|    Mar 25 Sat, 2017 3:22 am
FLASH NEWS

നിയമന വിവാദം: സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് സിപിഐ മുഖപത്രം

Published : 12th October 2016 | Posted By: SMR

തിരുവനന്തപുരം: ആശ്രിതനിയമന വിവാദത്തില്‍ സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് സിപിഐ മുഖപത്രം. എല്‍ഡിഎഫിനുമേല്‍ നിഴല്‍ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കണമെന്ന തലക്കെട്ടോടെ കഴിഞ്ഞദിവസം ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. സ്വജനപക്ഷപാതം നിസ്സംശയം അഴിമതിയാണെന്നും ഒരുവ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനുക്കാനാവില്ലെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
ഉന്നതയോഗ്യത നേടിയവരും തൊഴില്‍രഹിതരുമായ വന്‍പടയുടെ മുന്നില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. എതിരാളികളുടെ അഴിമതിക്കഥകളും അവര്‍ നേരിടുന്ന നടപടികളും നിരത്തി സ്വന്തം നടപടികളെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ ജനത്തിന്റെ മുന്നിലും നിയമത്തിന്റെ മുന്നിലും വിലപ്പോവില്ല.
ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ സങ്കീര്‍ണതകളില്‍ ഇടതുപക്ഷത്തെ വേറിട്ടുനിര്‍ത്തുന്നത് അതിന്റെ നേതാക്കളുടെയും പ്രവര്‍ത്തകരുടേയും ഉന്നതവും സുതാര്യവുമായ ധാര്‍മിക സ്ഥിരതയാണ്. അതിനു കളങ്കം വരുത്തുന്ന ഒരുനടപടിയും അംഗീകരിക്കാനോ വച്ചുപൊറുപ്പിക്കാനോ പാടില്ല.
അധികാരത്തിലേറി നാലുമാസം പിന്നിടുമ്പോഴേക്കും എല്‍ഡിഎഫ് മന്ത്രിസഭയും മുന്നണിയും നേരിടേണ്ടിവന്ന വിവാദങ്ങള്‍ നിതാന്തജാഗ്രത എല്ലാരംഗത്തും എപ്പോഴും കൂടിയേ തീരൂവെന്ന പാഠവും മുന്നറിയിപ്പുമാണ് നല്‍കുന്നത്. സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്നണി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം, ജയരാജന്‍ നടത്തിയ ബന്ധുനിയമന വിവാദത്തില്‍ പിബിയും അതൃപ്തി പ്രകടിപ്പിച്ചതോടെ ജയരാജനടക്കം എല്ലാ മന്ത്രിമാരുടെയും ബന്ധുനിയമന നടപടികള്‍ പാര്‍ട്ടിയും സര്‍ക്കാരും പരിശോധിച്ചുതുടങ്ങി. 14ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. മന്ത്രി ജയരാജനും പരസ്യപ്രതികരണം നടത്തിയ പി കെ ശ്രീമതി എംപിക്കുമെതിരേ കടുത്ത നടപടികളിലേക്ക് നേതൃത്വം പോവില്ലെന്നാണ് സൂചന. ഇരുവര്‍ക്കുമെതിരേ നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.
എന്നാല്‍, മന്ത്രിസഭയുടെ തുടക്കമെന്ന നിലയില്‍ ഇരുവര്‍ക്കും താക്കീത് നല്‍കിയേക്കും.
അതിനിടെ, സിപി—എം അനുകൂല സംഘടനയായ ലോയേഴ്‌സ് യൂനിയന്റെ പട്ടിക തള്ളിക്കളഞ്ഞ് നേതാക്കളുടെ ബന്ധുക്കളെ കൂട്ടത്തോടെ സര്‍ക്കാര്‍ പ്ലീഡര്‍മാരാക്കിയതും വിവാദമായിട്ടുണ്ട്. ബന്ധുനിയമനം വിവാദമായതോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിനോടു നിയമോപദേശം തേടി. മന്ത്രിക്കെതിരേ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന.
ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ചെന്ന വി എസ് അച്യുതാനന്ദന്റെ പ്രതികരണവും സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കി.

(Visited 37 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക