|    Oct 21 Sun, 2018 11:42 am
FLASH NEWS
Home   >  Editpage  >  Article  >  

നിയമങ്ങള്‍ ദൈവങ്ങളാവുമ്പോള്‍

Published : 1st April 2018 | Posted By: kasim kzm

അവകാശങ്ങള്‍  നിഷേധങ്ങള്‍ – ബാബുരാജ് ബി എസ്
‘അതു നോക്കൂ…’- സുഹൃത്ത് നെയിംബോര്‍ഡിലേക്ക് ശ്രദ്ധ ക്ഷണിച്ചു. അകലെ വാതിലിനു മുകളിലായി വച്ച നെയിംബോര്‍ഡില്‍ വെളുത്ത അക്ഷരത്തില്‍ എഴുതിയിരിക്കുന്നു: ‘കോടതി.’ കൊടുങ്ങല്ലൂരിലെ സാംസ്‌കാരിക പരിപാടികളുടെ സംഘാടനത്തില്‍ കോട്ടപ്പുറം രൂപതയ്ക്കു പങ്കുണ്ടാവാറില്ലെങ്കിലും എല്ലാ സംഘാടകരും ആദ്യം പണപ്പിരിവ് തുടങ്ങുക കോട്ടപ്പുറം ബിഷപ് ഹൗസില്‍ നിന്നാണ്. ഞങ്ങളും പതിവു തെറ്റിച്ചില്ല. ആ യാത്രയിലാണ് അഡ്മിനിസ്‌ട്രേറ്ററുടെ മുറിയോടു ചേര്‍ന്നുള്ള ഹാളിന്റെ നെയിംബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചിലര്‍ നിര്‍ഭാഗ്യവാനായ ഒരു യുവാവിനെ വെട്ടിക്കൊന്ന വാര്‍ത്ത ചര്‍ച്ചയിലുള്ള സമയമായിരുന്നു അത്. കൊലപാതകികള്‍ ‘പാര്‍ട്ടി കോടതി’ വിളിച്ചുചേര്‍ത്താണ് ശിക്ഷ വിധിച്ചതെന്ന കാര്യം മാധ്യമങ്ങള്‍ എടുത്തുപറഞ്ഞു. കൊലപാതകത്തോടുള്ള പ്രതിഷേധത്തേക്കാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വച്ചുപുലര്‍ത്തുന്നുവെന്ന് ചാനലുകള്‍ ആരോപിക്കുന്ന സമാന്തരമായ ഒരു നിയമവ്യവസ്ഥയിലായിരുന്നു ഊന്നല്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഇന്ത്യന്‍ ദേശീയതയുമായി അവര്‍ മുഖാമുഖം പ്രതിഷ്ഠിച്ചു. കഴിഞ്ഞദിവസം ഫാറൂഖ് കോളജ് അധ്യാപകന്റെ പ്രസംഗത്തോട് പ്രതികരിച്ചവരുടെ ശൈലിയും സമാനമായി തോന്നി.
അധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഹോളി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കോളജില്‍ നടന്ന അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അധ്യാപകന്‍ മറ്റൊരിടത്ത് നടത്തിയ പ്രസംഗം വാര്‍ത്തയാവുന്നത്. വീഡിയോ അതിവേഗം വൈറലായി. വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി.
കേസെടുത്ത നടപടിക്കെതിരേയും പ്രതിഷേധങ്ങളുയര്‍ന്നു. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച കെ എം ഷാജിയോട് മന്ത്രി ബാലന്‍ പറഞ്ഞത്, ജൗഹറിനെതിരേ വകുപ്പുതല അന്വേഷണം നടത്തുമെന്നാണ്.
ഒന്നു നമുക്ക് ഉറപ്പിച്ചുപറയാം. മുസ്‌ലിംകളില്‍ മാത്രമല്ല, മറ്റനേകം മത-ജാതി വിഭാഗങ്ങളിലുള്ളവരിലും ഇത്രത്തോളമോ ഇതിലധികമോ യാഥാസ്ഥിതികത്വം നമുക്കു കണ്ടെത്താനാവും. നമ്മുടെയൊക്കെ വീടുകളിലും അയല്‍പക്കങ്ങളിലും ഇതിലും എത്രയോ പിന്തിരിപ്പന്‍ മൂല്യങ്ങളുള്ളവരെ നമുക്കറിയാം. ഒരു പരിധിവരെ ഈ കൂട്ടത്തില്‍ നമ്മെ തന്നെ നമുക്കു കാണം.
ഉചിതമല്ലാത്ത അഭിപ്രായമായിരുന്നു അധ്യാപകന്റേതെന്നിരിക്കിലും ഒരു ചോദ്യം ബാക്കിയാവുന്നു: അധ്യാപകന്റെ അഭിപ്രായപ്രകടനം ഒരു നിയമപ്രശ്‌നമായിരുന്നോ?
പ്രശ്‌നങ്ങളെ അതിരുകടക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് ആദ്യമായല്ല. നിയമത്തെയും ദേശീയതയുടെ ലോജിക്കിനെയും സര്‍വവ്യാപിയായി കാണുന്ന ചിന്തയുടെ പ്രതിഫലനമാണിത്. ഒരു ദേശരാഷ്ട്രത്തിലെ പൗരന്മാരുടെ മുഴുവന്‍ ചെയ്തികളും ചിന്തകളും രാഷ്ട്രത്തിന്റെ നിയമവ്യവസ്ഥയ്ക്കുള്ളില്‍ പരിശോധിക്കപ്പെടണമെന്ന് ഇത്തരക്കാര്‍ കരുതുന്നു. മക്കളോട് വിയോജിക്കുന്ന അച്ഛന്‍, ശിഷ്യരെ ശാസിക്കുന്ന അധ്യാപകന്‍- ഇവരൊക്കെ നിയമവിരുദ്ധരാണ്. യാഥാസ്ഥിതിക വീക്ഷണങ്ങള്‍ ഒരു സംശയവുമില്ലാതെ നിയമവിരുദ്ധ ആശയങ്ങളാണ്. മുസ്‌ലിംകളോട് ഈ ചോദ്യം നിരന്തരം അവര്‍ ചോദിക്കുന്നു. മുന്‍കാലത്ത് ക്രിസ്ത്യാനികളുടെ ഊഴമായിരുന്നു.
ഇത്തരം ആശയക്കാരുടെ മറ്റൊരു പ്രവണത, നിയമവ്യവസ്ഥയുടെ വിപുലനത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹമാണ്. നിസ്സാരമായ പ്രതികരണങ്ങള്‍ പോലും നിയമം മൂലം നിയന്ത്രിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഹെല്‍മറ്റ് വയ്ക്കാതെ സിനിമയില്‍ അഭിനയിക്കുന്നതിനെ വിലക്കിയ ഒരു പോലിസുകാരന്‍ നമുക്കുണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് 14 സെക്കന്‍ഡില്‍ കൂടുതല്‍ നോക്കുന്നത് നിയമവിരുദ്ധമാണെന്നു പ്രസംഗിച്ചത്.
അതിരുകടന്ന ഭരണഘടനാവാദമോ നിയമവാദമോ ആണ് ഇതെന്നാണ് യാഥാര്‍ഥ്യം. സ്വതന്ത്രചിന്തയേക്കാള്‍ ഫാഷിസ്റ്റ് ചിന്തയിലാണ് ഇതിന്റെ വേര്. ‘ഇഴയുന്ന’ നിയമവ്യവസ്ഥയെ പഴിക്കുന്ന ചിലര്‍ ഏകാധിപത്യത്തെ അനുകൂലിക്കുന്നവരായി കാണാറുണ്ട്. നിയമത്തിന്റെ വ്യവസ്ഥാപിത പ്രയോഗത്തോടും ഇവര്‍ക്ക് വിരോധം തന്നെ. കൊലചെയ്യപ്പെട്ട ആദിവാസി മധു ഇതേ ചിന്തയുടെ ഇരയാണ്.
അതേസമയം, ഈ നിയമവാദങ്ങള്‍ അപരരായി നില്‍ക്കുന്നവര്‍ക്കെതിരേ മാത്രമേ പ്രയോഗിക്കപ്പെടുകയോ ആരോപിക്കപ്പെടുകയോ ചെയ്യാറുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. ജൗഹര്‍ മാസ്റ്റര്‍ പറഞ്ഞതിലും എത്രയോ മോശം പ്രയോഗങ്ങള്‍ എത്രയോ മന്ത്രിമാര്‍ നിയമസഭയില്‍ പോലും നടത്തിയിട്ടുണ്ട്. പൊതുവേദികളില്‍ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയവരുമുണ്ട്. ഇവരൊന്നും ആക്രമിക്കപ്പെടാറോ നിയമനടപടികള്‍ക്കു വിധേയരാവാറോ ഇല്ല. നിയമവാദത്തെ ഫാഷിസത്തിന്റെ പക്ഷത്ത് പെടുത്തുന്നതും അതുകൊണ്ടാണ്.              ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss