|    Nov 16 Fri, 2018 9:20 am
FLASH NEWS
Home   >  Editpage  >  Editorial  >  

നിയമലംഘനത്തിനായി നിയമനിര്‍മാണം

Published : 6th April 2018 | Posted By: kasim kzm

ഇന്നലെ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ഥികളെ പുറത്താക്കാന്‍ ഉത്തരവിട്ട സുപ്രിംകോടതി ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് റദ്ദാക്കുകയും ചെയ്തു. ഓര്‍ഡിനന്‍സിനു പകരം സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ എംബിബിഎസ് പ്രവേശനം ക്രമവല്‍ക്കരിക്കുന്നതിനുള്ള ബില്ല് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയിരിക്കുമ്പോഴാണ് ഇരുട്ടടി പോലുള്ള സുപ്രിംകോടതി വിധി വരുന്നത്.
കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളില്‍ 2016-17 വര്‍ഷങ്ങളില്‍ നടന്ന വിദ്യാര്‍ഥി പ്രവേശനം സാധൂകരിക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്നു നടത്തിയ കൂട്ടുകച്ചവടം അതോടെ നഷ്ടത്തിലായി. ഇതു സംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രസ്തുത കേസില്‍ വിധി പറയാനിരിക്കെ വിഷയത്തില്‍ സംസ്ഥാന ഭരണകൂടം നടത്തിയ തിരക്കിട്ട നീക്കം തന്നെ ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു.
അപേക്ഷ സ്വീകരിക്കുന്നതിലും റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിലും ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രവേശന മേല്‍നോട്ട സമിതി മുമ്പ് ഈ കോളജുകളിലെ പ്രവേശനം റദ്ദാക്കിയത്. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 137 വിദ്യാര്‍ഥികളുടെയും കരുണ മെഡിക്കല്‍ കോളജിലെ 31 വിദ്യാര്‍ഥികളുടെയും തിരുവനന്തപുരം എസ്‌യുടിയിലെ ഒരു വിദ്യാര്‍ഥിയുടെയും പ്രവേശനമാണ് മേല്‍നോട്ട സമിതി തടഞ്ഞിരുന്നത്. എന്നാല്‍, ഈ വിദ്യാര്‍ഥികളുടെ പഠനവുമായി മുന്നോട്ടുപോയ കോളജുകള്‍ ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചെങ്കിലും കോടതികള്‍ മേല്‍നോട്ട സമിതിയുടെ തീരുമാനം അംഗീകരിക്കുകയാണ് ചെയ്തത്. മുഴുവന്‍ വഴികളും അടഞ്ഞതോടെയാണ് ഈ വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമപ്പെടുത്താന്‍ കോളജ് മാനേജ്‌മെന്റുകളും രക്ഷിതാക്കളും സര്‍ക്കാരിനെ സമീപിച്ചത്. മാനേജ്‌മെന്റുകളെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ ബില്ലിലൂടെ ശ്രമിച്ചതെന്ന കാര്യം വ്യക്തമാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ ഒരുകാലത്ത് പടവാളുമായി ഇറങ്ങി രക്തസാക്ഷികളെ സൃഷ്ടിച്ച സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഭരണകൂടമാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കു വേണ്ടി പ്രതിപക്ഷവുമായി കൈകോര്‍ക്കുന്നത് എന്നതാണ് കൗതുകകരം.
ഇടതുപക്ഷത്ത് ഉള്ളതിനേക്കാള്‍ ഈ വിഷയത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നത് യുഡിഎഫ് മുന്നണിക്കകത്താണ് എന്നതും ശ്രദ്ധേയമാണ്. യൂത്ത് കോണ്‍ഗ്രസ് ബില്ലിനെതിരേ പ്രതികരണവുമായി രംഗത്തുവന്നു. ഇടത്തു മാറിയമര്‍ന്നു വലത്തോട്ടു തിരിയുന്ന സിപിഎമ്മിന്റെ പുതിയ അഭ്യാസച്ചുവടുകള്‍ക്കാണ് സംസ്ഥാനം വീണ്ടും സാക്ഷിയാകുന്നത്. 50 ലക്ഷം തൊട്ട് ഒരു കോടി വരെ കോഴ കൊടുത്തു വൈദ്യബിരുദം വിലയ്ക്കു വാങ്ങാനിറങ്ങിയ കുബേരസന്തതികളുടെ ഭാവിയെക്കുറിച്ചാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ ചിന്തിക്കുന്നത്. ആ ഇരട്ടത്താപ്പാണ് സുപ്രിംകോടതി വെള്ളിവെളിച്ചത്തിലേക്കു കൊണ്ടുവന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss