല്‍ ജനങ്ങള്‍ക്കു ലഭിക്കേണ്ട ജനാധിപത്യ നീതി കുഴിച്ചുമൂടപ്പെടും. ഒരു ജനത അവരുടെ ജനാധിപത്യാവകാശങ്ങള്‍ നേടിയെടുക്കുന്നത് പുതിയ നിയമനിര്‍മാണത്തിന് വേണ്ടിയുള്ള സമരോല്‍സുകമായ സാമൂഹിക-രാഷ്ട്രീയ പോരാട്ടങ്ങളിലൂടെയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങളുണ്ടായത് അങ്ങനെയാണ്. ഒട്ടേറെ സമരകലാപങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും ശേഷമാണ് 1957ലെ ഭൂപരിഷ്‌കരണ ബില്ല് രൂപപ്പെട്ടത്. ചരിത്രപരമായ ഒട്ടേറെ സമരപോരാട്ടങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും ശേഷമാണ് നാം ഇന്നു കാണുന്ന പല നിയമങ്ങളും പാസാക്കപ്പെട്ടിട്ടുള്ളത്. പരമോന്നത നീതിന്യായ കോടതി പുറപ്പെടുവിക്കുന്ന വിധികളോട് ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തി ക്രിയാത്മകമായി പ്രതികരിക്കുമ്പോഴേ ജനാധിപത്യ രാഷ്ട്രീയവ്യവസ്ഥ വിജയിക്കുകയുള്ളൂ. തിരിച്ചും അതായത്, ഭരണകൂടം നിര്‍മിക്കുന്ന നിയമങ്ങളോട് പരമോന്നത നീതിന്യായ കോടതി ക്രിയാത്മകമായി പ്രതികരിക്കുമ്പോഴേ ജനാധിപത്യം സാര്‍ഥകമാവുകയുള്ളൂ. നീതിന്യായ നിയമവ്യവസ്ഥ ജനാധിപത്യ ഭരണകൂടത്തെയും ജനാധിപത്യ ഭരണകൂടം നീതിന്യായ നിയമവ്യവസ്ഥയെയും പരസ്പരം പൂരിപ്പിക്കുന്നു. എന്നാല്‍, ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമായ നിയമങ്ങളുണ്ടാക്കുന്ന ഭരണകൂടത്തോട് അവിശുദ്ധസഖ്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് പരമോന്നത നീതിപീഠങ്ങള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെ തകര്‍ക്കുകയേയുള്ളൂ.നമ്മുടെ രാജ്യത്തെ ഏതൊരു പൗരനെയായാലും, വര്‍ഷങ്ങളായി വിചാരണ ചെയ്യപ്പെടാതെ ജയിലിലടച്ചിരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്കോ അതിന്റെ ആധാരശിലയായ നീതിന്യായ വ്യവസ്ഥയ്‌ക്കോ ഒരിക്കലും ഭൂഷണമല്ല. അതിനാല്‍ അടിയന്തരമായി അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി അബ്ദുന്നാസിര്‍ മഅ്ദനിയെ എത്രയും വേഗം ജയില്‍മോചിതനാക്കേണ്ടത് അനിവാര്യമായിരിക്കുന്നു. അങ്ങെനയായാല്‍ നമ്മുടെ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുടെയും നീതിന്യായ നിയമവ്യവസ്ഥയുടെയും അന്തസ്സും അഭിമാനവും വീണ്ടെടുക്കാന്‍ കഴിയും. മഅ്ദനി ജയില്‍വാസം അനുഭവിക്കുന്നത് നിയമസാക്ഷരതയുള്ള നമ്മുടെ സമൂഹത്തിന് അപമാനകരമാണ്. നാം ഏകാധിപത്യ വ്യവസ്ഥയിലോ രാജവാഴ്ചയുെട കീഴിലോ ജീവിക്കുന്നവരല്ല. പരിഷ്‌കൃത ജനാധിപത്യ രാഷ്ട്രങ്ങള്‍ നമ്മെ നോക്കി പരിഹസിക്കുകയാണ്.ദേശരക്ഷയുടെ പേരില്‍ നിര്‍മിക്കുന്ന പുതിയ നിയമങ്ങള്‍ക്കും പൗരന്‍മാര്‍ക്കെതിരേയുള്ള അതിന്റെ ദുരുപയോഗത്തി  നും മുമ്പില്‍ യഥാര്‍ഥ ദേശസ്‌നേഹികള്‍ക്ക് ലജ്ജിച്ചു തലകുനിക്കേണ്ടിവരുന്നു. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ഹൈന്ദവ ഫാഷിസ്റ്റുകള്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയും മുസ്‌ലിംകളെയും ദലിത് സമുദായക്കാരെയും തല്ലിക്കൊല്ലുകയും ജീവനോടെ ചുട്ടെരിക്കുകയും ചെയ്യുമ്പോള്‍ ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖം, പ്രസ്തുത പ്രതികളെ സര്‍വാത്മനാ സംരക്ഷിക്കുകയാണ്. കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ് എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകരെ സംഘപരിവാര ശക്തികള്‍ വെടിവച്ചുകൊന്നുകൊണ്ടിരിക്കുന്നു (രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ മാര്‍ക്‌സിസ്റ്റുകളെയും വെറുതെ വിടാന്‍ കഴിയില്ല എന്നാണ് ടി പി ചന്ദ്രശേഖരന്‍ വധവും മറ്റ് ഒട്ടേറെ കൊലപാതകങ്ങളും തെളിയിക്കുന്നത്). ചരിത്രപരവും രാഷ്ട്രീയപരവുമായി നോക്കിയാല്‍ ഹൈന്ദവ  ഫാഷിസത്തിന് അധികനാളൊന്നും അതിജീവനശേഷിയില്ല എന്ന് അതിനു നേതൃത്വം കൊടുക്കുന്നവര്‍ മനസ്സിലാക്കിയാല്‍ നന്നായിരിക്കും. ദേശരക്ഷയ്ക്കു വേണ്ടി നിര്‍മിക്കുന്ന നിയമങ്ങള്‍ പൗരന്‍മാര്‍ക്കെതിരേ രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി ദുഷ്ടലാക്കോടെ ദുരുപയോഗം ചെയ്യുന്നത് പരിഷ്‌കൃത ജനാധിപത്യ രാഷ്ട്രീയസമ്പ്രദായത്തിനും നാം വിഭാവന ചെയ്യുന്ന മതേതര ജനാധിപത്യ സിവില്‍ സമൂഹ സങ്കല്‍പങ്ങള്‍ക്കും ഒരിക്കലും അഭികാമ്യമല്ല. അതിനാല്‍ വര്‍ഷങ്ങളായി രോഗപീഢകള്‍ക്ക് അടിപ്പെട്ട് ജയിലില്‍ നരകയാതനയും കഷ്ടപ്പാടും ഭീകരമായ ഏകാന്തതയും അനുഭവിക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ശരീരത്തെയും ആത്മാവിനെയും ഇനിയുമധികം പീഡിപ്പിക്കരുത്. അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കുക. അല്ലെങ്കില്‍ ചരിത്രം മാപ്പു തരില്ല.ഓരോരോ നിയമനിര്‍മാണവും ജനാധിപത്യ രാഷ്ട്രീയവ്യവസ്ഥ ശക്തിപ്പെടുത്താന്‍ വേണ്ടി നിര്‍മിക്കപ്പെടുന്നവയാണ്. എന്നാല്‍, ഇവിടെ എന്താണ് നാം കാണുന്നത്? വിചാരണ ചെയ്യപ്പെടാതെ വര്‍ഷങ്ങളോളം  ജയിലിലടയ്ക്കപ്പെടുന്ന നിയമം നിലവിലുള്ള ഒരു രാജ്യത്തെ എങ്ങനെ ജനാധിപത്യരാഷ്ട്രം എന്നു വിളിക്കും? ഒരുവന്‍ നിരപരാധിയാണോ അല്ലേ എന്നു നീതിന്യായ കോടതിയില്‍ വിചാരണ ചെയ്ത് തീരുമാനിക്കാതെ ജയിലിലടച്ചിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ നഗ്‌നമായ ലംഘനമാണ്. അതു ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ നിഷേധമാണ്. ഹമ്മുറാബിയുടെ നിയമങ്ങളുടെയും ഡ്രാക്കോണിയന്‍ നിയമസംഹിതയുടെയും മെക്കാളെ പ്രഭുവിന്റെ നിയമങ്ങളുടെയും അവശിഷ്ടങ്ങള്‍ ഒരു ഭൂതബാധ പോലെ ആവേശിച്ചിരിക്കുന്ന നിയമവ്യവസ്ഥയുള്ള ഒരു രാജ്യത്തെ എങ്ങനെ ജനാധിപത്യ രാഷ്ട്രം എന്നു വിളിക്കും? വ്യക്തിയുടെയും സമൂഹത്തിന്റെയും അവകാശങ്ങളും സ്വാതന്ത്ര്യവും ഒരേപോലെ സംരക്ഷിക്കപ്പെടേണ്ടതായിരിക്കുമ്പോള്‍, ഏതു ദേശരക്ഷയുടെ പേരിലായാലും വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ മേഖലകള്‍ മാത്രം കൂടുതല്‍ കവര്‍ന്നെടുത്ത് നിയമനിര്‍മാണം നടത്തിയാല്‍ അത് എങ്ങനെ സന്തുലിതാവസ്ഥ നിലനിര്‍ത്തെപ്പടേണ്ട ഒരു ജനാധിപത്യ രാഷ്ട്രീയവ്യവസ്ഥയാവും? ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും ജനാധിപത്യ വ്യവസ്ഥയുടെ ജീവരക്തമാണ് (ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 21). അതിന്റെ ലംഘനം ഭീകരമായ പൗരാവകാശ നിഷേധമാണ്.നീതിപൂര്‍വകവും ജനക്ഷേമകരവുമായ നിയമനിര്‍മാണത്തിലൂടെയും അതു നടപ്പാക്കുന്നതിലൂടെയും നിയമ ബോധവല്‍ക്കരണത്തിലൂടെയും രാഷ്ട്രീയ ബോധവല്‍ക്കരണത്തിലൂടെയുമാണ് ജനാധിപത്യ രാഷ്ട്രീയവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടത്. ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുടെ അടിത്തറ ഇന്ത്യന്‍ ഭരണഘടനയും സിവില്‍, ക്രിമിനല്‍ നിയമസംഹിതകളും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട മറ്റ് ഒട്ടേറെ നിയമങ്ങളും ജനങ്ങളുടെ രാഷ്ട്രീയാവബോധവുമാണ്. ജനാധിപത്യ നീതി ഉറപ്പുവരുത്തുന്ന തരത്തിലാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നീതിന്യായ നിയമ വ്യവസ്ഥയുടെ പിന്‍ബലമില്ലാതെ ജനാധിപത്യ രാഷ്ട്രീയ സമ്പ്രദായത്തിന് നിലനില്‍ക്കാന്‍ കഴിയില്ല എന്നത് സുവിദിതമാണല്ലോ.വ്യക്തി-സമൂഹ വൈരുധ്യത്തെ തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ടി നിര്‍മിക്കുന്ന നിയമങ്ങള്‍ ഏകപക്ഷീയമായി വ്യക്തിയുടെയോ സമൂഹത്തിന്റെയോ ഏതെങ്കിലും ഒരു ഭാഗത്തേക്ക് ചാഞ്ഞാല്‍, ബാലന്‍സ് ചെയ്യപ്പെടാതെ വന്നാല്‍, അതു വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുധ്യങ്ങളെയും സംഘര്‍ഷങ്ങളെയും കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയും അരാജകത്വത്തിലേക്കും കലാപങ്ങളിലേക്കും വലിച്ചിഴയ്ക്കുകയും ചെയ്യുകയേയുള്ളൂവെന്ന് നിയമനിര്‍മാതാക്കളും അതിനെ ദുരുപയോഗം ചെയ്യുന്നവരും മനസ്സിലാക്കിയാല്‍ നന്നായിരിക്കും.ഹൈന്ദവ ഫാഷിസ്റ്റ് സംഘപരിവാര ശക്തികള്‍ കോര്‍പറേറ്റ് മുതലാളിത്ത ശക്തികളോട് സഖ്യം ചേര്‍ന്നുകൊണ്ട് മതേതര ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുടെയും സിവില്‍ സമൂഹ സങ്കല്‍പങ്ങളുടെയും അടിക്കല്ലിളക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു ഗുരുതരമായ രാഷ്ട്രീയ സാഹചര്യത്തില്‍ ജനാധിപത്യ വിപ്ലവശക്തികളുടെ അതീവ കരുതലും കനത്ത ജാഗ്രതയും കൊണ്ടേ നമുക്ക് കരഗതമായ ഈ അപൂര്‍വ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss