|    Jun 22 Fri, 2018 2:53 pm
FLASH NEWS
Home   >  Editpage  >  Editorial  >  

നിയമവാഴ്ച ഉറപ്പുവരുത്തണം

Published : 14th October 2016 | Posted By: SMR

വെട്ടിക്കൊല്ലലും പ്രതികാരവും അതിന് മറുപടിയുമായി നിഷ്ഠുരമായ സംഭവങ്ങള്‍ക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. കണ്ണൂരില്‍ ആധിപത്യമുറപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ ഒരു ഇടവേളയ്ക്കുശേഷം സിപിഎം, ആര്‍എസ്എസ് അണികള്‍ പോരുകോഴികളെപ്പോലെ ഏറ്റുമുട്ടുകയാണ്.
പാര്‍ട്ടികളുടെ സഹകരണം ലഭിക്കാത്ത സാഹചര്യത്തില്‍ പോലിസിന് ഒന്നും ചെയ്യാനാവുന്നില്ലെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ പരസ്യപ്രസ്താവന കഴിഞ്ഞദിവസം പുറത്തുവന്നു. രാജ്യത്തെ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള സര്‍ക്കാരിന്റെ വീഴ്ചയാണ് ഇവിടെ പ്രകടമാവുന്നത്. നിയമവാഴ്ചയ്ക്കു നേരെ ധിക്കാരപൂര്‍വമായ സമീപനം സ്വീകരിക്കുന്ന രണ്ടു കക്ഷികള്‍ കേന്ദ്രവും കേരളവും ഭരിക്കുന്നവരാണ് എന്നത് കൂടുതല്‍ ഗൗരവമുള്ളതാണ്.
കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യം വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കുണ്ട്. തങ്ങളുടെ സ്വാധീനമേഖല വിപുലീകരിക്കുന്നതിന് അത് ഉപകരിക്കുമെന്ന് ഉത്തരേന്ത്യന്‍ മാതൃകകളിലൂടെ അവര്‍ കണക്കുകൂട്ടുന്നു. ഈ കുതന്ത്രങ്ങളുടെ ഭാഗമായാണ് ബിജെപിയുടെ മറവില്‍ ആര്‍എസ്എസ് കണ്ണൂരിന്റെ മണ്ണില്‍ ചോരവീഴ്ത്തുന്നത്. അക്രമങ്ങള്‍ നേരിടുന്നതിന് സംസ്ഥാനത്തു ഭരണം കൈയാളുന്ന പാര്‍ട്ടി നിയമത്തിന്റെ പാത ഫലപ്രദമായി സ്വീകരിക്കുന്നതിന് പകരം സ്വയം ആയുധമേന്തുന്നതാണ് ജില്ലയെ കുരുതിക്കളമാക്കുന്നത്.
കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പോലിസ് സ്‌റ്റേഷനിലും ബോംബുണ്ടാക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയ മാന്യനാണ്. കഴിഞ്ഞദിവസമാണ് ആര്‍എസ്എസ് നേതാവ് പരസ്യമായി തങ്ങളുടെ ബോംബ് നിര്‍മാണം അംഗീകരിച്ചും ന്യായീകരിച്ചും സംസാരിച്ചത്. ഏതാനും ദിവസം മുമ്പ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചപ്പോള്‍ കവചകുണ്ഡലം തീര്‍ത്തതായാണു ന്യായീകരണം വന്നത്. നിസ്സാരമായ കുറ്റങ്ങള്‍ക്കു പോലും യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചുമത്തുന്ന ഭരണകൂടമാണ് ഇത്തരക്കാര്‍ക്ക് യാതൊരു വിലക്കുമില്ലാതെ അഴിഞ്ഞാടുന്നതിന് അവസരമൊരുക്കുന്നത്.
സമാധാനപരമായ രീതികള്‍ അവലംബിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കു നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സ്വന്തം ശൈലിയായി സ്വീകരിച്ചവരാണ് നാട് ഭരിക്കുന്നത്. ഭരണാധികാരികള്‍ തങ്ങള്‍ കേവലം പാര്‍ട്ടിനേതാക്കളല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടമാണെന്നുമുള്ള വസ്തുത മനസ്സിലാക്കി ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടവരാണ്. ഈ വാക്കുകള്‍ കുറിക്കുമ്പോഴാണ് കണ്ണൂരില്‍ എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് ഫാറൂഖിനെ കൊലപ്പെടുത്തിയ വാര്‍ത്ത മുന്നിലെത്തുന്നത്. മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തകനായി അറിയപ്പെടുന്ന അക്രമി പാര്‍ട്ടിനേതാക്കളുടെ തണലിലാണ് ഇത്രകാലവും നിയമത്തിന്റെ പിടിയില്‍നിന്നും ഊരിപ്പോന്നിരുന്നത്. നിരപരാധിയായ ഒരു സാമൂഹികപ്രവര്‍ത്തകന്റെ ജീവനെടുത്ത കൊലയാളിക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്.
നിസ്സഹായത പ്രഖ്യാപിച്ച് ഒഴിഞ്ഞുമാറുന്നതിന് പകരം പോലിസ് അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് നിയമവാഴ്ച ഉറപ്പുവരുത്തണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss