|    Nov 16 Fri, 2018 7:34 am
FLASH NEWS
Home   >  Editpage  >  Article  >  

നിയമങ്ങള്‍ ജനദ്രോഹത്തിനാവരുത്

Published : 7th August 2016 | Posted By: SMR

slug-avkshngl-nishdnglഅംബിക

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സിംഹം കൊന്ന പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കളെ പശുസംരക്ഷകര്‍ കൊടിയ പീഡനത്തിന് വിധേയമാക്കിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. അതിനെതിരായ പ്രതിഷേധം അവിടെ ഇപ്പോഴും അലയടിക്കുകയാണ്. നിങ്ങളുടെ മാതാവല്ലേ, നിങ്ങള്‍ സംസ്‌കരിച്ചോ എന്നു പറഞ്ഞ് ചത്ത മാടുകളെ സംസ്‌കരിക്കുന്ന ജോലിയില്‍നിന്ന് ദലിതര്‍ വിട്ടുനിന്നത് ഗുജറാത്തില്‍ വലിയ പ്രശ്‌നമായിരിക്കുന്നു. മാത്രമല്ല, ദലിത് പ്രതിഷേധത്തില്‍ അവിടത്തെ ബിജെപി മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവയ്‌ക്കേണ്ടിയും വന്നു. അതിനു തൊട്ടുപിന്നാലെയാണ് കുറച്ച് പോത്തിറച്ചി കൈവശം വച്ചതിന്റെ പേരില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട സ്ത്രീകളെ സംഘികള്‍ ക്രൂരമര്‍ദ്ദനത്തിനു വിധേയമാക്കിയത്. മാത്രമല്ല, അനധികൃതമായി മാംസം കൈവശംവച്ചെന്ന കുറ്റമാരോപിച്ച് അവരെ ജയിലിലടയ്ക്കുകയും ചെയ്തു. കുറ്റവാളികളെ സ്വതന്ത്രരാക്കാനും യഥാര്‍ഥ ഇരകളെ ജയിലിലടയ്ക്കാനും നിയമപാലകര്‍ കാണിച്ച വ്യഗ്രത ചെറിയ പ്രതിഷേധമൊന്നുമല്ല നാട്ടിലുടനീളമുണ്ടാക്കിയിട്ടുള്ളത്. സംഘികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ കാലിക്കച്ചവടക്കാര്‍ കായികമായും നിയമപരമായും കടുത്ത പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പലപ്പോഴും സ്വന്തം തൊഴിലെടുക്കുന്നതിന്റെ പേരില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയും നിലനില്‍ക്കുന്നു. പരമ്പരാഗതമായി തുടര്‍ന്നുവന്ന തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കേണ്ട നീതിനിര്‍വഹണസംവിധാനങ്ങള്‍ വെറും നോക്കുകുത്തികളായി മാറിയിരിക്കുന്നു. മാത്രമല്ല, നിയമം പലപ്പോഴും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും മനുഷ്യത്വവിരുദ്ധമായി നടപ്പാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയും സംഘപരിവാര ഭരണത്തിന്‍ കീഴില്‍ നിലനില്‍ക്കുന്നു.
എന്നാല്‍, ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് മേധാവിത്വമുള്ള കേരളത്തില്‍ നിയമപാലകര്‍ നടത്തുന്ന ആക്രമണങ്ങള്‍ കണ്ണില്‍പ്പെടാതെ പോവുന്ന അനുഭവങ്ങളുണ്ട്. മാധ്യമങ്ങളില്‍ വലിയ ശ്രദ്ധകിട്ടാതെ പോവുന്ന ഇത്തരം സംഭവങ്ങളില്‍ ഒടുവിലത്തേതാണ് അട്ടപ്പാടിയില്‍ ഈയിടെ നടന്നത്. അട്ടപ്പാടിയിലെ ഷോളയൂര്‍ പഞ്ചായത്തില്‍ ബോഡിച്ചാള ഊരിലുള്ള നാലു യുവാക്കളാണ് ഇരകള്‍. ഇരുളവിഭാഗത്തില്‍പ്പെട്ട ഇവരിപ്പോള്‍ ജയിലിലാണ്. നായപിടിച്ചുകൊന്ന ഒരു മാനിന്റെ ഇറച്ചി, അതും നായ തിന്ന് ബാക്കിയാക്കിയത് ഇവര്‍ ഭക്ഷണമാക്കിയെന്നതാണു കുറ്റം. ഇവരുടെ ബന്ധുക്കള്‍ ഇക്കാര്യം ബോധിപ്പിച്ചിട്ടും നിയമപാലകര്‍ അതിനെ മാന്‍വേട്ടയാക്കി മാറ്റി അവരെ ജയിലിലടയ്ക്കുകയായിരുന്നു. ജാമ്യമെടുക്കാന്‍പോലും ആളില്ലാത്ത ദയനീയാവസ്ഥയിലാണിവര്‍.
വനസംരക്ഷണ നിയമങ്ങള്‍ നടപ്പാക്കപ്പെടേണ്ടവ തന്നെ. എന്നാല്‍, ഇത്രയധികം മനുഷ്യത്വവിരുദ്ധമായി അവ ഒരിക്കലും മാറാന്‍ പാടില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തവും നിയമപാലകര്‍ക്കുണ്ട്. വനാവകാശനിയമം ആദിവാസികള്‍ക്കു നല്‍കുന്ന അവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുമ്പോള്‍ അവ നടപ്പാക്കുന്നതിനായി ഈ ആവേശമൊന്നും ഒരു നിയമപാലകരും കാണിക്കാറില്ല എന്നതാണല്ലോ അനുഭവം. വനാവകാശ നിയമപ്രകാരം പരമ്പരാഗത വനവാസികള്‍ക്ക് വനത്തിലെ വിഭവങ്ങള്‍ ജീവിതാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള അവകാശമുണ്ട്. വനസംരക്ഷണ നിയമങ്ങള്‍ പലപ്പോഴും ആദിവാസിവിരുദ്ധമായി പ്രയോഗിക്കപ്പെടുന്നു എന്നതൊരു യാഥാര്‍ഥ്യമാണ്. ഇത്തരം സംഭവങ്ങളില്‍ ജയിലില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് നിയമസഹായം ലഭ്യമാക്കാനോ എന്തിന് മറ്റു സഹായങ്ങള്‍ നല്‍കാനോപോലും ബന്ധുക്കളടക്കമുള്ളവര്‍ ഭയക്കുകയോ മടിക്കുകയോ ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം.
ബാലപീഡന നിരോധന നിയമം കുട്ടികളുടെ സുരക്ഷയ്ക്കായുള്ളതാണെങ്കിലും അത് ആദിവാസിവിരുദ്ധമാവുന്ന കാഴ്ചയും നാം കാണുകയുണ്ടായി. സമുദായ ആചാരപ്രകാരം നേരത്തേ വിവാഹം കഴിച്ചതിന്റെ പേരിലാണ് പോക്‌സോ നിയമപ്രകാരം വയനാട്ടില്‍ നിരവധിപേര്‍ ജയിലിലടയ്ക്കപ്പെട്ടത്. ഇതിനെതിരായി ശക്തമായ പ്രതിഷേധവും നിയമപോരാട്ടവുമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങളില്‍ കുറ്റവാളികളാവുന്നവരെ സംരക്ഷിക്കാന്‍ നിയമപാലകര്‍ പുലര്‍ത്തുന്ന വ്യഗ്രതയും ചര്‍ച്ചചെയ്യേണ്ടതുണ്ട്. ഈയിടെ കല്‍പ്പറ്റയില്‍ രണ്ട് ആദിവാസി യുവതികളെ ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ കേസെടുക്കാന്‍പോലും പോലിസ് താല്‍പര്യം പ്രകടിപ്പിച്ചില്ല. പ്രതിഷേധമുയര്‍ന്നതിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതാണ് നാട്ടിലെ ആദിവാസികള്‍ക്കു ലഭിക്കുന്ന നിയമപരിരക്ഷ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss