|    Jul 16 Mon, 2018 8:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിയമനങ്ങളെല്ലാം നടത്തിയത് നിയമവും ചട്ടവും പാലിച്ച്: ജയരാജന്‍

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: രാജ്യത്തിന് വേണ്ടിയാണ് താന്‍ പോരാടിയതെന്നും അതിനിയും തുടരുമെന്നും ഇ പി ജയരാജന്‍. ഒരു ഭീഷണിക്ക് മുന്നിലും തലകുനിക്കില്ല. പ്രതിപക്ഷം തന്റെ രക്തത്തിനായി ദാഹിക്കുകയാണ്. വേണമെങ്കില്‍ നിങ്ങള്‍ക്ക് അത് കുറച്ചുതരാം. എന്നാല്‍, ചരിത്രം പ്രതിപക്ഷത്തിന് മാപ്പുതരില്ലെന്നും ജയരാജന്‍ വികാരാധീനനായി പറഞ്ഞു. മന്ത്രിസ്ഥാനം രാജിവച്ചശേഷം ചട്ടം 64 അനുസരിച്ച് നിയമസഭയില്‍ വിശദീകരണപ്രസംഗം നടത്തുകയായിരുന്നു ജയരാജന്‍.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജയരാജന്‍ കുറ്റംസമ്മതിച്ചെന്ന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായ നിലപാടാണ് അദ്ദേഹം നിയമസഭയില്‍ സ്വീകരിച്ചത്. പൊതുമേഖലാസ്ഥാപനങ്ങളില്‍ സുധീര്‍ നമ്പ്യാര്‍ അടക്കമുള്ളവരുടെ നിയമനം ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്നും അഴിമതിക്കെതിരേ താനെടുത്ത നിലപാടുകളില്‍ അസ്വസ്ഥരായ മാഫിയകള്‍ പണം നല്‍കി മാധ്യമങ്ങളിലൂടെ തന്നെ വേട്ടയാടാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാനാണ് രാജിവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യവസായമന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ വ്യവസായവളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു തന്റെ പ്രവര്‍ത്തനങ്ങള്‍. കിന്‍ഫ്ര അടക്കമുള്ള സ്ഥാപനങ്ങളില്‍ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്ന തലതൊട്ടപ്പന്‍മാരെ സ്ഥാനത്തുനിന്നു മാറ്റി. നടപടി വന്നപ്പോള്‍ തനിക്ക് ശത്രുക്കളുണ്ടായി. അഴിമതിക്കെതിരായ തന്റെ നിലപാടുകളെത്തുടര്‍ന്ന് തന്നെ സ്വാധീനിക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍, വഴങ്ങിയില്ല. തുടര്‍ന്ന് ചില മാധ്യമങ്ങള്‍ തനിക്കെതിരേ വാര്‍ത്തകള്‍ പടച്ചുവിട്ട് 12 ദിവസമായി വേട്ടയാടുകയായിരുന്നു. ഇതിന് പിന്നില്‍ സിമന്റ് മാഫിയ അടക്കമുള്ളവരുണ്ട്. വ്യവസായങ്ങളെ കൊള്ളയടിക്കാന്‍ മാഫിയകള്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചു. എല്ലാ മാധ്യമങ്ങളിലും ഒരേവാര്‍ത്തയാണ് വന്നത്. മാധ്യമങ്ങള്‍ പണം വാങ്ങി മാഫിയകള്‍ തയ്യാറാക്കിക്കൊടുക്കുന്ന വാര്‍ത്തകള്‍ കൊടുക്കുകയായിരുന്നു. തനിക്ക് അകത്തുനിന്നും പുറത്തുനിന്നും ഭീഷണിയുണ്ടായിരുന്നു.
ഈ പരാമര്‍ശത്തിന് പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് ഡസ്‌കിലടിച്ചുള്ള ആഹ്ലാദം കണ്ടപ്പോള്‍ അതിലെ രാഷ്ട്രീയം മനസ്സിലാക്കിയ ജയരാജന്‍, അതേ രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഭീഷണിയുണ്ടായെന്ന് വ്യാഖ്യാനിച്ചു. നീതിക്കുവേണ്ടിയാണു പോരാടിയത്. അഭിമാനത്തോടെയാണു രാജി. റിയാബ് തയ്യാറാക്കിയ പട്ടികയില്‍നിന്നാണ് നിയമനം നടത്തിയത്. നിലവില്‍ ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് പ്രത്യേക നിയമങ്ങളില്ല. അഴിമതിക്കെതിരേ കര്‍ശന നടപടിയെടുക്കുന്ന പിണറായി വിജയന്‍ നടക്കുന്ന വഴിയെ നടക്കാനുള്ള യോഗ്യത പ്രതിപക്ഷത്തിനില്ല. ഈ സഭയിലുണ്ടല്ലോ ഇനി കാണാം നമ്മള്‍ക്കെന്ന വെല്ലുവിളിയോടെയാണ് ജയരാജന്‍ പ്രസംഗം അവസാനിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss