|    Jan 22 Sun, 2017 3:06 am
FLASH NEWS

നിയമവും നീതിയും

Published : 18th July 2016 | Posted By: G.A.G

NIYAMAM

ടികെ ആറ്റക്കോയ
നീതിയില്‍ ഊന്നിനിന്നുകൊണ്ടുള്ള രാഷ്ട്രീയാധികാരത്തിന്റെ പ്രയോഗമാണ് ഭരണത്തെ ജനാധിപത്യപരമാക്കുന്നത്. എന്നാല്‍ അധികാരശക്തികളുടെ നിയമലംഘനങ്ങള്‍ നിയമവാഴ്ചയായി കൊട്ടിഘോഷിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഇന്നും ഉണ്ടാവുന്നുമുണ്ട്. ഏകാധിപത്യപരമായ പ്രവണതകള്‍ക്കും പ്രതിലോമപരതക്കും എതിരിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനും സാംസ്‌കാരിക ഉദ്യമങ്ങള്‍ക്കും അവകാശ സമരങ്ങള്‍ക്കും ദേശവിരുദ്ധതയുടെയും അട്ടിമറിയുടേയും മുദ്രകള്‍ ചാര്‍ത്തി അവയെ അടിച്ചൊതുക്കാന്‍ നിയമസംവിധാനത്തെ ആയുധമാക്കാറുണ്ട്. അപ്പോള്‍ നിയമവും നീതിയും വഴിപിരിയുന്നു. നിയമവും നീതിയും രണ്ട് വഴികളിലൂടെ സഞ്ചരിക്കുന്ന അവസ്ഥയെ ജനങ്ങളുടെ പീഢനകാലമായി ചരിത്രം അടയാളപ്പെടുത്തുന്നു. മനുഷ്യജീവനുകള്‍ ക്രൂരമായി ചവിട്ടിമെതിക്കപ്പെടുമ്പോഴും നീതിപീഠങ്ങള്‍പോലും, വിധികര്‍ത്താക്കള്‍പോലും മര്‍ദ്ദകന്റെ ജിഹ്വകളാവുന്ന സന്ദര്‍ഭമാണവ. ദുരധികാരത്തിനും ദുഷ്പ്രഭുത്വത്തിനും മുമ്പില്‍ നീതിപീഠങ്ങളും വിധികര്‍ത്താക്കളും അടിയറവ് പറയുന്ന സാഹചര്യം. ഇത്തരം ദുരവസ്ഥയ്ക്കും നിരപരാധികളുടെ ദുര്യോഗത്തിനുമുള്ള ഉദാഹരണങ്ങള്‍ പോയ കാലത്തുനിന്നും, സമീപ കാലത്ത്‌നിന്നും ഉദ്ധരിക്കാനാവും. ബ്രെഹ്റ്റ് പറഞ്ഞത്‌പോലെ കുറ്റവാളികള്‍ക്ക് തങ്ങളുടെ നിരപരാധിത്വം സ്ഥാപിക്കാനും, നിരപരാധികള്‍ക്ക് അതിന് കഴിയാതെയും വരുന്ന സന്ദര്‍ങ്ങള്‍.
ഹിറ്റ്‌ലര്‍ അധികാരമേറ്റ് ഒരുമാസം കഴിയുംമുമ്പേ ജര്‍മ്മന്‍ പാര്‍ലമെന്റ് മന്ദിരമായ റെയ്ഖ് സ്റ്റാഗ് അഗ്നിക്കിരയാക്കപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ കമ്യൂണിസ്റ്റുകാരാണെന്ന് നാത്‌സികള്‍ പ്രചരിപ്പിച്ചു. കമ്യൂണിസ്റ്റായ ലൂബേയുടെ മേല്‍ കുറ്റംചാര്‍ത്തുകയും 1934 ല്‍ നാത്‌സി ഭരണകൂടം അദ്ദേഹത്തെ വധിക്കുകയും ചെയ്തു. 1967 ലും 1982 ലും ലൂബെയുടെ കേസ് പുനര്‍വിചാരണക്കെടുത്തു. അദ്ദേഹം നിരപരാധിയാണെന്ന് കോടതി വിധി പ്രസ്താവം നടത്തി. റഷ്യയില്‍നിന്നുള്ളതാണ് സമാനമായ മറ്റൊരു സംഭവം. നമ്മുടെ വിപ്ലവത്തിന്റെ സുവര്‍ണ സന്താനം എന്നായിരുന്നു ബുഖാരിനെ ലെനിന്‍ വിഷേഷിപ്പിച്ചത്. പിന്നീട് ഭരണകൂടം ബുഖാരിനേയും സംഘത്തേയും അഞ്ചാം പത്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 1938 ലെ മോസ്‌കോ വിചാരണയെ തുടര്‍ന്ന് ബുഖാരിനും കൂട്ടുകാര്‍ക്കും വധശിക്ഷ നല്‍കി. 1988 ഫെബ്രുവരി 4 ന് റഷ്യന്‍ സുപ്രീം കോടതി ബുഖാരിനേയും സുഹൃത്തുക്കളേയും നിരപരാധികളായി പ്രഖ്യാപിച്ചു.
ആയുസ്സിന്റെ വലിയൊരു ഭാഗം തടവില്‍ പാര്‍പ്പിക്കുകയും പിന്നീട് അവരെ നിരപരാധികളായി പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതി ഇന്ത്യയില്‍ സര്‍വ്വസാധാരണയായിരിക്കുന്നു. അബ്ദുന്നാസിര്‍ മഅ്ദനിയുടെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അദ്ദേഹത്തെ ഒമ്പത് വര്‍ഷത്തിലധികം കാലം തടവിലിട്ടു. പിന്നീട് നിരപരാധിയാണെന്ന് കോടതി കണ്ടെത്തി വെറുതെ വിട്ടു. അധികം നാള്‍ കഴിയുന്നതിന്മുമ്പ് ബംഗ്ലൂരു സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച് വീണ്ടും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഇപ്പോള്‍ വിചാരണ നേരിട്ട്‌കൊണ്ടിരിക്കുകയാണ്. 2001 ഡിസംബര്‍ 11 ലെ പാര്‍ലിമെന്റാക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു പ്രഫ: സയ്യിദ് അബ്ദുറഹിമാന്‍ ഗീലാനി അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹം പിന്നീട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും നിരപരാധിയാണെന്ന് കണ്ടു ഡല്‍ഹി ഹൈക്കോടതി വെറുതെ വിടുകയാണുണ്ടായത്. 2006 ലെ മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്ക്‌ശേഷം നിരപരാധികളാണെന്ന് പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഈ സംഭവങ്ങള്‍ കോടതികളുടെ രാഷ്ട്രീയവല്‍കരണത്തേയും പോലിസ് സേനയുടെ ക്രിമിനല്‍വല്‍ക്കരണത്തേയും കുറിച്ച ആശങ്കകളാണുണര്‍ത്തുന്നത്. വരുംകാലങ്ങളില്‍ പുനര്‍വിചാരണവേളകളില്‍ ഇന്ന് തടവില്‍ കഴിയുന്ന പലരുടേയും നിരപരാധിത്വം പ്രഖ്യാപിക്കേണ്ടിവരും. നിസ്സഹായതയുടെ മരുഭൂമികളില്‍ മുറിവേറ്റ ഹൃദയവുമായി നില്‍ക്കുന്നവര്‍ക്കായി നമുക്കെന്ത് ചെയ്യാനാകും എന്ന് ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്. പീഢന വിരുദ്ധ പ്രവര്‍ത്തനത്തെ സെമിനാറുകളിലും പുസ്തകങ്ങളിലും പരിമിതപ്പെടുത്തുക ചരിത്രത്തോടു ചെയ്യുന്ന വഞ്ചനയാണ്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മുദ്രാവാക്യങ്ങളുണ്ടാക്കുന്ന കോരിത്തരിപ്പുകള്‍ മാത്രം പോരാ, ധൈര്യവും സ്ഥൈര്യവും നെഞ്ചുറപ്പും ഒപ്പം വിചാരത്തിന്റെ കരുത്തും പ്രത്യയശാസ്ത്രത്തിന്റെ പിന്തുണയും വേണം.
നിരപരാധികള്‍ തടവിലാക്കപ്പെടുന്നതിനും ശിക്ഷിക്കപ്പെടുന്നതിനും കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനും കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ജുഡീഷ്യറി ഭരണകര്‍ത്താക്കളാല്‍ സ്വാധീനിക്കപ്പെടുന്നുവെന്നകാണ് അവയില്‍ പ്രധാനപ്പെട്ട ഒന്ന്. ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി പി ബി സാവന്ത് പറയുന്നു: ഉയര്‍ന്ന നീതിപീഠങ്ങളിലേക്കുള്ള നിയമനങ്ങളും സ്ഥലംമാറ്റങ്ങളും പൂര്‍ണ്ണമായും ഗവണ്മെന്റിന്റെ കൈകളിലാണ്. സേവന വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കുക, പാര്‍പ്പിടം, യാത്ര തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വിവിധ ട്രൈബ്യൂണലുകളിലേക്കും റിട്ടയര്‍ ചെയ്തശേഷം കമ്മീഷനുകളിലേക്കുമുള്ള നിയമനം നടത്തുക തുടങ്ങിയ അധികാരങ്ങള്‍ സര്‍ക്കാറിനാണ്. അതൊക്കെ കണ്ട് വിധിപറയുന്ന ന്യായാധിപന്മാര്‍ കുറവല്ല. ചില ജഡ്ജിമാര്‍ റിട്ടയര്‍ ചെയ്ത BLURB-1ശേഷമുള്ള സ്ഥാനങ്ങള്‍ക്കുവേണ്ടി പരക്കം പായുന്നു. വിശേഷിച്ചും തങ്ങളുടെ ജോലിക്കാലത്തിന്റെ അവസാനഘട്ടങ്ങളില്‍ നിയമനങ്ങള്‍ക്കും സ്ഥലമാറ്റത്തിനും വിരാമാനന്തര ആനുകൂല്യങ്ങള്‍ക്കും ജോലിക്കാലത്തുള്ള അതേ ശമ്പളത്തോതില്‍തന്നെ.’
കോടതി മുമ്പാകെ വരുന്ന കേസുകളില്‍ വിധി പറയുമ്പോള്‍ സര്‍ക്കാറിന്റെയും ഭരണകക്ഷിയുടെയും താല്‍പര്യങ്ങളുമായി ഏറ്റുമുട്ടാതിരിക്കാന്‍ ജഡ്ജിമാര്‍ ശ്രമിക്കാറുണ്ട്. ഭാവിയില്‍ ലഭിക്കാനിരിക്കുന്ന ഉദ്യോഗക്കയറ്റവും പദവികളും വലിയ പ്രലോഭനങ്ങളാണ്.

തോല്‍ക്കാന്‍ പ്രോസിക്യൂഷന്‍
കേസുകളില്‍ പ്രോസിക്യൂഷന്‍ തോല്‍ക്കുന്നത് വളരെ സാധാരണമായിത്തീര്‍ന്നിട്ടുണ്ട്. കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരുമായി ചേര്‍ന്ന് ഫലപ്രദമായ തെളിവുകള്‍ ഒളിച്ചുവെക്കുന്നതുകൊണ്ട് തെളിവുകള്‍ കോടതി മുമ്പാകെ എത്താത്തതിനാല്‍ കേസുകള്‍ തോറ്റുപോകുന്നു. അധസ്ഥിത വിഭാഗം ഗവണ്മെന്റിനെ നേരിടുകയും നീതിരഹിതമായ അതിന്റെ നിയമങ്ങള്‍ക്കെതിരായി പൊരുതുകയും ചെയ്യുമ്പോള്‍ വിശേഷിച്ചും വന്‍ സ്വത്തുടമകളുടെ താല്‍പര്യങ്ങളുമായി സംഘര്‍ഷത്തിലാക്കുന്ന അവസരങ്ങളില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടാറില്ല എന്നതാണ് അനുഭവം. പണിമുടക്കുന്ന തൊഴിലാളികള്‍, സമരം ചെയ്യുന്ന കര്‍ഷകര്‍, ആദിവാസികള്‍ തുടങ്ങി മര്‍ദ്ദനത്തിനെതിരായി പൊരുതുന്ന ജനവിഭാഗങ്ങളാണ് പലപ്പോഴും കെട്ടിച്ചമച്ച ആരോപണങ്ങള്‍ക്ക് ഇരകളാവുന്നത്. അവര്‍ക്കെതിരെയുള്ള കേസുകള്‍ കോടതിയില്‍ വിജയകരമായിത്തന്നെ തെളിയിക്കപ്പെടുന്നു.
സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി വിധി കല്‍പിക്കേണ്ടിവരുമ്പോള്‍ വിധികര്‍ത്താക്കള്‍ക്ക് വലിയ വില നല്‍കേണ്ടിവരുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ പ്രസിദ്ധ പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹം പറയുന്നത് കാണുക: എന്റെ അറസ്റ്റിനെക്കുറിച്ച് എന്റെ ഭാര്യയുടെ ഹേബിയസ് കോര്‍പ്പസ് പെറ്റീഷന്‍ അംഗീകരിക്കുകയും രണ്ടംഗ ബെഞ്ച് എന്നെ മോചിപ്പിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് രണ്ടുപേര്‍ക്കും അതിന് വിലനല്‍കേണ്ടിവന്നു. ജസ്റ്റിസ് രംഗരാജനെ സിക്കിമിലേക്ക് സ്ഥലം മാറ്റി. ജസ്റ്റിസ് ആര്‍എന്‍ അഗര്‍വാളിനെ തരംതാഴ്ത്തുകയും ചെയ്തു.’
പ്രതികളുടെ അധികാരവും പദവികളും അവര്‍ ശിക്ഷിക്കപ്പെടുന്നതിന് പ്രതിബന്ധമാവാറുണ്ട്. മദ്യപിച്ച് ഡ്രൈവ് ചെയ്തതിനെ തുടര്‍ന്ന് വഴിയോരത്ത് ഉറങ്ങിയിരുന്നവര്‍ കൊല്ലപ്പെട്ട കേസില്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി. ഇരകളുടെ അനാഥകളായ പിന്‍മുറക്കാരെ പരിഗണിക്കാതെയായിരുന്നു ഈ വിധി. അഴിമതിയാരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രിപദം നഷ്ടപ്പെട്ട ജയലളിതയും കുറ്റവിമുക്തയാക്കപ്പെട്ടു. ഈ രണ്ടു കേസുകളിലും കുറ്റാരോപിതരുടെ വിഐപി പദവിയാണ് പരിഗണിച്ചത് എന്ന് നിരീക്ഷിക്കപ്പെടുന്നു. ഈ വിധികള്‍ രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് കുല്‍ദിപ് നയ്യാര്‍ പറയുന്നു.

താക്കറയെ പേടി
മറ്റു പരിഗണനകളും കുറ്റവാളികളെ ശിക്ഷിക്കുന്നതില്‍നിന്നും ജുഡീഷ്യറിയെ തടഞ്ഞതിന് ഒരുദാഹരണമാണ് ബാല്‍താക്കറെ. 1992 ഡിസംബര്‍ 6ല്പ ബാബ്‌രി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് 1993 ജനുവരി ആദ്യത്തില്‍ ബോംബെയില്‍ മുസ്‌ലിംകള്‍ക്കെതിരെ കലാപം നടന്നു. ഭരണകൂടത്തിലെയും ഉദ്യോഗസ്ഥന്മാരിലെയും ഉത്തരവാദപ്പെട്ടവര്‍ക്കെല്ലാം ഈ മുസ്‌ലിംവിരുദ്ധ ലഹളകള്‍ക്കു പിന്നില്‍ ആരെല്ലാമെന്ന് വ്യക്തമായും അറിയാമായിരുന്നു. എന്നാല്‍ ലഹള നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നു മാത്രമല്ല, പോലിസ് പലപ്പോഴും അക്രമികള്‍ക്ക് സഹായമായി നിന്നു. ശിവസേനയുടെ മുഖപത്രമായ സാമനയിലെ പത്രാധിപക്കുറിപ്പുകള്‍ ഐപിസി 153 എ, 153 ബി എന്നീ അനുഛേദങ്ങളുടെ ലംഘനമായിരുന്നു. ലഹള അഴിച്ചുവിട്ടതില്‍ ശിവസേനയ്ക്കും ബാല്‍താക്കറെ ഉള്‍പ്പെട്ട അതിന്റെ പ്രധാന നേതാക്കള്‍ക്കുമായിരുന്നു പങ്ക്. എഴുതിയ ലേഖനങ്ങളുടെ പേരില്‍ താക്കറെയെ അറസ്റ്റ് ചെയ്യാമായിരുന്നു.
SAVANT1980 ല്‍ വിജയദശമി നാളില്‍ ഹിന്ദുക്കള്‍ ആയുധവല്‍ക്കരിക്കണമെന്ന് താക്കറെ പ്രഖ്യാപിക്കുകയുണ്ടായി. മഹാരാഷ്ട്ര ടൈംസ് ദിനപ്പത്രത്തില്‍ പ്രഖ്യാപനം പ്രധാന വാര്‍ത്തയായി വന്നു. ജേര്‍ണലിസ്റ്റ്‌സ് എഗയിന്‍സ്റ്റ് കമ്മ്യൂണലിസം എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നൂറോളം പത്രപ്രവര്‍ത്തകര്‍ ഈ പ്രസ്താവനക്കെതിരെ മെമ്മോറാണ്ടം സമര്‍പ്പിച്ചെങ്കിലും എസ്ബി ചവാന്‍ മുഖ്യമന്ത്രിയായുള്ള കോണ്‍ഗ്രസ് മന്ത്രിസഭ ഒരു നടപടിയും കൈകൊണ്ടില്ല. 1993 ജൂണില്‍ ശിവസൈനികരെ അഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തില്‍ താക്കറെ ജുഡീഷ്യറിക്കെതിരെ പ്രസ്താവനകള്‍ നടത്തി. ബോംബെ പോലിസിലെ ക്രൈം ബ്രാഞ്ച് സിഐഡി വശം റിക്കാര്‍ഡ് ചെയ്ത ഈ പ്രസംഗം സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ശിക്ഷാനടപടിയുമുണ്ടായില്ല. പോലിസും നിയമവ്യവസ്ഥയും ഈ പ്രസ്താവനക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സ്വരാബ്ജി പ്രസ്താവിക്കുകയുണ്ടായി. സമുദായ സൗഹാര്‍ദ്ദത്തിന് പരമപ്രാധാന്യം കൊടുക്കാന്‍ കോടതിപോലും തയ്യാറാകുന്നില്ലെന്നാണ് പ്രമുഖ അഭിഭാഷകന്‍ നാനി പാല്‍ക്കിവാല ഇവ്വിഷയകമായി പ്രതികരിച്ചത്. വീണ്ടും ബാല്‍താക്കറെ മുന്നോട്ടു പോയി. ബോംബെയിലെയും മഹാരാഷ്ട്രയിലെയും ഇന്ത്യയിലെത്തന്നെയും പോലിസുകാര്‍ ആദ്യം ഹിന്ദുക്കളാണെന്നും പിന്നീട് മാത്രമാണ് അവര്‍ പോലിസുകാരായത് എന്ന് ഓര്‍ക്കണമെന്നും 1993 ഒക്ടോബറില്‍ വിജയദശമി നാളില്‍ താക്കറെ പ്രസംഗിച്ചു.
1992-93 കാലത്തെ വര്‍ഗ്ഗീയവിഷം വമിക്കുന്ന പ്രസംഗങ്ങള്‍ക്ക് എതിരില്‍ സര്‍ക്കാര്‍ ഒരു ശിക്ഷാനടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഒരു പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. ബാല്‍താക്കറെയുടെ മേല്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരില്‍ സര്‍ക്കാറും പോലിസും അവയുടെ സ്റ്റാറ്റിയൂട്ടറി ചുമതലകളില്‍നിന്നും ഒളിച്ചോടുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഐപിസി 153 എ, 153 ബി പ്രകാരം ബാല്‍താക്കറെക്കെതിരെ നിയമനടപടികള്‍ പരിഗണിക്കണമെന്ന ഹരജി ബോംബെ ഹൈക്കോടതിയോടഭ്യര്‍ത്ഥിച്ചു. പിയുസിഎല്‍ ആയിരുന്നു അതിനുപിന്നില്‍. പെറ്റീഷന്‍ മഹാരാഷ്ട്രക്കാരായ ഹിന്ദുക്കള്‍തന്നെ ഫയല്‍ ചെയ്യുകയാണെങ്കില്‍ അതിന് ശക്തമായ പ്രതിഫലനമുണ്ടാവുമെന്ന് പിയുസിഎല്‍ വിശ്വസിച്ചു. നാല് പ്രമുഖ മഹാരാഷ്ട്രക്കാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഭീഷണിയെതുടര്‍ന്ന് ഹര്‍ജിയില്‍ ഒപ്പുവച്ചവര്‍ ചിലര്‍ പിന്‍വലിഞ്ഞു. മുന്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ജെബി ഡിസൂസ ഹര്‍ജിയില്‍ ഒപ്പുവയ്ക്കാമെന്ന് സമ്മതിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റായ ദിലീപ് താക്കൂര്‍ കോ-പെറ്റീഷണര്‍ ആകാമെന്നും സമ്മതിച്ചു. പിയുസിഎല്ലും കമ്മറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സും പെറ്റീഷനില്‍ കക്ഷിചേര്‍ന്നു. അതുല്‍ സെറ്റില്‍വാദ കോടതിയില്‍ ഹാജരായി. സാമനയിലെ എട്ട് പത്രാധിപക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബോംബെ ഹൈക്കോടതി റിട്ട് പെറ്റീഷന്‍ രജിസ്റ്റര്‍ ചെയ്തു. എഡിറ്റര്‍ താക്കറെയെയും എക്‌സിക്യൂട്ടീവ് സഞ്ചയ് റോട്ടിനെയും ശിക്ഷിക്കണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും ഹര്‍ജി ആവശ്യപ്പെട്ടു. പക്ഷേ, 1994 സപ്തംബര്‍ 27നു പെറ്റീഷന്‍ ഡിസ്മിസ് ചെയ്യുകയായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ താക്കറെ കോടതി കയറിയെങ്കിലും അയാള്‍ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ തെളിവുകളുടെ ദൗര്‍ലഭ്യം കാരണം ഉടനെതന്നെ വിട്ടയക്കപ്പെടുകയാണുണ്ടായത്. കഴിഞ്ഞതൊക്കെ മറക്കണമെന്ന് ജഡ്ജി വിധിയില്‍ മുസ്‌ലിംകളോട് പരോക്ഷമായി അഭ്യര്‍ത്ഥിച്ചു.
ഗുജറാത്ത് കലാപത്തോടനുബന്ധിച്ച വിധി വന്ന കേസുകളെക്കുറിച്ച് പരിശോധിക്കാം. ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് കലാപസമയത്ത് ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. കലാപത്തില്‍ പങ്കുവഹിക്കുന്ന അക്രമകാരികള്‍ക്ക് തടസ്സം സൃഷ്ടിക്കരുത് എന്ന് മുഖ്യമന്ത്രി മോദി പോലിസുദ്യോഗസ്ഥന്മാരെ വിളിച്ചു ചേര്‍ത്ത് ആവശ്യപ്പെടുകയുണ്ടായി എന്ന് സഞ്ജീവ് ഭട്ട് പറയുന്നു.
വഡോദരിയിലെ ബൈസ്റ്റ് ബേക്കറി തീവെക്കുകയും പതിന്നാലു പേരെ ചുട്ടുകൊല്ലുകയും ചെയ്ത കേസില്‍ 21 പ്രതികളില്‍ 8 പേരെ മഹാരാഷ്ട്രയിലെ പ്രത്യേക കോടതി വെറുതെ വിട്ടു. 2006 ഫെബ്രുവരിയിലാണ് കേസില്‍ വിധിയുണ്ടായത്. 9 പേര്‍ക്ക് ജീവപര്യന്തം തടവു വിധിച്ചു.
MADANI-finalസര്‍ദാര്‍പുര കൂട്ടക്കൊലയില്‍ 33 പേരെയാണ് ചുട്ടുകൊന്നത്. 2011 നവംബറില്‍ വിധി വന്നു. 73 ല്‍ 42 പേരെ വെറുതെ വിട്ടയച്ചു. 33 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ മുന്‍ എംപി ഇഹ്‌സാന്‍ ജാഫരി ഉള്‍പ്പെടെ 69 പേരാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. 11 പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചു. 16 പേരെ കുറ്റവിമുക്തരാക്കി. വിധിയെക്കുറിച്ച് സാഖിയ ജഅ്ഫരി ഇങ്ങനെ പറയുന്നു: സത്യത്തില്‍ ഗുല്‍ബര്‍ഗ് വിധിയിലൂടെ കോടതി ഗുജറാത്ത് കലാപത്തിലെ ഇരകളെ മുഴുവന്‍ അവഗണിക്കുകയാണ് ചെയ്തത്. കലാപത്തില്‍ അനുഭവിച്ച ദുരന്തങ്ങളത്രയും ആവര്‍ത്തിക്കുന്നത് പോലെയാണ് വിധി കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയത്.
BLURB-SARKARകര്‍സേവകര്‍ സഞ്ചരിക്കുകയായിരുന്ന ട്രെയിന്‍ ഗോധ്‌റ സ്റ്റേഷനില്‍ തീവെച്ച് 59 പേര്‍ കൊല്ലപ്പെട്ട കേസില്‍ ഫോറന്‍സിക് റിപോര്‍ട്ട് എതിരായിട്ടും 11 പേര്‍ക്ക് വധശിക്ഷ വിധിച്ചു. 63 പേരെ വെറുതെ വിട്ടു. 2011 മാര്‍ച്ചിലാണ് പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയത് ഗോധ്‌റ കേസില്‍ മാത്രമാണെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടുകയുണ്ടായി. വംശഹത്യക്ക് ഉത്തരവാദികളെന്ന് പലരും കരുതുന്ന മോദിയും ഷായുമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.                 ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 156 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക