|    Dec 12 Tue, 2017 12:32 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി; സുധീര്‍ നമ്പ്യാരുടെ നിയമനം റദ്ദാക്കി

Published : 7th October 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായമന്ത്രി ഇ പി ജയരാജന്റെ ഭാര്യാസഹോദരി പി കെ ശ്രീമതി എംപിയുടെ മകനും കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്‌ഐഇ) മാനേജിങ് ഡയറക്ടറുമായ സുധീര്‍ നമ്പ്യാരെ  കെഎസ്‌ഐഇ എംഡിയായി നിയമിച്ച ഉത്തരവ് റദ്ദാക്കി. നിയമനം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രി ഇ പി ജയരാജന്റെ നിര്‍ദേശപ്രകാരമുള്ള നടപടി.
അതേസമയം, സുധീര്‍ നമ്പ്യാരുടെ നിയമനത്തെക്കുറിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതു സംബന്ധിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ പ്രസ്താവന വന്ന് അരമണിക്കൂറിനകമാണ് സുധീറിനെ എംഡി സ്ഥാനത്തുനിന്നു മാറ്റിയത്. കെഎസ്‌ഐഇ എംഡിയുടെ ചുമതല ഡോ. എം ബീനയ്ക്ക് നല്‍കാന്‍ വ്യവസായമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഈ മാസം 3നുതന്നെ സുധീറിന്റെ നിയമന ഉത്തരവ് റദ്ദാക്കിയിരുന്നുവെന്നു വ്യവസായമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിയമനം വിവാദമായതോടെ ന്യായീകരണവുമായി ജയരാജന്‍ രംഗത്തെത്തിയിരുന്നു. സിപിഎം നേതാക്കളുടെ ബന്ധുക്കളെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളായി നിയമിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതാണ് നിയമനം റദ്ദാക്കാന്‍ കാരണമായതെന്നാണ് സൂചന. ഇവരില്‍ പലര്‍ക്കും മതിയായ യോഗ്യതയില്ലെന്നാണ് ആക്ഷേപം. കിന്‍ഫ്ര എംഡിയായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത് മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകനെയാണ്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവാനന്ദനാണ് കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിന്റെ പുതിയ ജനറല്‍ മാനേജര്‍. അന്തരിച്ച നേതാവ് പി കെ ചന്ദ്രാനന്ദന്റെ മകള്‍ ബിന്ദുവിനെ വനിതാ വികസന കോര്‍പറേഷന്‍ എംഡിയായും നിയമിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക