|    Jan 17 Tue, 2017 12:53 am
FLASH NEWS

നിയമവാഴ്ചയെ അപഹസിക്കുന്ന നടപടികള്‍

Published : 23rd July 2016 | Posted By: SMR

എറണാകുളത്ത് കേരള ഹൈക്കോടതിയിലും തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ കൈയേറ്റം നമ്മുടെ നിയമവ്യവസ്ഥയ്ക്കു തന്നെ അപമാനകരമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരു യുവതിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ കടന്നുപിടിച്ചത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ് അഭിഭാഷകരെ ചൊടിപ്പിച്ചത്. ആ നടപടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വീഴ്ചകളുണ്ടായി എന്നുതന്നെ വയ്ക്കുക, എങ്കില്‍ അഭിഭാഷകര്‍ ചെയ്യേണ്ടിയിരുന്നത് നിയമം കൈയിലെടുക്കുകയും അക്രമമാര്‍ഗങ്ങളിലേക്കു തിരിയുകയുമായിരുന്നുവോ? അഭിഭാഷകരുടെ നടപടിക്കെതിരേ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെങ്കിലും തൊട്ടുപിറ്റേദിവസം തന്നെ അവര്‍ തിരുവനന്തപുരത്ത് കൂടുതല്‍ ശക്തമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. അക്രമം നടത്തിയ സ്വന്തം സഹപ്രവര്‍ത്തകനെ ബലംപ്രയോഗിച്ച് പോലിസ് സ്‌റ്റേഷനില്‍നിന്നു പിടിച്ചിറക്കി കൊണ്ടുപോവുകപോലും ചെയ്തു അഭിഭാഷകര്‍.
നമ്മുടെ അഭിഭാഷകസമൂഹം എങ്ങോട്ടാണു സഞ്ചരിക്കുന്നത്? ഈയിടെ ഡല്‍ഹിയില്‍ പട്യാലാഹൗസ് കോടതിയില്‍ ജെഎന്‍യു വിദ്യാര്‍ഥി കനയ്യകുമാറിനെതിരായി ആക്രമണമഴിച്ചുവിട്ടത് ഒരുപറ്റം അഭിഭാഷകരായിരുന്നു. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായ ജുഡീഷ്യറിയെ സംരക്ഷിക്കുന്നതില്‍ പ്രധാന ഉത്തരവാദിത്തം വഹിക്കേണ്ടവരാണ് അഭിഭാഷകര്‍. എന്നാല്‍, പലപ്പോഴും അവര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുന്നതായാണ് അനുഭവം. ചിലപ്പോള്‍ അഭിഭാഷകസംഘടനകള്‍ ചില പ്രത്യേക കേസുകള്‍ വാദിക്കുകയില്ലെന്നു ശഠിക്കാറുണ്ട്. ഭരണകൂടഭീകരതയുടെ ഇരകളായിത്തീര്‍ന്ന ആളുകള്‍ക്ക്, കപടരാജ്യസ്‌നേഹംകൊണ്ടാണോ ആവോ, നിയമസഹായം നല്‍കുകയില്ലെന്നു തീരുമാനിക്കാറുണ്ട്. കേസ് നടത്തിപ്പില്‍ എല്ലാ ധാര്‍മികതകളും കളഞ്ഞുകുളിക്കാറുണ്ട്. ഉദാത്ത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നാണ് നീതിന്യായവ്യവസ്ഥ അവകാശപ്പെടാറുള്ളത്. അതിന്റെ പ്രത്യേക അവകാശങ്ങള്‍ കൈപ്പറ്റിക്കൊണ്ടാണ് വക്കീല്‍മാരും ജഡ്ജിമാരും സമൂഹത്തില്‍ നിലനില്‍ക്കുന്നതും. എന്നാല്‍, തങ്ങള്‍ അണിയുന്ന കോട്ടിനോടും ഗൗണിനോടും നീതിപുലര്‍ത്തുന്ന മൂല്യബോധമല്ല പലപ്പോഴും അവര്‍ പ്രകടിപ്പിക്കുന്നത്. പ്രത്യേകാവകാശങ്ങള്‍ ആസ്വദിക്കുകയും അതേസമയം, കടമകള്‍ മറക്കുകയും ചെയ്യുന്നതിന് ഒരു ന്യായീകരണവുമില്ല.
മാധ്യമപ്രവര്‍ത്തകരും ചില പ്രത്യേകാവകാശങ്ങള്‍ അനുഭവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ‘പ്രിവിലേജ്ഡ്’ ആയ രണ്ടുകൂട്ടര്‍ തമ്മിലുള്ള ചേരിപ്പോരായി ഈ സംഭവങ്ങളെ കാണുന്നവരുണ്ട്. അതു ശരിയല്ല. മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ തൊഴില്‍ ചെയ്യുക മാത്രമാണുണ്ടായത്. തൊഴില്‍രംഗത്ത് ഇമ്മട്ടില്‍ പ്രതിരോധം തീര്‍ക്കുന്ന നടപടികള്‍ ശരിയാണോ എന്നാലോചിക്കണം. കട പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുക, ബലംപ്രയോഗിച്ച് പ്രതികളെ പോലിസ്‌സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോവുക തുടങ്ങിയ പ്രവൃത്തികള്‍ സംഘടിതശക്തി ഉപയോഗിച്ചു ചെയ്യുന്ന സ്ഥിതിവിശേഷം കേരളത്തില്‍ വര്‍ധിച്ചുവരുകയാണ്. നിയമവാഴ്ചയെ നിരാകരിക്കുന്ന സമാനമായ പ്രവൃത്തിയാണ് അഭിഭാഷകരുടേതും. അതിന് അര്‍ഹമായ ശിക്ഷ ലഭിക്കുക തന്നെ വേണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക