|    Apr 29 Sat, 2017 12:53 pm
Home   >  Pravasi  >  Gulf  >  

നിയമലംഘനം അറിയിച്ചാല്‍ പിഴസംഖ്യയുടെ 10% നല്‍കും

Published : 6th November 2016 | Posted By: SMR

ജിദ്ദ: തൊഴില്‍ നിയമലംഘനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നിയമലംഘനത്തിന്റെ പേരില്‍ കുറ്റക്കാരില്‍ നിന്ന് ഈടാക്കുന്ന പിഴ സംഖ്യയുടെ 10 ശതമാനം നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. പാരിതോഷികം നല്‍കുന്ന നിയമം ഇന്നു മുതലാണ് പ്രാബല്യത്തില്‍ വരുക. നിയമലംഘനത്തെ കുറിച്ച് ഓണ്‍ലൈന്‍ മുഖേനെയാണ് മന്ത്രാലയത്തിന് റിപോര്‍ട്ട് ചെയ്യേണ്ടത്.
നിയമലംഘനത്തെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് നിശ്ചിത ശതമാനം പാരിതോഷികം നല്‍കാന്‍ സൗദി തൊഴില്‍ മന്ത്രാലയ നിയമം അനുസരിച്ചു തൊഴി മന്ത്രിക്ക് അധികാരമുണ്ടെന്ന് തൊഴില്‍-സാമൂഹികക്ഷേമ മന്ത്രാലയ വക്താവ്  ഖാലിദ് അബാഖൈല്‍ അറിയിച്ചു.
രാജ്യത്തെ തൊഴില്‍ മേഖലയില്‍ കാണുന്ന നിയമലംഘനത്തെ കുറിച്ച് ഓണ്‍ലൈന്‍ മുഖേനെ വിവരം നല്‍കുന്നതിനായാണ് മആ ലിറസദ് എന്ന പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസ കച്ചവടം, വിസ കച്ചവടത്തിനു മധ്യവര്‍ത്തികളായി നില്‍ക്കല്‍, കൊടും ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട്് ജോലി ചെയ്യിപ്പിക്കല്‍, തൊഴിലാളികള്‍ക്കു സുരക്ഷാക്രമീകരണം ഒരുക്കാതെ തൊഴിലെടുപ്പിക്കല്‍, സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തിയ ജോലികളില്‍ വിദേശികളെ ജോലി ചെയ്യിപ്പിക്കല്‍, അനധികൃതമായി മാന്‍പവര്‍ സ്ഥാപനം നടത്തല്‍, അനധികൃത റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തല്‍ തുടങ്ങിയ നിയമലംഘനങ്ങളെ കുറിച്ച് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വിവരം നല്‍കാവുന്നതാണ്.
നിയമലംഘനം നടത്തിയ സ്ഥാപന ഉടമക്കെതിരായ നിയമ നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയായ ശേഷം മാത്രമായിരിക്കും പാരിതോഷികം നല്‍കുക. നിയമലംഘനത്തെ കുറിച്ചു മൂന്നു തവണ തുടര്‍ച്ചയായി തെറ്റായ വിവരം നല്‍കിയ വ്യക്തിക്ക് പിന്നീട് ആറ് മാസത്തേക്ക് നിയമലംഘനത്തെ കുറിച്ച് മന്ത്രാലയത്തിന് റിപോര്‍ട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടാവില്ല. ഓരേ സ്ഥാപനത്തിലെ നിയമലംഘനത്തെ കുറിച്ച് ഒന്നില്‍ കൂടുതല്‍ പേര്‍ റിപോര്‍ട്ട് ചെയ്താല്‍ ആദ്യം അറിയിച്ച വ്യക്തിക്കാണ് പാരിതോഷികം ലഭിക്കുക.
സ്വദേശികള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നേരത്തേ നിരവധി തവണ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി നിയമലംഘനം കണ്ടെത്തിയ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മൊബൈല്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കിയ ശേഷം താമസസ്ഥലങ്ങളില്‍ വച്ച് മൊബൈല്‍ അറ്റകുറ്റപ്പണി ചെയ്തിരുന്ന ഏതാനും വിദേശികളെ പലയിടങ്ങളില്‍ നിന്നായി ഈയിടെ പിടികൂടിയിരുന്നു. ഇതെല്ലാം സ്വദേശികള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു.
മൊബൈല്‍ കടയില്‍ ഒരു വിദേശി ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ 20,000 റിയാലാണ് പിഴ. വിദേശ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ആനുപാതികമായി പിഴസംഖ്യ നല്‍കണം. പ്രസ്തുത നിയമലംഘനം ചൂണ്ടിക്കാട്ടുന്ന വ്യക്തിക്ക് ഈ പിഴ സംഖ്യയുടെ 10 ശതമാനം ലഭിക്കും. സ്വദേശിവല്‍ക്കരണ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജനങ്ങളുടെ കൂടി സഹായം ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം പാരിതോഷികം നല്‍കുന്ന നിയമം കൊണ്ടുവന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day