|    Nov 17 Sat, 2018 8:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നിയമനമില്ലാതെ 24 ലക്ഷത്തോളം തസ്തികകള്‍

Published : 6th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ ദിനംപ്രതി വര്‍ധിക്കുമ്പോഴും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ സര്‍വീസുകളിലായി 24 ലക്ഷത്തോളം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാവുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലാണു രാജ്യത്തെ വിവിധ സര്‍വീസ് മേഖലകളില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന കാര്യം പുറത്തായത്.
ഫെബ്രുവരിയില്‍ രാജ്യസഭയിലെ ഒരു ചോദ്യത്തിന് രാജ്യത്ത് 10 ലക്ഷത്തിലധികം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പ്രാഥമിക വിദ്യാലയങ്ങളില്‍ ഒമ്പത് ലക്ഷവും സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്നര ലക്ഷവും ഒഴിവുകളുണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ പോലിസ് സേനകളിലായി 5.4 ലക്ഷം ഒഴിവുകളുണ്ടെന്ന് മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ജില്ലാ ആംഡ് പോലിസ്, സിവില്‍ പോലിസ് എന്നീ വിഭാഗങ്ങളിലായി 4.4 ലക്ഷം ഒഴിവുണ്ട്. കൂടാതെ സംസ്ഥാന പോലിസില്‍ തന്നെ 90,000 ഒഴിവുകളുമുണ്ട്. പോലിസ് സേനയില്‍ അംഗങ്ങള്‍ കുറവായതിനാല്‍ കേസുകളില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും ഇതുകാരണം കോടതി നടപടികള്‍ വൈകുന്നുണ്ടെന്നും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവിധ കോടതികളിലായി 5,853 ഒഴിവുകളുണ്ട്. ജൂലൈ 18നാണ് ലോക്‌സഭയില്‍ ഇതുസംബന്ധിച്ച കണക്ക് കേന്ദ്രം പുറത്തുവിട്ടത്. പ്രതിരോധ വിഭാഗത്തിലും പാര്‍ലമെന്ററി ഫോഴ്‌സിലുമായി 1.2 ലക്ഷം ഒഴിവുകളുണ്ടെന്ന് മാര്‍ച്ചില്‍ രാജ്യസഭയിലും ഏപ്രില്‍ നാലിന് ലോക്‌സഭയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി ഫോഴ്‌സില്‍ 61,000വും പ്രതിരോധവിഭാഗത്തില്‍ 62,000വും ഒഴിവുകളാണുള്ളത്.
ഇന്ത്യന്‍ റെയില്‍വേയില്‍ 2.4 ലക്ഷം നോണ്‍ ഗസറ്റഡ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള ഒഴിവുകളുണ്ട്. ആരോഗ്യ മേഖലയിലെ തസ്തികകളില്‍ 1.5 ലക്ഷം ഒഴിവുകളുണ്ട്. അങ്കണവാടി വര്‍ക്കേസ് 2.2ലക്ഷം, തപാല്‍ വകുപ്പില്‍ 54,263, എയിംസുകളില്‍ 21,740, കേന്ദ്രസര്‍വകലാശാലകള്‍ അടക്കമുള്ള മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 12,020 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss