|    Mar 26 Sun, 2017 11:11 am
FLASH NEWS

നിയമന വിവാദം: വാര്‍ത്ത തെറ്റെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് സുധീരന്‍

Published : 12th October 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്. മല്‍സ്യബന്ധന, കശുവണ്ടിവ്യവസായ വകുപ്പുകളിലെ നിയമനങ്ങളുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നിയമനങ്ങളില്‍ ഒരു പിശകും സംഭവിച്ചിട്ടില്ല. നിയമിതരായവര്‍ക്കെതിരേ വിജിലന്‍സ് കേസോ പരാതിയോ നിലനില്‍ക്കുന്നില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് പരിശോധിച്ചു റിപോര്‍ട്ട് നല്‍കിയശേഷമാണ് നിയമനം നടത്തിയത്. ഇവര്‍ ആരുംതന്നെ വകുപ്പു മന്ത്രിയുടെ കുടുംബാംഗങ്ങളോ ബന്ധത്തിലോ സ്വന്തത്തിലോ പെട്ടവരോ അല്ല. ഇത്തരം വ്യാജപ്രചാരണങ്ങളെ അപലപിക്കാന്‍ പത്ര-ദൃശ്യമാധ്യമങ്ങള്‍ തയ്യാറാവണമെന്നും മന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
എംബിഎ ബിരുദാനന്തര ബിരുദധാരിയും ചെന്നൈ ഐഐടിയില്‍നിന്നു പിഎച്ച്ഡിയും എടുത്തയാളാണ് മല്‍സ്യഫെഡ് എംഡിയായ ലോറന്‍സ്. കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയിരിക്കെ ഡെപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ അനുമതിയോടെയാണ് മല്‍സ്യഫെഡ് മാനേജിങ് ഡയറക്ടറായി ലോറന്‍സ് നിയമിതനായത്. എംബിഎ ബിരുദാനന്തര ബിരുദധാരിയായ രാജേഷ് 2008 ജനുവരിയില്‍ കാപെക്‌സിന്റെ മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെട്ടയാളാണ്. കഴിഞ്ഞ യുഡിഎഫ് ഭരണത്തിനിടെ കാപെക്‌സ് വീണ്ടും നഷ്ടത്തിലായ സാഹചര്യത്തിലാണ് ഓട്ടോകാസ്റ്റ് എംഡിയായി പ്രവര്‍ത്തിച്ചിരുന്ന രാജേഷിനെ മാതൃസ്ഥാപനത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയും സംസ്ഥാന പോലിസ് സേനയില്‍ 30 വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള വ്യക്തിയാണ് കെഎസ്‌സിഡിസി മാനേജിങ് ഡയറക്ടറായ സേവ്യറെന്നും മന്ത്രിയുടെ ഓഫിസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബന്ധുനിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിയാതെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒരു പ്രധാന നിയമനവും നടക്കില്ലെന്നും സുധീരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക