|    Feb 25 Sat, 2017 3:21 pm
FLASH NEWS

നിയമവിധേയമായ പിടിച്ചുപറിയെന്ന് മന്‍മോഹന്‍ സിങ്

Published : 25th November 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി സംഘടിതമായ കൊള്ളയും നിയമവിധേയമായ പിടിച്ചുപറിയുമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടുകള്‍ അസാധുവാക്കിയ നടപടി ദീര്‍ഘകാലത്തേക്ക് പ്രയോജനപ്രദമാവുമെന്ന് അവകാശപ്പെടുന്നവര്‍ക്ക് അതുവരെ നാം ജീവിച്ചിരിക്കും എന്നതിന് എന്ത് ഉറപ്പാണുള്ളതെന്നും മന്‍മോഹന്‍ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ഇരിക്കുമ്പോഴാണ് സര്‍ക്കാരിനെതിരേ മന്‍മോഹന്‍ സിങ് ശക്തമായി തുറന്നടിച്ചത്. കള്ളപ്പണവും ഭീകരര്‍ക്കുള്ള ഫണ്ടിങും വ്യാജ കറന്‍സിയും തടയുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തോട് വിയോജിപ്പില്ല. എന്നാല്‍, സാധാരണക്കാരെ ഏറെ കഷ്ടപ്പെടുത്തിയ ഈ നടപടി കെടുകാര്യസ്ഥതയുടെ ചരിത്രസ്മാരകമാവുമെന്ന് മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്കു രാജ്യത്തെ ബാങ്കിങ് സംവിധാനത്തിലും കറന്‍സി സംവിധാനത്തിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടും. സര്‍ക്കാരിന്റെ നീക്കം മൂലം റിസര്‍വ് ബാങ്ക് പോലും വിമര്‍ശനങ്ങള്‍ക്കിരയായി.  ഗ്രാമീണമേഖലയിലെ സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. ചെറുകിട വ്യവസായങ്ങളെയും നോട്ട് പിന്‍വലിക്കല്‍ പ്രതികൂലമായി ബാധിച്ചു.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവളര്‍ച്ചാ നിരക്ക് രണ്ടു ശതമാനം കുറയും. ഈ നടപടിയുടെ അവസാനം എന്തായിരിക്കുമെന്നു പ്രവചിക്കാന്‍ കഴിയില്ല. നോട്ടുകള്‍ പിന്‍വലിച്ചതു മൂലമുള്ള പ്രശ്‌നങ്ങള്‍ തീരാന്‍ 50 ദിവസത്തെ സമയമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ പാവപ്പെട്ടവര്‍ കടുത്ത ദുരിതത്തിലാണ്. സ്വന്തം അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ സാധിക്കാത്ത സ്ഥിതി ലോകത്ത് മറ്റേതെങ്കിലും രാജ്യത്ത് ഉണ്ടാകുമോ? അവസാന മണിക്കൂറിലെങ്കിലും നോട്ട് പിന്‍വലിക്കല്‍ തീരുമാനം കൊണ്ട് സാധാരണക്കാര്‍ക്കുണ്ടായ ദുരിതം പരിഹരിക്കാന്‍ പ്രധാനമന്ത്രി പ്രായോഗികമായ പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും മന്‍മോഹന്‍ പറഞ്ഞു.
ബാങ്കിങ് മേഖലയില്‍ ദിനംപ്രതി നിയമങ്ങള്‍ മാറ്റുന്നത് ശരിയല്ല. ഇതു പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും ധനമന്ത്രിയുടെ ഓഫിസിന്റെയും റിസര്‍വ് ബാങ്കിന്റെയും കെടുകാര്യസ്ഥതയാണ്. ഇത്തരമൊരു വിമര്‍ശനം റിസര്‍വ് ബാങ്കിനെതിരേ ഉന്നയിക്കേണ്ടിവന്നതില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ നോട്ട് വിഷയത്തില്‍ ബഹളം രൂക്ഷമാവുകയും സഭ പിരിയുകയും ചെയ്തിരുന്നു. പിന്നീട് ചോദ്യോത്തരവേളയ്ക്കായി സഭ ചേര്‍ന്നപ്പോഴാണ് പ്രധാനമന്ത്രി എത്തിയത്. ഇതോടെ ചോദ്യോത്തരവേള റദ്ദാക്കി നോട്ട് വിഷയത്തില്‍ ചര്‍ച്ച നടത്തുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക